

ബംഗളൂരു: ഐപിഎല്ലിൽ തുടർച്ചയായി അഞ്ച് മത്സരങ്ങളിലും തോറ്റ് നാണക്കേടിന്റെ പടുകുഴിയിലാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. സ്വന്തം തട്ടകത്തിൽ ഇന്നലെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ വിജയിച്ച മത്സരം കൈവിട്ടുപോയതിന്റെ നിരാശയിലാണ് ടീം. 205 റൺസ് നേടിയിട്ടും അത് പ്രതിരോധിക്കാൻ സാധിക്കാതെ പോയതാണ് ബാംഗ്ലൂരിന് വിനയായത്. 13 പന്തിൽ 48 റൺസ് വാരിയ കൊൽക്കത്തയുടെ ആന്ദ്രെ റസ്സലിന്റെ ബാറ്റിങ് ബാംഗ്ലൂരിന്റെ സകല കണക്കുകൂട്ടലും തെറ്റിച്ചുകളയുകയായിരുന്നു. തോൽവി ബാംഗ്ലൂരിന്റെ പ്ലേയോഫ് സാധ്യതകളിൽ കരിനിഴൽ വീഴ്ത്തി.
തോൽവിക്ക് പിന്നാലെ ബൗളർമാരെ കണക്കിന് വിമർശിച്ച് ക്യാപ്റ്റൻ വിരാട് കോഹ്‌ലി രംഗത്തെത്തി. അവസാന നാലോവറിൽ കൊൽക്കത്തയ്ക്ക് ജയിക്കാൻ 66 റൺസ് വേണമെന്നിരിക്കെ അത് പ്രതിരോധിക്കാൻ സാധിക്കാത്തതിൽ നായകൻ കടുത്ത അമർഷം പ്രകടിപ്പിച്ചു. റസ്സലിന്റെ തീപ്പൊരി പ്രകടനത്തിന് മുന്നിൽ ബാംഗ്ലൂർ ബൗളർമാർ പതറിപ്പോയതോടെ അവർ കളി കൈവിട്ടു.
ഡെത്ത് ഓവറുകളിലെ ടീമിന്റെ കൃത്യതയില്ലാത്ത ബൗളിങാണ് ടീമിന്റെ തോൽവിക്ക് കാരണമെന്ന് കോഹ്‌ലി തുറന്നടിച്ചു. അവസാന നാലോവർ എറിഞ്ഞ രീതി അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. നാലോവറിൽ 75 റൺസ് പ്രതിരോധിക്കാൻ സാധിക്കുന്നില്ലെങ്കിൽ അത് 100 റൺസായാലും പ്രതിരോധിക്കാൻ കഴിയില്ലെന്ന് കോഹ്‌ലി പറഞ്ഞു. നിരാശാജനകമായ സീസണിലൂടെയാണ് ബാംഗ്ലൂർ കടന്ന് പോകുന്നതെന്ന് പറഞ്ഞ കോഹ്‌ലി പക്ഷേ ഇപ്പോഴും ടീമിന്റെ പ്ലേ ഓഫ് സാധ്യതകളിൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates