

ലാഹോര്‍: നന്നായി ഗൃഹപാഠം ചെയ്താണ് ലോകകപ്പിനായി ഇന്ത്യയിലേക്കു വരുന്നതെന്നു പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. നായകനടക്കം ടീമിലെ മിക്ക താരങ്ങളും ആദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ കളിക്കാനൊരുങ്ങുന്നതു എന്ന പ്രത്യേകതയുമുണ്ട്. ഏഷ്യാ കപ്പ് നിരാശ മായ്ച്ച് ടീം ആത്മവിശ്വാസം വീണ്ടെടുത്തതായി നായകന്‍ പറഞ്ഞു.
നിലവിലെ ലോകകപ്പ് ടീമിലുള്ള ആഘ സമല്‍മാന്‍, മുഹമ്മദ് നവാസ് എന്നിവര്‍ മാത്രമാണ് നേരത്തെ ഇന്ത്യയില്‍ കളിച്ചിട്ടുള്ളവര്‍. വിസ ലഭിക്കുന്നതിലെ അനിശ്ചിതത്വം നീങ്ങിയതോടെ പാക് ടീം നാളെ ഇന്ത്യയിലെത്തും. രണ്ട് ദിവസം കഴിഞ്ഞ് അവരുടെ ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരവും ആരംഭിക്കും. ഇന്ത്യയിലേക്ക് തിരിക്കും മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബാബര്‍ ടീമിന്റെ ലോകകപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്.
'ഇന്ത്യന്‍ മണ്ണില്‍ നേരത്തെ കളിച്ചിട്ടില്ല എന്നതു ശരിതന്നെ. എന്നാല്‍ അതിന്റെ സമ്മര്‍ദ്ദമൊന്നുമില്ല. ഞങ്ങള്‍ നന്നായി ഗൃഹപാഠം ചെയ്തിട്ടുണ്ട്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ കളിക്കുന്ന അതേ അവസ്ഥ തന്നെയാണ് ഇന്ത്യയിലും എന്നാണ് മനസിലാക്കിയിട്ടുള്ളത്.'
'ലോകകപ്പില്‍ ടീമിനെ നയിക്കുക എന്നത് അഭിമാനകരമായ കാര്യമാണ്. കിരീടം നേടി പാകിസ്ഥാനിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയാണ് ടീമിനു. അഹമ്മദാബാദിലെ വമ്പന്‍ സ്റ്റേഡിയത്തില്‍ കളിക്കാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണ് ഞാന്‍. അതിനായുള്ള തിരക്കും എനിക്കുണ്ട്. കഴിവിന്റെ ഏറ്റവും മികച്ചത് പുറത്തെടുക്കുക എന്നതാണ് ഞാന്‍ മനസിലുറപ്പിച്ചിരിക്കുന്നത്.'
'എങ്കിലും വ്യക്തിഗത മികവിനെക്കുറിച്ചല്ല എന്റെ ചിന്ത. എന്റെ മികവ് ടീമിന്റെ ഫലത്തെ സ്വാധീനിക്കണം. എന്റെ മുന്നിലൊരു ലക്ഷ്യമുണ്ട്. അതു നേടുന്നതിലാണ് പൂര്‍ണ ശ്രദ്ധ. ലോകകപ്പ് എന്നത് മഹത്തായ അവസരമാണ്. അവിടെ ഒരു ഹീറോ ആകാനുള്ള അവസരമാണിത്. കാരണം എല്ലാവരും മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ ശ്രമിക്കും. അവരെ കടത്തി വെട്ടാന്‍ സാധിക്കുന്നത് ഒരു സവിശേഷ അനുഭവമാണ്.'
'മധ്യ ഓവറുകളിലെ ഫീല്‍ഡിങ്, വിക്കറ്റ് വീഴ്ത്താനുള്ള കഴിവ് നഷ്ടപ്പെടല്‍ എന്നിവയാണ് ഏഷ്യാ കപ്പിലടക്കം കണ്ടത്. അതു പരിഹരിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. അത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രദ്ധ. കൂടുതല്‍ കളിക്കുമ്പോഴാണ് കൂടുതല്‍ പാഠങ്ങള്‍ പഠിക്കുക.'
ഫഖര്‍ സമാന്‍, ഷദബ് ഖാന്‍ എന്നിവരുടെ പ്രകടനങ്ങള്‍ സംബന്ധിച്ചു വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇരുവരേയും ബാബര്‍ പിന്തുണച്ചു. അവരുടെ മികവും പാക് ടീമിന്റെ മുന്നേറ്റത്തില്‍ കഴിഞ്ഞ കാലങ്ങളിലെല്ലാം നിര്‍ണായകമായിരുന്നുവെന്നു അദ്ദേഹം ഓര്‍മിപ്പിച്ചു. ഇരു താരങ്ങളിലും തനിക്ക് പൂര്‍ണ വിശ്വാസമാണെന്നും ഡ്രസിങ് റൂമിലെ അന്തരീക്ഷം കളിക്കാരുടെ പ്രകടനത്തെ ബാധിക്കുമെന്നും പാക് നായകന്‍ വ്യക്തമാക്കി.
'പരിക്കേറ്റതിനാല്‍ നസീം ഷാ ലോകകപ്പ് കളിക്കുന്നില്ല. പകരം ഹസന്‍ അലിയെ ടീമിലെടുത്തു. നസീം, ഷഹീന്‍ അഫ്രീദിക്കൊപ്പം ചേര്‍ന്നു പന്തെറിയുമ്പോള്‍ അതു ടീമിനു വ്യത്യസ്ത നേട്ടം തരുന്ന കാര്യമായിരുന്നു. പകരമെത്തുന്ന ഹസന്‍ അലി വളരെ പരിചയ സമ്പത്തുള്ള താരമാണ്. നസീമിന്റെ പകരക്കാരനെ തിരഞ്ഞെടുക്കുക എന്നത് ടീമിനെ സംബന്ധിച്ചു എളുപ്പമുള്ള കാര്യമായിരുന്നില്ല'- ബാബര്‍ പ്രതികരിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates