

അബുദാബി: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ എട്ട് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ് പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കി നിർത്തി. കൂറ്റൻ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാനെ ബെൻ സ്റ്റോക്സിന്റെ സെഞ്ച്വറിയും മലയാളി താരം സഞ്ജു സാംസണിന്റെ അർധ സെഞ്ച്വറിയുമാണ് സുരക്ഷിത തീരത്തെത്തിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തപ്പോൾ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 10 പന്തുകൾ ബാക്കി നിൽക്കെ വിജയത്തിലെത്തി.
60 പന്തുകൾ നേരിട്ട് സ്റ്റോക്സ് 14 ഫോറും മൂന്ന് സിക്സും പറത്തി 107 റൺസുമായി പുറത്താകാതെ നിന്നപ്പോൾ സഞ്ജു 31 പന്തിൽ നിന്ന് മൂന്ന് സിക്‌സും നാലു ഫോറുമടക്കം 54 റൺസുമായി സ്റ്റോക്ക്‌സിന് ഉറച്ച പിന്തുണ നൽകി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 152 റൺസാണ് അടിച്ചു കൂട്ടിയത്. രണ്ട് പേരും മുംബൈ ബൗളർമാരെ കണക്കിന് ശിക്ഷിച്ചു. ആറ് പേർ പന്തെറിഞ്ഞിട്ടും റണ്ണൊഴുക്ക് നിയന്ത്രിക്കാൻ മുംബൈക്ക് സാധിച്ചില്ല.
രണ്ടാം ഓവറിൽ റോബിൻ ഉത്തപ്പയേയും (13) അഞ്ചാം ഓവറിൽ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെയും (11) നഷ്ടമായ ശേഷമായിരുന്നു രാജസ്ഥാനു വേണ്ടി സഞ്ജു സാംസൺ - ബെൻ സ്‌റ്റോക്ക്‌സ് കൂട്ടുകെട്ടിന്റെ ഉജ്ജ്വല പ്രകടനം.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈക്കായി വെറും 21 പന്തിൽ നിന്ന് ഏഴ് സിക്സും രണ്ട് ഫോറുമടക്കം 60 റൺസെടുത്ത ഹർദിക് പാണ്ഡ്യ തകർപ്പൻ ബാറ്റിങ് പുറത്തെടുത്തു. ഹർദികിന്റെ കത്തിക്കയറലാണ് മുംബൈ സ്‌കോർ 195-ൽ എത്തിച്ചത്. അങ്കിത് രജ്പുത്തിന്റെ ഒരു ഓവറിൽ നാല് സിക്സടക്കം 27 റൺസ് അടിച്ചുകൂട്ടിയ ഹർദിക് കാർത്തിക് ത്യാഗി എറിഞ്ഞ അവസാന ഓവറിലും 27 റൺസെടുത്തു.
നേരത്തെ ജോഫ്ര ആർച്ചറുടെ ആദ്യ ഓവറിൽ തന്നെ ഓപ്പണർ ക്വിന്റൺ ഡിക്കോക്കിനെ (6) നഷ്ടമായെങ്കിലും ഇഷാൻ കിഷനും സൂര്യകുമാർ യാദവും ചേർന്ന് മുംബൈക്കായി പവർപ്ലേയിൽ 59 റൺസ് അടിച്ചുകൂട്ടി. രണ്ടാം വിക്കറ്റിൽ 83 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.
36 പന്തിൽ നിന്ന് ഒരു സിക്സും നാല് ഫോറുമടക്കം 37 റൺസെടുത്ത ഇഷാൻ കിഷനെ പുറത്താക്കി കാർത്തിക് ത്യാഗിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ജോഫ്ര ആർച്ചറുടെ തകർപ്പൻ ക്യാച്ചിലാണ് കിഷൻ പുറത്തായത്.
13-ാം ഓവറിൽ സൂര്യകുമാർ യാദവിനെയും കിറോൺ പൊള്ളാർഡിനെയും (6) പുറത്താക്കിയ ശ്രേയസ് ഗോപാലാണ് മധ്യ ഓവറുകളിൽ മുംബൈയുടെ റണ്ണൊഴുക്ക് തടഞ്ഞത്. 26 പന്തിൽ നിന്ന് ഒരു സിക്സും നാലു ഫോറുമടക്കം 40 റൺസെടുത്താണ് സൂര്യകുമാർ യാദവ് പുറത്തായത്.
എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തു ചേർന്ന ഹർദിക് - സൗരഭ് തിവാരി സഖ്യം 64 റൺസ് മുംബൈ സ്‌കോറിലേക്ക് ചേർത്തു. 25 പന്തിൽ നിന്ന് ഒരു സിക്സും നാലു ഫോറുമടക്കം 34 റൺസെടുത്ത സൗരഭ് തിവാരി പുറത്തായ ശേഷമായിരുന്നു ഹർദിക്കിന്റെ വെടിക്കെട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates