

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റൻ കൂൾ എന്ന് വിശേഷമുള്ള താരമാണ്. മൈതാനത്തെ ഏത് സന്നിഗ്ധ ഘട്ടത്തിൽ പോലും അത്ര തന്മയത്വത്തോടെയും ശാന്തമായും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനാലാണ് ധോണിക്ക് ഇന്ത്യൻ നായകനായ കാലത്തുതന്നെ ഈ വിശേഷണം ചാർത്തിക്കിട്ടിയത്. എന്നാൽ തന്റെ ശാന്തത ധോണി എപ്പോഴെങ്കിലും കൈവിട്ടിട്ടുണ്ടോ.
ഉണ്ട് എന്ന ഉത്തരമാണ് ഐപിഎല്ലിൽ ഇന്നലെ നടന്ന കിങ്സ് ഇലവൻ പഞ്ചാബ് മത്സരത്തിനിടെ കണാൻ സാധിച്ചത്. മത്സരത്തിൽ സഹ താരം ദീപക് ചഹർ തുടർച്ചയായി നോബോളുകൾ എറിഞ്ഞതായിരുന്നു ധോണിയുടെ ശാന്തത നഷ്ടപ്പെടുത്തിയത്. ധോണിയുടെ ദേഷ്യം അദ്ദേഹത്തിന്റെ ശരീര ഭാഷയിൽ വ്യക്തമായിരുന്നു. താരത്തിന് അടുത്തെത്തി വിശദമായി തന്നെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുന്ന ധോണിയുടെ വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.
പഞ്ചാബ് ഇന്നിങ്സിന്റെ പത്തൊൻപതാം ഓവറിലായിരുന്നു സംഭവം. ചഹർ എറിഞ്ഞ ആദ്യ പന്ത് അദ്ദേഹത്തിന്റെ കൈയ്യിൽ നിന്ന് വഴുതി നോബോളാവുകയായിരുന്നു. ഉയരത്തിൽ വന്ന പന്തിൽ ബാറ്റെത്തിച്ച് പഞ്ചാബിന്റെ സർഫ്റാസ് ഒരു ബൗണ്ടറി കണ്ടെത്തി. അടുത്ത പന്തും ആദ്യ പന്തിന്റെ ആവർത്തനമായിരുന്നു. നോബോളായെത്തിയ പന്തിൽ പക്ഷേ ബൗണ്ടറി നേടാൻ സർഫ്റാസിന് കഴിഞ്ഞില്ലെന്ന് മാത്രം. ഇതോടെ അസ്വസ്ഥാനായി ധോണി ചഹറിനരികിലെത്തുകയായിരുന്നു. ധോണി ചഹറിനോട് സംസാരിക്കുമ്പോൾ സുരേഷ് റെയ്നയും സമീപത്തുണ്ടായിരുന്നു.
ക്യാപ്റ്റൻ കൂൾ തന്റെ കൂൾ മുഖഭാവം മാറ്റി കാര്യങ്ങൾ വ്യക്തമാക്കിയതോടെ ചഹർ മികച്ച രീതിയിൽ പിന്നീട് പന്തെറിയുകയും ചെയ്തു. പിന്നീട് ചഹറിന്റെ ഗംഭീര തിരിച്ചുവരവായിരുന്നു കണ്ടത്. പിന്നീട് റൺ വഴങ്ങുന്നതിൽ പിശുക്ക് കാട്ടിയ ചഹർ പഞ്ചാബ് സൂപ്പർ താരം ഡേവിഡ് മില്ലറിന്റെ കുറ്റി പിഴുതെടുക്കുകയും ചെയ്തു. ക്യാപ്റ്റൻ കൂൾ, ക്യാപ്റ്റൻ ഹോട്ടായാലും കാര്യങ്ങൾ ആ വഴിക്ക് തന്നെ വരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates