

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം വനിതാ ക്രിക്കറ്റ് ടീമിലൂടെ. കഴിഞ്ഞ തവണ സ്വന്തമാക്കിയ സ്വര്‍ണം ഹര്‍മന്‍പ്രീതും സംഘവും ഇത്തവണയും നിലനിര്‍ത്തി. ഏഷ്യാ കപ്പില്‍ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയതിനു പിന്നാലെ ശ്രീലങ്കന്‍ വനിതകളെ ഏഷ്യന്‍ ഗെയിംസ് ഫൈനലിലും ഇന്ത്യ വീഴ്ത്തി. 147 റണ്‍സിന്റെ പടുകൂറ്റന്‍ ജയത്തോടെയാണ് ഇന്ത്യയുടെ സ്വര്‍ണ വേട്ട. ബാറ്റിങിലും ബൗളിങിലും ഇന്ത്യന്‍ വനിതകളുടെ സമ്പൂര്‍ണ ആധിപത്യമാണ് ഗ്രൗണ്ടില്‍ കണ്ടത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ റെക്കോര്‍ഡ് ടോട്ടലാണ് പടുത്തുയര്‍ത്തിയത്. 3 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ്. വിജയത്തിലേക്ക് ബാറ്റെടുത്ത ശ്രീലങ്കയുടെ പോരാട്ടം 15.4 ഓവറില്‍ വെറും 69 ണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്കു സാധിച്ചു.
ഏഷ്യന്‍ ഗെയിംസില്‍ ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ 7 ആയി. ഒരു സ്വര്‍ണം, 4 വെള്ളി, 2 വെങ്കലം മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഇന്ത്യക്കായി ഒരിക്കല്‍ കൂടി സ്പിന്നര്‍മാര്‍ കളം വാണു. ദീപ്തി ശര്‍മ, ശ്രേയങ്ക പാട്ടീല്‍, ഷെഫാലി വര്‍മ, ശ്രീചരണി എന്നിവരുടെ പന്തുകള്‍ക്ക് മുന്നില്‍ ലങ്കന്‍ വനിതകള്‍ ഉത്തരംമുട്ടി നിന്നു. ദീപ്തി 4 ഓവറില്‍ വെറും 6 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. ഷെഫാലി, ശ്രീചരണി, ശ്രേയങ്ക പാട്ടീല്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.
കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ശ്രീലങ്കന്‍ നിരയില്‍ ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടുവിന് മാത്രമാണ് ക്രീസില്‍ കുറച്ചു നേരമെങ്കിലും പിടിച്ചു നില്‍ക്കാന്‍ പറ്റിയത്. താരം 21 പന്തില്‍ 5 ഫോറുകള്‍ സഹിതം 29 റണ്‍സെടുത്തു. എന്നാല്‍ ദീപ്തി ശര്‍മ ബൗള്‍ ചെയ്യാന്‍ വന്നതിനു പിന്നാലെ ക്യാപ്റ്റന്റെ ചെറുത്തു നില്‍പ്പും അവസാനിച്ചു. കവിഷ ദില്‍ഹരിയാണ് രണ്ടക്കം കടന്ന മറ്റൊരു ശ്രീലങ്കന്‍ ബാറ്റര്‍. എന്നാല്‍ താരത്തിനും അധികം ആയുസുണ്ടായില്ല. ദീപ്തി തന്നെ കവിഷയേയും മടക്കി. 11 റണ്‍സാണ് താരം നേടിയത്. പുറത്താകാതെ 14 റണ്‍സെടുത്ത കൗശിനി നുത്യാംഗനയാണ് പിടിച്ചു നില്‍ക്കാന്‍ നോക്കിയ മറ്റൊരാള്‍. താരമാണ് ലങ്കന്‍ നിരയില്‍ ഏക സിക്‌സര്‍ പറത്തിയത്.
ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ ടീം ടോട്ടലെന്ന റെക്കോര്‍ഡ് സ്‌കോറുയര്‍ത്തിയാണ് ഇന്ത്യ കളം വാണത്. ഹോങ്കോങ് ചൈന മംഗോളിയക്കെതിരെ നേടിയ 202 റണ്‍സായിരുന്നു ഇതുവരെയുള്ള മികച്ച ടോട്ടല്‍. ഈ റെക്കോര്‍ഡാണ് ഇന്ത്യ പഴങ്കഥയാക്കിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അര്‍ധ സെഞ്ച്വറി നേടിയ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാനയുടേയും സ്മൃതിയ്‌ക്കൊപ്പം മിന്നല്‍ തുടക്കം നല്‍കിയ ഷെഫാലി വര്‍മയുടേയും ഫോമിലേക്ക് മടങ്ങിയെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷിന്റേയും ബാറ്റിങ് കരുത്തിലാണ് റെക്കോര്‍ഡ് സ്‌കോര്‍ ഉയര്‍ത്തിയത്. സ്മൃതി 45 പന്തില്‍ 7 സിക്‌സും 5 ഫോറും സഹിതം 79 റണ്‍സെടുത്തു. ഷെഫാലി മൂന്ന് വീതം സിക്‌സും ഫോറും സഹിതം 29 പന്തില്‍ 48 റണ്‍സുമായും മടങ്ങി.
പിന്നാലെയാണ് റിച്ചയുടെ കാമിയോ ഇന്നിങ്‌സ്. ഫോം കണ്ടെത്താന്‍ സാധിക്കാതെ വിഷമിച്ച താരം നിര്‍ണായക പോരാട്ടത്തില്‍ മികവിലേക്ക് ഉയര്‍ന്നത് ഇന്ത്യക്ക് ബലമായി. റിച്ച 22 പന്തില്‍ 6 ഫോറും 3 സിക്‌സും സഹിതം 49 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം ഇന്ത്യ 25 റണ്‍സ് വാരിയാണ് 216 റണ്‍സെന്ന മി്കച്ച ടോട്ടല്‍ ഉയര്‍ത്തിയത്.
ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്കായി സ്മൃതി- ഷെഫാലി സഖ്യം പറക്കും തുടക്കമാണ് നല്‍കിയത്. ഓപ്പണിങില്‍ ഇരുവരും ചേര്‍ന്നു 10 ഓവറില്‍ 99 റണ്‍സെടുത്താണ് പിരിഞ്ഞത്. പത്താം ഓവറിലെ അവസാന പന്തിലാണ് ഷെഫാലി അര്‍ധ സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ വീഴുന്നത്. ബംഗ്ലാദേശിനെതിരെ കത്തും ഫോമില്‍ ബാറ്റ് വീശിയ ഇരുവരും സമാന മികവ് ഫൈനലിലും ആവര്‍ത്തിച്ചു.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 17 പന്തില്‍ 19 റണ്‍സുമായി മടങ്ങി. ഭാരതി ഫൂല്‍മാലി 7 റണ്‍സുമായി പുറത്താകാതെ നിന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates