പണ്ടേക്ക് പണ്ടേ
നഗരത്തിലെത്തിയാല്‍
തങ്ങുന്ന ഹോട്ടല്‍ ഇന്നില്ല.
ബസ്സിറങ്ങും മുന്‍പേ
ചുറ്റും പൊതിയുന്ന
ചങ്ങാതിക്കൂട്ടങ്ങളില്ല.
സായന്തനം കൊറി
ച്ചൊറ്റക്കലയുന്ന
ഊട് വഴികളുമില്ല.
പണ്ടൊക്കെ പോയിരു
ന്നീരണ്ടു വീശിയ
പഞ്ചനക്ഷത്രത്തിന്റെ
പേരും മറന്നു.
കൂട്ടുകാര്‍ കൂട്ടമായ്
തമ്പടിക്കാറുള്ള
തെരുവോരമിപ്പോള്‍ നിബിഡം,
ആളുകളൊക്കെ അപരര്‍.
നാട്ടിലാണെങ്കിലും
ഇത് തന്നെ സ്ഥിതിവിധി,
അറിയുന്നവര്‍ തുലോം വിരളം.
എണ്ണിയാല്‍ തീരാത്ത
ബന്ധുക്കള്‍, മിത്രങ്ങള്‍
ഇന്നവരൊക്കെ മറഞ്ഞു.
കണ്ടാലറിയാത്ത,
മിണ്ടാന്‍ മടിയുള്ള
കൂട്ടരെക്കൊണ്ട് നിറഞ്ഞു.
ഞാനില്ലയെങ്കില്‍
നടക്കില്ല ഒന്നുമെ
ന്നാധി പൂണ്ടോടിയ കാലം.
വീട്ടിലും നാട്ടിലുമോഫീസിലും
കേന്ദ്രമായി മിന്നിയ താരം.
ആശയും വാശിയും തര്‍ക്കങ്ങളും ചേര്‍ന്ന്
വീശിയടിച്ച ചുഴലി.
കാലം കനക്കെ, അഗാധമാമേതോ
ധ്യാനക്കയങ്ങളില്‍ പെയ്‌തൊഴിഞ്ഞൂ...
ജീവിച്ചിരിപ്പവരേക്കാള്‍ ഏറെ
മരിച്ചവര്‍ കൂട്ടുകാരിപ്പോള്‍
ഓര്‍മ്മകളെക്കാള്‍ അഭയം
മറവിയിലാകും ദിനസരി.
പരിചയമുള്ളവരാരെങ്കിലും
വണ്ടിയുമായി വരുന്നതും നോക്കി,
ഒട്ടും പരിചയമില്ലാത്തൊരു സ്റ്റോപ്പില്‍
കാത്തിരിപ്പുണ്ടയാള്‍ നിത്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates