

ബ്രസീലിയ: സ്വപ്‌നത്തില്‍ പോലും കാണാന്‍ കഴിയില്ല. ബ്രസീലില്‍ നടന്ന ഒരു ഫുട്‌ബോള്‍ മത്സരത്തില്‍ റഫറി ഉയര്‍ത്തിയത് 51 റെഡ് കാര്‍ഡുകള്‍. തുടര്‍ന്ന് കളി പാതിവഴിയില്‍ അവസാനിപ്പിച്ചു. റെഡ്കാര്‍ഡില്‍ ലോകറെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ഈ മത്സരം. മിനാസ് ഗെറൈസിലെ എസ്റ്റാഡിയോ പാര്‍ക്ക് ഡോ സബിയ സ്റ്റേഡിയത്തില്‍ നടന്ന അണ്ടര്‍-20 കാംപിയോനാറ്റോ മിനെയ്‌റോ (സെക്കന്‍ഡ് ഡിവിഷന്‍) സെമിഫൈനലില്‍ ആതിഥേയരായ ഉബര്‍ലാന്‍ഡിയയും അയല്‍ക്കാരായ മമോറെയും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴായിരുന്നു സംഭവം.
43 കളിക്കാര്‍ക്കും 8 കോച്ചിങ് സ്റ്റാഫുകള്‍ക്കുമാണ് റെഡ് കാര്‍ഡ് ലഭിച്ചത്. ഇതോടെ കളി 60 മിനിറ്റായപ്പോഴെക്കും പൂര്‍ണ്ണമായി ഉപേക്ഷിക്കേണ്ടി വന്നു. രണ്ടാം പകുതിയുടെ 54-ാം മിനിറ്റില്‍ മമോറെ ഗോള്‍ നേടി 3-1ന് മുന്നിലെത്തിയതോടെയാണ് ഗ്രൗണ്ടില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
രണ്ടാം പകുതിയില്‍ മമോറെയുടെ ഡാവി ഗോള്‍ നേടി സ്‌കോര്‍ 3-1 എന്ന നിലയില്‍ നില്‍ക്കെ എതിര്‍ ടീമിന്റെ ബെഞ്ചിനെ പരിഹസിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. തുടര്‍ന്ന് ഉബര്‍ലാന്‍ഡിയയുടെ ഗോള്‍കീപ്പിങ് കോച്ച് പൗലോ സെര്‍ജിയോ ഡയസ് ഡോസ് സാന്റോസ് മൈതാനത്തേക്ക് ഓടിക്കയറി അദ്ദേഹത്തെ നേരിട്ടു. ഇത് കളിക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടലിലും കൂട്ട പുറത്താക്കലുകളിലും കലാശിച്ചു. ഇതിനു മുന്‍പ് തന്നെ കളിയില്‍ മൂന്ന് കളിക്കാര്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു.
നിരവധി പേര്‍ക്ക് റെഡ് കാര്‍ഡുകള്‍ കണ്ടതോടെ മമോറെയ്ക്ക് ടീമില്‍ ഇനി 7 കളിക്കാര്‍ മാത്രമാണ് ബാക്കിയുള്ളത്. അതിനാല്‍ സെമിഫൈനലിന്റെ രണ്ടാം പാദത്തില്‍ നിന്ന് തങ്ങള്‍ പിന്മാറുന്നതായി ഉബര്‍ലാന്‍ഡിയ സ്ഥിരീകരിച്ചു. ഇത് മമോറെയ്ക്ക് ഫൈനലിലേക്ക് മുന്നേറാന്‍ അവസരമൊരുക്കുന്നതാണെന്നും തങ്ങള്‍ ഇനി മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഉബര്‍ലാന്‍ഡിയ വ്യക്തമാക്കി.
2011ല്‍ അര്‍ജന്റീനയിലെ അഞ്ചാം ഡിവിഷന്‍ മത്സരത്തില്‍ ക്ലബ് അത്‌ലറ്റിക്കോ ക്ലേപോള്‍ - വിക്ടോറിയാനോ അരീനാസ് പോരാട്ടത്തിനിടെ നല്‍കിയ 36 റെഡ് കാര്‍ഡുകളുടെ റെക്കോര്‍ഡാണ് ഇതോടെ തിരുത്തിക്കുറിക്കപ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates