

മുംബൈ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലേക്ക് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തിരിച്ചെത്തുമ്പോള്‍ പുറത്തേക്ക് പോകുന്ന താരം ആര് എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ കൊഴുക്കുന്നത്. അരങ്ങേറ്റക്കാരന്‍ ശ്രേയസ് അയ്യര്‍ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയും നേടിയതോടെ ഇളക്കം തട്ടുക ആരുടെ സ്ഥാനത്തിനാണെന്നതാണ് ചര്‍ച്ചകളെ ചൂടുപിടിപ്പിക്കുന്ന കാര്യം.
കോഹ്‌ലിയുടെ അഭാവത്തില്‍ ഒന്നാം ടെസ്റ്റില്‍ ടീമിനെ നയിക്കുന്ന അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര അടക്കമുള്ള സീനിയര്‍ ബാറ്റര്‍മാരുടെ സ്ഥാനമാണ് കാര്യമായി ചോദ്യ ചിഹ്നത്തില്‍ നില്‍ക്കുന്നത്. ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് മാറ്റി നിര്‍ത്തപ്പെടാന്‍ സാധ്യതയുള്ള മൂന്ന് പേരുകള്‍. ഇതില്‍ ശ്രേയസ് അയ്യരെ പുറത്തിരുത്താന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കാണുന്നില്ല.
രഹാനെയുടെ ഫോം
കോഹ്‌ലി വരുമ്പോള്‍ സ്ഥാനം ഇളകാന്‍ സാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്ന താരം രഹാനെയാണ്. സമീപ കാലത്തെ മോശം ഫോമാണ് രഹാനെയ്ക്ക് തിരിച്ചടിയായി നില്‍ക്കുന്ന പ്രധാന ഘടകം. അഞ്ച് വര്‍ഷക്കാലം രഹാനെ അടക്കി വാണ അഞ്ചാം നമ്പര്‍ ബാറ്റിങ് പൊസിഷനിലാണ് ശ്രേയസിന്റെ പ്രകടനം എന്നതും മറ്റൊരു കാരണമായി നില്‍ക്കുന്നു. 2021ല്‍ താരത്തിന്റെ പ്രകടനം പരമ ദയനീയമായിരുന്നു. 12 ടെസ്റ്റുകള്‍ കളിച്ച രഹാനെയുടെ ഈ കലണ്ടര്‍ വര്‍ഷത്തെ ആവറേജ് 19.57 ആണ്.
പൂജാര ഓപ്പണിങിലേക്ക്
സ്ഥാനം ചോദ്യം ചിഹ്നത്തില്‍ നില്‍ക്കുന്ന മറ്റൊരു താരം ചേതേശ്വര്‍ പൂജാരയാണ്. ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിങിന്റെ നെടുംതൂണായി പല സന്നിഗ്ധ ഘട്ടങ്ങളിലും പൂജാര നിലയുറപ്പിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് ഇന്നിങ്‌സുകളിലായി താരത്തിന് മൂന്നക്കം കടക്കാന്‍ സാധിക്കാത്തത് എതിരായി നില്‍ക്കുന്ന ഘടകമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ പൂജാരയ്ക്ക് മികവ് കാണിക്കാന്‍ കുറച്ച് കൂടി സമയം അനുവദിക്കാനും സാധ്യത കാണുന്നു. അങ്ങനെയെങ്കില്‍ താരത്തെ ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. ഓപ്പണറായി ചില അവസരങ്ങളില്‍ ഇന്ത്യക്കായി താരം ടെസ്റ്റില്‍ ഇറങ്ങിയിട്ടുമുണ്ട്. ഇറങ്ങിയപ്പോഴെല്ലാം മികച്ച ഇന്നിങ്‌സുകളും പൂജാര കളിച്ചിട്ടുണ്ട്. 2015ലാണ് താരം അവസാനമായി ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്.
മായങ്കോ ഗില്ലോ?
രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ ഓപ്പണിങ് സഖ്യത്തിന്റെ അഭാവത്തില്‍ ഒന്നാം ടെസ്റ്റില്‍ ഓപ്പണര്‍മാരായി ഇറങ്ങിയ മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് പുറത്താകല്‍ സാധ്യതയുള്ള മറ്റ് രണ്ട് പേര്‍. മായങ്ക് രണ്ട് ഇന്നിങ്‌സിലും പരാജപ്പെട്ടപ്പോള്‍ ഗില്‍ ഒന്നാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മായങ്ക് ഇന്ത്യക്കായി ടെസ്റ്റ് കളിക്കാനിറങ്ങിയത്. ഗില്ലാകട്ടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ശേഷമാണ് ടീമിലേക്ക് തിരിച്ചെത്തിയത്. പൂജാരയെ ഓപ്പണറായി രണ്ടാം ടെസ്റ്റില്‍ പരിഗണിച്ചാല്‍ ഇരുവര്‍ക്കും ഒരു പക്ഷേ രണ്ടാം ടെസ്റ്റില്‍ അവസരം ലഭിച്ചേക്കില്ല.
ശ്രേയസിനെ തഴയുമോ?
54 പരിമിത ഓവര്‍ മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ച ശേഷമാണ് ശ്രേയസ് അയ്യര്‍ ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്. രണ്ട് ഇന്നിങ്‌സിലും ഇന്ത്യയുടെ ടോപ് സ്‌കോററായി താരം അരങ്ങേറ്റം അവിസ്മരണീയമാക്കി തന്റെ സ്ഥാനം ശ്രേയസ് ഉറപ്പിക്കുകയും ചെയ്തു. ശ്രേയസിനെ തഴയാന്‍ സാധ്യത കാണുന്നില്ല. എങ്കിലും ബാറ്റിങ് കോമ്പിനേഷന്‍ തലവേദനയായി നില്‍ക്കുന്ന ഘട്ടത്തില്‍ ഒരു പക്ഷേ ശ്രേയസിന്റെ സ്ഥാനത്തിനും ഇളക്കം തട്ടുമെന്ന വിദൂര സാധ്യത നിലനില്‍ക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates