

മുംബൈ: ഡങ്കന്‍ ഫഌച്ചറുടെ പകരക്കാരനായി സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ ഇന്ത്യന്‍ പരിശീലകനായി എത്തിയതും പിന്നീട് കാലാവധി തികയും മുന്‍പ് തന്നെ അദ്ദേഹം സ്ഥാനമൊഴിഞ്ഞതും നേരത്തെ വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. ഇടക്കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ വിവാദമായി വിരാട് കോഹ്‌ലി അനില്‍ കുംബ്ലെ തര്‍ക്കം മാറുകയും ചെയ്തിരുന്നു. സച്ചിനും ഗാംഗുലിയും ലക്ഷ്മണും അടങ്ങിയ ഉപദേശക സമിതിയാണ് കുംബ്ലെയെ പരിശീലകനായി നിയമിച്ചത്.
ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അധ്യക്ഷനായി എതിരില്ലാതെ തിരഞ്ഞെടുത്തതോടെ വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണ സമിതിയുടെ പ്രവര്‍ത്തനം അവസാനിച്ചു. ഇപ്പോഴിതാ കുംബ്ലെ- കോഹ്‌ലി വിവാദവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് വിനോദ് റായ്.
കുംബ്ലെ ഇന്ത്യന്‍ ടീമിന്റെ പരിശീലനായിരിക്കെ അദ്ദേഹവുമൊത്ത് തുടര്‍ന്നു പോകാന്‍ ക്യാപ്റ്റന്‍ കോഹ്‌ലിക്ക് താത്പര്യമില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പിന്നാലെയാണ് കുംബ്ലെ പരിശീലക സ്ഥാനത്ത് നിന്ന് രാജിവച്ചത്. ഇരുവരും തമ്മിലുണ്ടായിരുന്ന തര്‍ക്കത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് വിനോദ് റായ്.
ഇന്ത്യന്‍ ടീമിന് ലഭിക്കാവുന്ന ഏറ്റവും മികച്ച പരിശീലകനായിരുന്നു കുംബ്ലെയെന്ന് വിനോദ് റായ് വ്യക്തമാക്കി. കുംബ്ലെ പരിശീലകനായി തുടരുന്നതില്‍ കോഹ്‌ലിക്ക് എതിര്‍പ്പുണ്ടായിരുന്നു. പരിശീലക സ്ഥാനമൊഴിഞ്ഞ് പോയതില്‍ കുംബ്ലെയോട് ബഹുമാനമുണ്ട്. ഇരുവരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇടപെടണമെന്ന് സച്ചിനോടും ഗാംഗുലിയോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അവര്‍ക്ക് കഴിയാത്തത് തനിക്കും കഴിയില്ലായിരുന്നുവെന്നും വിനോദ് റായ് പറഞ്ഞു.
കുംബ്ലെയ്ക്ക് കരാര്‍ നീട്ടികൊടുക്കണമെന്ന് തന്നെയായിരുന്നു ആഗ്രഹം. എന്നാല്‍ പഴയ കരാര്‍ നീട്ടാനുള്ള യാതൊരു ഉടമ്പടിയും ഇല്ലായിരുന്നു. കുംബ്ലെ പരിശീലക സ്ഥാനത്ത് തുടടേണ്ടതിന്റെ പ്രാധാന്യം കോഹ്‌ലിയെ പറഞ്ഞ് മനസിലാക്കുന്നതില്‍ സച്ചിനും ഗാംഗുലിയും വിജയിച്ചില്ലെന്നും വിനോദ് റായ് കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates