മുംബൈ: ഐപിഎല്ലിൽ ഈ സീസണിൽ ഇതുവരെയായി ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത താരമാണ് രാജസ്ഥാൻ റോയൽസിന്റെ യുസ്‌വേന്ദ്ര ചഹൽ. ഇപ്പോഴിതാ താരത്തിന്റെ ബാറ്റിങ് പരിശീലനം വൈറലായി മാറിയിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റൻസിനെതിരായി ഇന്നു നടക്കുന്ന ഐപിഎൽ മത്സരത്തിനു മുന്നോടിയായുള്ള രാജസ്ഥാൻ റോയൽസ് ടീമിന്റെ പരിശീലന സെഷനിലാണ് ചഹൽ താരമായത്.
സാധാരണ ഗതിയിൽ ബൗളിങ്ങിൽ കാര്യമായി പരിശീലനം നടത്താറുള്ള ചഹൽ ഇത്തവണ പക്ഷേ മാറ്റിപ്പിടിച്ചു. ഹെൽമെറ്റും പാഡുമണിഞ്ഞ് ചഹൽ കഠിനമായ ബാറ്റിങ് മുറകളിൽ ഏർപ്പെടുന്ന പരിശീലന വീഡിയോ രാജസ്ഥാൻ റോയൽസ് ടീം ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കിട്ടു.
സഹ താരങ്ങളായ സഞ്ജു സാംസൺ, ഷിമ്രോൺ ഹെറ്റ്മയർ എന്നിവരോട് പരിശീലന സെഷൻ റെക്കോർഡ് ചെയ്യാനും തന്നെ പഠിപ്പിക്കാനും ചഹൽ പറയുന്നതും വീഡിയോയിലുണ്ട്. സെഷൻ അവസാനിക്കുമ്പോൾ ഇന്ത്യൻ സഹതാരം രവീന്ദ്ര ജഡേജയുടെ ബാറ്റു ചുഴറ്റിക്കൊണ്ടുള്ള ആഘോഷ പ്രകടനവും ചെഹൽ അനുകരിക്കുന്നുണ്ട്.
പരിശീലനത്തിനിടെ തന്നോട് എന്തോ പറയാൻ ശ്രമിക്കുമ്പോഴാണ് ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറെ ചഹൽ ട്രോളിയത്. ‘ഓപ്പണർ സ്ഥാനത്തേക്കു വെല്ലുവിളി ഉയരുന്നതിൽ താങ്കൾ അസൂയപ്പെട്ടിട്ട് എന്താണു കാര്യം’– ചഹൽ ബട്ലറോട് ചോദിച്ചു.
എന്തായാലും ചഹലിന്റെ ബാറ്റിങ് വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ തരംഗം തീർത്തു. നാല് മത്സരങ്ങളിൽ നിന്നു നേടിയ 11 വിക്കറ്റോടെയാണ് നിലവിൽ ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരിൽ ചഹൽ പർപ്പിൾ ക്യാപ് സ്വന്തമാക്കിയത്.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates