

ബാങ്കോക്ക്: ശ്രീലങ്ക എ വനിതാ ടീമിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ എ വനിതാ ടീം വനിതാ ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ടി20 പോരാട്ടത്തിന്റെ ഫൈനലില്‍. സെമിയില്‍ 5 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയാണ് ഇന്ത്യന്‍ വനിതകള്‍ കലാശപ്പോരിലേക്ക് കുതിച്ചെത്തിയത്. രണ്ടാം സെമിയിൽ ബംഗ്ലാദേശ്- പാകിസ്ഥാൻ പോരാട്ടം. ഇതിൽ ജയിക്കുന്ന ടീം ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 19.4 ഓവറില്‍ 118 റണ്‍സിനു പുറത്താക്കാന്‍ ഇന്ത്യക്കു സാധിച്ചു. വിജയ ലക്ഷ്യമായ 119 റണ്‍സ് ഇന്ത്യ വെറും 13.3 ഓവറില്‍ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അടിച്ചെടുത്തു.
ഇന്ത്യക്കായി ഓപ്പണര്‍ ദിനേഷ് വൃന്ദ 42 റണ്‍സെടുത്ത് ടോപ് സ്‌കോററായി. താരം 20 പന്തില്‍ 8 ഫോറുകള്‍ സഹിതമാണ് അതിവേഗം റണ്‍സടിച്ചത്. അനുഷ്‌ക ശര്‍മ 18 പന്തില്‍ 5 ഫോറുകള്‍ സഹിതം 27 റണ്‍സും കണ്ടെത്തി.
ശ്രീലങ്കയുടെ ബാറ്റിങ് സമയത്ത് ബൗളിങില്‍ തിളങ്ങിയ ക്യാപ്റ്റന്‍ രാധ യാദവ് ബാറ്റിങിലും മികവ് പുലര്‍ത്തി ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ക്യാപ്റ്റന്‍ പുറത്താകാതെ 18 പന്തില്‍ 7 ഫോറുകള്‍ സഹിതം 31 റണ്‍സ് അടിച്ചെടുത്തു. മലയാളി താരം മിന്നു മണി 2 റണ്‍സുമായി റണ്ണൗട്ടായി മടങ്ങി.
നേരത്തെ 3.4 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി രാധ യാദവ് ഇന്ത്യന്‍ ടീമിനെ മുന്നില്‍ നിന്നു നയിച്ചതോടെയാണ് ലങ്കന്‍ വനിതകള്‍ 118ല്‍ ഒതുങ്ങിയത്. തനുജ കന്‍വാര്‍, പ്രേമ റാവത്ത് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ മിന്നു മണി, സയ്മ ഠാക്കൂര്‍ എന്നിവര്‍ പങ്കിട്ടു.
ലങ്കന്‍ നിരയില്‍ നാല് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കടന്നത്. 31 റണ്‍സെടുത്ത സഞ്ജന കവിന്ദിയാണ് ടോപ് സ്‌കോറര്‍. 22 റണ്‍സെടുത്ത ഷഷിനി ജിംഹാനി, 15 റണ്‍സെടുത്ത സത്യ സന്ദീപനി, 14 റണ്‍സെടുത്ത ഹന്‍സിമ കരുണരത്‌നെ എന്നിവരാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates