ചെന്നൈ: മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോനി വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ സുരേഷ് റെയ്നയും രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ധോനിയുടെ തീരുമാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് 33കാരനായ റെയ്നയുടെ വിരമിക്കൽ പ്രഖ്യാപനം.
2005ൽ ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തിലൂടെ ഇന്ത്യയ്‌ക്കായി അരങ്ങേറിയ റെയ്ന, 2018ലാണ് ഒടുവിൽ ഇന്ത്യയ്ക്കായി കളിച്ചത്. ഒന്നര പതിറ്റാണ്ട് പിന്നിടുന്ന കരിയറിനാണ് ധോനിക്കൊപ്പം റെയ്നയും തിരശ്ശീലയിട്ടത്. ഇൻസ്റ്റഗ്രാമിലൂടെ തന്നെയാണ് റെയ്നയുടേയും പ്രഖ്യാപനം.
‘മഹേന്ദ്ര സിങ് ധോനി, നിങ്ങളോടൊപ്പം കളിക്കാൻ സാധിച്ചത് സമ്മോഹനമായ അനുഭവമായിരുന്നു. അഭിമാനം തുടിക്കുന്ന മനസോടെ ഈ യാത്രയിൽ ഞാനും നിങ്ങൾക്കൊപ്പം ചേരുന്നു. ഇന്ത്യയ്ക്ക് നന്ദി. ജയ് ഹിന്ദ്’ – റെയ്ന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇന്ത്യയ്ക്കായി 18 ടെസ്റ്റുകളും 226 ഏകദിനവും 78 ടി20 മത്സരങ്ങളും കളിച്ച താരമാണ് റെയ്ന. രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറി അഞ്ച് വർഷങ്ങൾക്കു ശേഷമായിരുന്നു റെയ്നയുടെ ടെസ്റ്റ് അരങ്ങേറ്റം. 2010 ജൂലൈയിൽ കൊളംബോയിലായിരുന്നു അരങ്ങേറ്റ ടെസ്റ്റ്. 2015 ജനുവരിയിൽ ഓസ്ട്രേലിയയ്‌ക്കെതിരെ സിഡ്നിയിലായിരുന്നു അവസാന ടെസ്റ്റ്. ഇതിനിടെ 18 ടെസ്റ്റുകളിൽ നിന്ന് 26.48 ശരാശരിയിൽ 768 റൺസ് നേടി. ഇതിൽ ഒരു സെഞ്ച്വറിയും ഏഴ് അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. 120 റൺസാണ് ഉയർന്ന സ്കോർ. 13 വിക്കറ്റുകളും സ്വന്തമാക്കി.
2005 ജൂലൈയിൽ ശ്രീലങ്കയ്‍ക്കെതിരെ ധാംബുള്ളയിൽ ഏകദിന അരങ്ങേറ്റം കുറിച്ച റെയ്ന, 2011ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 2018 ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെ ലീഡ്സിലായിരുന്നു അവസാന ഏകദിനം. 226 ഏകദിനങ്ങളിൽ നിന്ന് 35.31 ശരാശരിയിൽ 5615 റൺസ് നേടി. ഇതിൽ അഞ്ച് സെഞ്ച്വറികളും 36 അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. പുറത്താകാതെ നേടിയ 116 റൺസാണ് ഉയർന്ന സ്കോർ. ഇത്രയും മത്സരങ്ങളിൽ നിന്ന് 36 വിക്കറ്റും വീഴ്ത്തി.
2006 ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്‍ക്കെതിരെ ജൊഹാനാസ്ബർഗിലായിരുന്നു ടി20 അരങ്ങേറ്റം. 2018 ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെ ബ്രിസ്റ്റോളിൽ അവസാന മത്സരം കളിച്ചു. ഇതിനിടെ 78 ടി20 മത്സരങ്ങളിൽ നിന്ന് 29.18 ശരാശരിയിൽ 1605 റൺസ് നേടി. ഇതിൽ ഒരു സെഞ്ച്വറിയും അഞ്ച് അർധ സെഞ്ച്വറിയും ഉൾപ്പെടുന്നു. 13 വിക്കറ്റുകളും റെയ്ന സ്വന്തമാക്കി.
ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് സംഘടിപ്പിക്കുന്ന ആറു ദിവസത്തെ ക്യാംപിനായി ചെന്നൈയിലാണ് റെയ്ന. വെള്ളിയാഴ്ചയാണ് ധോണി ഉൾപ്പെടെയുള്ളവർക്കൊപ്പം ക്യാംപിനായി റെയ്നയും എത്തിയത്. ചെന്നൈയിൽ സഹതാരങ്ങളായ മഹേന്ദ്ര സിങ് ധോണി, അമ്പാട്ടി റായുഡു, കേദാർ ജാദവ്, കരൺ ശർമ എന്നിവർക്കൊപ്പമുള്ള ചിത്രവും റെയ്ന പോസ്റ്റ് ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates