കളി മുഹബത്തിന്റെ ആഴ്‌സണല്‍ പടപ്പാട്ട്;  'കേരള ഘടകം'

ഇന്ത്യന്‍ ഗൂണര്‍ വീഡിയോയില്‍ നിന്നുള്ള ചിത്രം
ഇന്ത്യന്‍ ഗൂണര്‍ വീഡിയോയില്‍ നിന്നുള്ള ചിത്രം
Updated on
2 min read

പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന മത്സരമാണെന്നുള്ള അലസതയൊന്നുമുണ്ടായിരുന്നില്ല ആഴ്‌സണല്‍ ലെസ്റ്റര്‍ മത്സരത്തിന്. തുടരെ തുടരെ ആക്രമണങ്ങള്‍. ചെറുത്ത് നില്‍പ്പ്. പ്രത്യേക്രമണം. 67മത് മിനുട്ടില്‍ ഒലിവര്‍ ജിറൗഡ് എന്ന ഫ്രഞ്ചുകാരന്‍ പകരക്കാരനായി ഇറങ്ങുമ്പോള്‍ തോല്‍വിയോടെ സീസണിനു തുടക്കമെന്നാണ് ആരാധകരും വിചാരിച്ചിരുന്നത്. 85മത് മിനുട്ടില്‍ പക്ഷേ ജിറൗദ് ലെസ്റ്റര്‍ വലയിലേക്കു പന്ത് തലകൊണ്ടു ചെത്തി വിടുമ്പോള്‍ എമിറേറ്റ്‌സ് ഇളകി മറിഞ്ഞു. ഈ ഇളകിമറിയലിന്റെ അലയൊലി ഇങ്ങ് കൊച്ചിയിലെ അരീന കഫെ വരെയെത്തി.

മോര്‍ ദാന്‍ എ ക്ലബ്ബ് എന്ന് ബാഴ്‌സലോണയെ വിശേഷിപ്പിക്കുമ്പോള്‍ ആഴ്‌സണലിനെ തങ്ങള്‍ എങ്ങനെ വിശേഷിപ്പിക്കുമെന്നാണ് ആഴ്‌സണല്‍ കേരള സപ്പോട്ടേഴ്‌സ് ക്ലബ്ബ് ചോദിക്കുന്നത്. മോര്‍ ദാന്‍ എ ക്ലബ്ബിന്റെ കഥ വേറെയുണ്ട്. ഇത് പ്രീമിയര്‍ ലീഗിന്റെ 'നല്ല' കളിക്കാരുടെ കഥയാണ്. അല്ല ആയിരക്കണിക്കിനു മൈല്‍ അകലെയുള്ള ഒരു ക്ലബ്ബിനെ നെഞ്ചോടു ചേര്‍ക്കുന്ന ഒരു കൂട്ടം ആരാധകരുടെ കഥ. കളിമെനയലിന്റെയും കളിയൊഴുക്കിന്റെയും പ്രീമിയര്‍ ലീഗിലെ വക്താക്കളായ ആഴ്‌സണലിന്റെ കേരള ആരാധകരുടെ തങ്ങളുടെ ടീമിനോടുള്ള മുഹബ്ബത്തിന്റെ കഥ.

ഇന്ത്യന്‍ ഗൂണര്‍ വീഡിയോയില്‍ സിദ്ധാര്‍ത്ഥ് മടത്തില്‍ക്കാട്ട്.-വീഡിയോ ചിത്രം
ഇന്ത്യന്‍ ഗൂണര്‍ വീഡിയോയില്‍ സിദ്ധാര്‍ത്ഥ് മടത്തില്‍ക്കാട്ട്.-വീഡിയോ ചിത്രം

ഈ കഥയൊരുക്കിയിരിക്കുന്നതാകട്ടെ ഒരു കിടിലന്‍ ഹിപ്പ് ഹോപ്പ് പാട്ടിലും. ഇന്ത്യന്‍ ഗൂണര്‍ എന്ന പേരിലാണ് പാട്ട്. ആഴ്‌സണലിന്റെ ആരാധകര്‍ക്കു പറയുന്ന പേരാണ് ഗൂണര്‍. കുട്ടിക്കാലം മുതല്‍ പന്തുകളി ടിവിയില്‍ കണ്ടു തുടങ്ങുമ്പോള്‍ ആഴ്‌സണല്‍ എങ്ങനെ നെഞ്ചില്‍ കയറിപ്പറ്റി എന്നതു തൊട്ട് എന്തു കൊണ്ട് ആഴ്‌സണല്‍ എന്നുവരെയാണ് ഹിപ്പ് ഹോപ്പ് സ്റ്റൈലില്‍ പാട്ടിലൂടെ പറയുന്നു. 

ആഴ്‌സണല്‍ കേരള സപ്പോര്‍ട്ടേഴ്‌സ് അംഗങ്ങള്‍
ആഴ്‌സണല്‍ കേരള സപ്പോര്‍ട്ടേഴ്‌സ് അംഗങ്ങള്‍

റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബാഴ്‌സലോണ തുടങ്ങി വമ്പന്‍ ക്ലബ്ബുകള്‍ക്കു വമ്പന്‍ ആരാധകരാണ് കേരളത്തിലുള്ളതെങ്കിലും സിദ്ധാര്‍ത്ഥ് മടത്തില്‍ക്കാട്ട് ഒരു യഥാര്‍ത്ഥ ഗൂണര്‍ ആയി. സിദ്ധാര്‍ത്ഥാണ് ഈ പാട്ടൊരുക്കിയിരിക്കുന്നത്. മെസൂത് ഓസിലിനെ പോലെ മിഡ്ഫീല്‍ഡില്‍ ക്രിയേറ്റീവ് മാസ്റ്ററാകുന്ന ടീമിന്റെ ആരാധകരും അങ്ങനെ ആയില്ലെങ്കിലേ അത്ഭുതമൊള്ളൂ. വന്‍കിട ക്ലബ്ബുകളുടെ കേരള ആരാധകരൊന്നും ചെയ്യാത്ത രീതിയിലാണ് സിദ്ധാര്‍ത്ഥിന്റെ ഇന്ത്യന്‍ ഗൂണര്‍. 

പാട്ടില്‍ അഭിനയിക്കുന്ന 12 വയസുകാരന്‍ ജുവല്‍ തൊട്ടു ഗണ്ണേഴ്‌സോറസ് വരെ കറകളഞ്ഞ ആഴ്‌സണല്‍ ഫാന്‍സ് ആണ്. ആലപ്പുഴ, കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളിലാണ് പാട്ടിന്റെ ചിത്രീകരണം നടന്നത്. സിദ്ധാര്‍ത്ഥ് കണ്‍സപ്റ്റുമായി വന്നപ്പോള്‍ തന്നെ ഓക്കെ പറഞ്ഞു തുടങ്ങിയെന്ന് മ്യൂസിക്ക് വീഡിയോയുടെ സംവിധായകനും ഗൂണറുമായ ചാള്‍സ് രാജും പറഞ്ഞു. സിദ്ധാര്‍ത്ഥിന്റെ Mr.Spin റാപ്പ് ഒരുക്കിയിരിക്കുന്നത്.

മ്യൂസിക്കും ഫുട്‌ബോളും ചേര്‍ന്നൊരു കോമ്പിയൊരുക്കുമ്പോള്‍ അതിലേക്ക് ഏറ്റവും നന്നായി ചേരുക ആഴ്‌സണല്‍ തന്നെയാണ്. ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോളിനെപ്പോലെ അവരുടെ കളിയിലൊരു മുഹബത്തുണ്ട്. ആ മുഹബത്താണ് ഇതുപോലുള്ള ക്രിയാത്മക ഒഴുക്കിന്റെയും കാതല്‍. സീസണിന്റെ തുടക്കത്തില്‍ തന്നെ ഗംഭീര തിരിച്ചുവരവ് നടത്തി ലെസ്റ്റര്‍ സിറ്റിയെ മൂന്നിനെതിരേ നാല് ഗോളുകള്‍ക്കു തോല്‍പ്പിച്ച ആഴ്‌സണല്‍ ഇത്തവണ കിരീടം നേടുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com