

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിത് ശർമ 63 റൺസുമായി പുറത്താകാതെ നിൽക്കെ ഇന്നിങ്സ് ഡിക്ലയർ ചെയ്ത ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കെതിരെ ആരാധകരുടെ രോഷം. കോഹ്‌ലിക്ക് രോഹിത് ശർമയോട് അസൂയ മൂത്തിട്ടാണ് ഇന്നിങ്സ് അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ആരാധകർ പ്രതികരിച്ചു. ഇന്ത്യ ഡിക്ലയര്‍ ചെയ്തത് ശരിയായ സമയത്തല്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഏഴ് വിക്കറ്റിന് 443 റണ്‍സെന്ന നിലയില്‍ നില്‍ക്കവെയാണ് രണ്ടാം ദിനം ഇന്ത്യ ഡിക്ലയര്‍ ചെയ്യുന്നത്.
രോഹിത് ശര്‍മ മികച്ച ഫോമില്‍ നില്‍ക്കവെ ഡിക്ലയര്‍ ചെയ്തതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ട്വിറ്ററില്‍ കടുത്ത ഭാഷയിലാണ് കോഹ്‌ലിയെ ആരാധകര്‍ വിമര്‍ശിക്കുന്നത്. എന്തൊരു വിഡ്ഢിത്തമാണ് കോലി മെല്‍ബണില്‍ കാണിച്ചതെന്നും എന്തു കൊണ്ടാണ് കോഹ്‌ലിക്ക് രോഹിത് ശര്‍മയോട് ഇത്ര അസൂയയെന്നും ഒരു ആരാധകൻ ട്വീറ്റ് ചെയ്തു. എന്തു കൊണ്ടാണ് കോഹ്‌ലി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതെന്നും ഒരു ആറോവര്‍ കൂടിയെങ്കിലും അദ്ദേഹത്തിന് കാത്തു നില്‍ക്കാമായിരുന്നില്ലേയെന്നും മറ്റൊരാരാധകൻ അഭിപ്രായപ്പെട്ടു.
കോഹ്‌ലി മികച്ച കളിക്കാരനാണെങ്കിലും ലോകത്തില്‍ ഏറ്റവും മോശമായി പെരുമാറുന്ന കായിക താരമാണെന്ന നസിറുദ്ദീന്‍ ഷായുടെ വാക്കുകളാണ് ഓര്‍മ വന്നത്. രോഹിത് ക്രീസില്‍ നില്‍ക്കവെ അസൂയ കൊണ്ടു മാത്രമാണ് കോഹ്‌ലി ഇങ്ങനെയൊരു രീതിയില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതെന്നും തീരുമാനങ്ങളെടുക്കുന്നതില്‍ കോലി ദുര്‍ബലനാണെന്ന് ഇതോടെ തെളിയിച്ചിരിക്കുകയാണെന്നും ട്വീറ്റില്‍ പറയുന്നു. രോഹിത് ശര്‍മ തന്റെ സ്‌കോര്‍ മറികടക്കാതിരിക്കുന്നതിനു വേണ്ടിയാണ് കോഹ്‌ലി ധൃതി പിടിച്ച് ഇന്ത്യയുടെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുന്നതായി പ്രഖ്യാപിച്ചത് എന്നായിരുന്നു മറ്റൊരു ആരാധകന്റെ ട്വീറ്റ്.
നേരത്തെ ഇന്ത്യയുടെ മുന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും കോഹ്‌ലി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത സമയം ശരിയായില്ലെന്ന് ട്വീറ്റ് ചെയ്തു. രോഹിത് ക്രീസിലുള്ളപ്പോല്‍ ഇന്ത്യക്കു 50-75 റണ്‍സ് വരെയോ, ചിലപ്പോള്‍ അതില്‍ കൂടുതലോ റണ്‍സെടുക്കാനുള്ള അവസരമുണ്ടായിരുന്നു. രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ് കുറച്ചുകൂടി ദുഷ്‌കരമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates