

ഷാര്‍ജ: ഒറ്റ ടെസ്റ്റ് പോരാട്ടം, കളിച്ചത് 3 ഇന്നിങ്‌സുകള്‍ മാത്രം, ആകെ പിറന്നത് 1541 റണ്‍സ്. അഫ്ഗാനിസ്ഥാനും സിംബാബ്‌വെയും തമ്മിലുള്ള ഒന്നാം ടെസ്റ്റ് 5 ദിവസം കളിച്ചപ്പോള്‍ ഫലം സമനിലയായെങ്കിലും റണ്‍സുകളുടെ മഹോത്സവം തന്നെയാണ് ഷാര്‍ജ സ്‌റ്റേഡിയത്തില്‍ കണ്ടത്. മൂന്ന് ഇന്നിങ്‌സിനിടെ രണ്ട് ടീമിലേയും ഏഴ് ബാറ്റര്‍മാര്‍ സെഞ്ച്വറിയും നേടി.
ആദ്യം ബാറ്റ് ചെയ്ത് സിംബാബ്‌വെ ഒന്നാം ഇന്നിങ്‌സില്‍ 504 റണ്‍സില്‍ ഓള്‍ ഔട്ട്. അഫ്ഗാനിസ്ഥാന്‍ ഒന്നാം ഇന്നിങ്‌സില്‍ നേടിയത് 514 റണ്‍സ്. രണ്ടാം ഇന്നിങ്‌സില്‍ സിംബാബ്‌വെ നേടിയത് 5 വിക്കറ്റ് നഷ്ടത്തില്‍ 523 റണ്‍സ്. ഒരു ടെസ്റ്റ് പോരാട്ടത്തിന്റെ രണ്ട് ഇന്നിങ്‌സിലും 500ന് മുകളില്‍ റണ്‍സ് നേടുന്ന ലോകത്തെ ആദ്യ രാജ്യമെന്ന റെക്കോര്‍ഡും മത്സരത്തില്‍ സിംബാബ്‌വെ സ്വന്തമാക്കി.
ഒന്നാം ഇന്നിങ്‌സില്‍ സിംബാബ്‌വെയ്ക്കായി വെറ്ററന്‍ താരം ബ്രണ്ടന്‍ ടെയ്‌ലര്‍ (131), ക്യാപ്റ്റന്‍ ബ്രിയാന്‍ ബെന്നറ്റ് (128) എന്നിവരാണ് സെഞ്ച്വറി നേടിയത്. വെസ്‌ലി മധെവേരെ (54) അര്‍ധ സഞ്ച്വറി നേടി.
അഫ്ഗാനിസ്ഥാന് ഒന്നാം ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചത് 3 താരങ്ങളുടെ സെഞ്ച്വറിയാണ്. ഓപ്പണര്‍ സെദിഖുല്ല അടല്‍ (105), റഹ്മാനുല്ല (113), ക്യാപ്റ്റന്‍ റഹ്മത് ഷാ (173) എന്നിവരാണ് ശതകം കുറിച്ചത്.
രണ്ടാം ഇന്നിങ്‌സില്‍ സിംബാബ്‌വെയ്ക്കായി ക്രെയ്ഗ് ഇര്‍വിന്‍ (206) ഇരട്ട സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. ഒന്നാം ഇന്നിങ്‌സിലെ അര്‍ധ സെഞ്ച്വറി വെസ്‌ലി മധെവേരെ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറിയായി പരിവര്‍ത്തിപ്പിച്ചു. താരം പുറത്താകാതെ 100 റണ്‍സില്‍ നില്‍ക്കെ മത്സരം സമനിലയില്‍ പിരിയുകയും ചെയ്തു. ബ്രണ്ടന്‍ ടെയ്‌ലര്‍ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി വക്കിലാണ് മടങ്ങിയത്. താരം 82 റണ്‍സെടുത്തു. ബ്രിയാന്‍ ബെന്നറ്റും രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി (58) നേടി. ആന്റം നഖ്‌വി (61)യും അര്‍ധ സെഞ്ച്വറി നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates