

കൊൽക്കത്ത: ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും വലിയ എന്റർടൈനർ പദവി അലങ്കരിക്കുന്നത് വെസ്റ്റിൻഡീസിന്റെ ആന്ദ്രെ റസ്സലാണ്. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ മിക്ക മത്സരത്തിലും തന്റെ തീക്കാറ്റ് പടർത്തുന്ന ബാറ്റിങുമായി റസ്സൽ മുന്നിൽ നിന്ന് നയിച്ചു. നിലവിൽ എതിർ ടീമുകൾ പേടിക്കുന്ന പേരാണ് റസ്സലിന്റേത്.
കൊൽക്കത്തയ്ക്ക് ആശങ്കയുണ്ടാക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. നാളെ റോയൽ ചലഞ്ചേഴ്സിനെതിരായ പോരിനിറങ്ങുന്ന കൊൽക്കത്ത നിരയിൽ റസ്സലിന്റെ സാന്നിധ്യമുണ്ടാകുമെന്ന കാര്യം സംശയത്തിലായി. പരിശീലനത്തിനിടെ പരുക്കേറ്റതാണ് താരത്തിനും ടീമിനും വിനയായിരിക്കുന്നത്.
പരിശീലനത്തിനിടെ നെറ്റ് ബൗളറുടെ പന്ത് റസ്സലിന് പരുക്കേറ്റിരിക്കുന്നത്. ബാംഗ്ലൂരിനെതിരെ നാളെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെയായിരുന്നു സംഭവം. നെറ്റ് ബൗളറുടെ പന്ത് ഇടത്തേ തോളിൽ കൊണ്ട് റസ്സൽ വേദന കൊണ്ട് പുളയുകയും ഉടൻ തന്നെ നിലത്തിരിക്കുകയുമായിരുന്നു.
മിനാദ് മഞ്ജരേക്കർ എന്ന യുവ താരത്തിന്റെ അതിവേഗ ബൗൺസറാണ് റസ്സലിനെ പരുക്കേൽപ്പിച്ചത്. പന്ത് കൊണ്ട ഉടൻ തന്നെ കൊൽക്കത്തൻ ടീം ഫിസിയോ റസ്സലിനരികിലേക്ക് ഓടിയെത്തുകയും തുടർന്ന് അദ്ദേഹം താരവുമായി മൈതാനം വിടുകയുമായിരുന്നു. ഇതിന് ശേഷം കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ താരത്തെ എംആർഐ സ്കാനിങിന് താരത്തെ വിധേയനാക്കി.
ഇന്ന് വൈകീട്ടോടെ സ്കാനിങ് ഫലം പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് ശേഷം മാത്രമേ താരത്തിന് അടുത്ത മത്സരത്തിൽ കളിക്കാനാകുമോ എന്ന് പറയാനാകൂ. 213.70 ശരാശരിയിൽ ഈ സീസണിൽ ഇതുവരെ റസ്സൽ 312 റൺസാണ് അടിച്ചുകൂട്ടിയിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates