

ചികിത്സാരംഗത്ത് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്നും കാന്‍സര്‍ ഉള്‍പ്പെടെ പല രോഗങ്ങളും പഴങ്കഥയായി മാറിയേക്കുമെന്നും എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ സിഇഒ ഡാരിയോ അമോഡെയ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സഹായത്തോടെ വൈദ്യശാസ്ത്രരംഗത്ത് ഉണ്ടാകാനിടയുള്ള വിപ്ലവകരമായ മുന്നേറ്റങ്ങളെക്കുറിച്ചാണ് അദ്ദേഹത്തിന്റെ പ്രവചനം. എഐ സാങ്കേതികവിദ്യയുടെ വളര്‍ച്ച മരുന്നുകളുടെ കണ്ടെത്തല്‍, രോഗനിര്‍ണയം, ചികിത്സാരീതികളുടെ വികസനം തുടങ്ങിയ മേഖലകളില്‍ വലിയ വേഗത കൈവരിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ വര്‍ഷങ്ങളോളം നീളുന്ന ഗവേഷണപ്രക്രിയകള്‍ കൂടുതല്‍ വേഗത്തിലാക്കാനും പുതിയ ചികിത്സാമാര്‍ഗങ്ങള്‍ കണ്ടെത്താനും എഐക്ക് സാധിക്കുമെന്ന വിലയിരുത്തലും പ്രവചനത്തിന് പിന്നിലുണ്ട്.
കാന്‍സര്‍ മാത്രമല്ല, അല്‍ഷിമേഴ്സും ഹൃദ്രോഗവും മാനസികാരോഗ്യ പ്രശ്‌നങ്ങളും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന കാലം വരുമെന്നാണ് അമോഡെയിയുടെ പ്രതീക്ഷ. 'കാന്‍സര്‍, അല്‍ഷിമേഴ്സ്, ഹൃദ്രോഗം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഒരു ദശാബ്ദത്തിനുള്ളില്‍ പഴങ്കഥകളായി മാറും. ശരിയായ രീതിയില്‍ മുന്നോട്ടുപോയാല്‍, നൂറ്റാണ്ടുകളായി മനുഷ്യനെ അലട്ടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുന്ന അത്ഭുതങ്ങളുടെ കാലം സൃഷ്ടിക്കാനാകും' -എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.
മരുന്നുകള്‍ വികസിപ്പിക്കുന്നതിനും പുതിയ ചികിത്സാരീതികള്‍ കണ്ടെത്തുന്നതിനും എഐയെ ഉപയോഗിക്കുന്നതില്‍ ആന്ത്രോപിക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇതിനായി വിവിധ ബയോടെക്‌നോളജി, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി സഹകരിച്ചുള്ള ഗവേഷണങ്ങളും പുരോഗമിക്കുന്നുണ്ട്. കാന്‍സര്‍ ചികിത്സയിലെ സിഎആര്‍ ടി-സെല്‍ തെറാപ്പി കൂടുതല്‍ ഫലപ്രദമാക്കാനുള്ള ശ്രമമാണ് ഇതില്‍ ശ്രദ്ധേയം. സാധാരണയായി രക്താര്‍ബുദം പോലുള്ള രോഗങ്ങളില്‍ ഉപയോഗിക്കുന്ന ഈ ചികിത്സാരീതി സോളിഡ് ട്യൂമറുകള്‍ക്കെതിരെയും പ്രയോജനപ്പെടുത്താനാകുമോയെന്നാണ് ഗവേഷകര്‍ പരിശോധിക്കുന്നത്.
ജനറേറ്റ് ബയോമെഡിസിന്‍സുമായി ചേര്‍ന്ന് നടത്തിയ ഗവേഷണത്തില്‍ ആന്ത്രോപിക്കിന്റെ ക്ലോഡ് കോഡ് ഉപയോഗിച്ച് സിഎആര്‍ ടി-സെല്‍ തെറാപ്പിയിലെ ജനിതക നിര്‍ദേശങ്ങള്‍ പുനര്‍രൂപകല്‍പ്പന ചെയ്തു. ആറു ശാസ്ത്രജ്ഞര്‍ ഉള്‍പ്പെട്ട സംഘമാണ് ഇതിനായി പ്രവര്‍ത്തിച്ചത്. പുതിയ രൂപകല്‍പ്പനയില്‍ നിര്‍ദേശങ്ങളുടെ ദൈര്‍ഘ്യം ഏകദേശം 70 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞു. ഇതിലൂടെ മനുഷ്യന്റെ ടി-കോശങ്ങളില്‍ ഏകദേശം പത്തിരട്ടി കൂടുതല്‍ റിസപ്റ്ററുകള്‍ ഉത്പാദിപ്പിക്കാനായെന്നാണ് പരിശോധനകളിലെ കണ്ടെത്തല്‍. കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനുള്ള ശേഷിയിലും ടി-കോശങ്ങളുടെ പ്രവര്‍ത്തനകാലത്തിലും മെച്ചമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബിഗ്ഹാറ്റ് ബയോസയന്‍സസുമായി ചേര്‍ന്ന് നടത്തിയ മറ്റൊരു ഗവേഷണത്തില്‍ കാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കുന്ന മരുന്നിന്റെ ഘടകങ്ങള്‍ മെച്ചപ്പെടുത്താനും ശ്രമിച്ചു. ഏകദേശം 1,010 വ്യത്യസ്ത രൂപങ്ങള്‍ പരീക്ഷിച്ചാണ് മികച്ച പതിപ്പ് കണ്ടെത്തിയത്. യഥാര്‍ഥ ഘടകത്തെക്കാള്‍ പത്തിരട്ടിയിലധികം ശക്തമായി ലക്ഷ്യവുമായി ബന്ധപ്പെടാന്‍ ഈ പതിപ്പിന് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഭക്ഷണ അലര്‍ജിക്കുള്ള ചികിത്സ വികസിപ്പിക്കുന്നതിനായി ഡൈവേര്‍ജന്‍സ് ലാബ്‌സുമായി നടത്തിയ പ്രവര്‍ത്തനത്തില്‍ ഒരു മാസം കൊണ്ട് 35,000 ആന്റിബോഡി ഡിസൈനുകളും തയ്യാറാക്കി. കുട്ടികളിലുണ്ടാകുന്ന അപൂര്‍വ രോഗമായ മസ്‌കുലാര്‍ ഡിസ്‌ട്രോഫി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കണ്ടെത്തുന്നതിനും ആന്ത്രോപിക് ഗവേഷണ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്.
സംശയം പ്രകടിപ്പിച്ച് വിദഗ്ധര്‍
എഐയുടെ സഹായത്തോടെ പത്ത് വര്‍ഷത്തിനുള്ളില്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാകുമെന്ന പ്രവചനത്തോട് ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ വിദഗ്ധര്‍ പൂര്‍ണമായി യോജിക്കുന്നില്ല. എഐക്ക് മരുന്നുകളുടെ സാധ്യതയുള്ള ഘടകങ്ങള്‍ കണ്ടെത്താനും ഗവേഷണം വേഗത്തിലാക്കാനും കഴിയുമെങ്കിലും അതുകൊണ്ടുമാത്രം പുതിയ മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കാന്‍ കഴിയില്ലെന്നാണ് ഇവരുടെ വിലയിരുത്തല്‍.
വെര്‍ടെക്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ജെഫ് ലീഡന്‍ ഇത്തരം പ്രവചനങ്ങളെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. 50ഓളം എഐ കമ്പനികളുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് പതിനായിരത്തോളം മരുന്ന് ഘടകങ്ങള്‍ പരിശോധിച്ചിട്ടും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു മരുന്നുപോലും കണ്ടെത്താനായില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കമ്പ്യൂട്ടറിലൂടെ കണ്ടെത്തുന്ന മരുന്നിന്റെ ഘടകങ്ങള്‍ ഫലപ്രദമാണോയെന്ന് ഉറപ്പാക്കാന്‍ ലബോറട്ടറി പരിശോധനകളും മൃഗങ്ങളിലെ പരീക്ഷണങ്ങളും മനുഷ്യരിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങളും ആവശ്യമാണ്.
സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കിയ ശേഷമേ മരുന്നുകള്‍ക്ക് അംഗീകാരം ലഭിക്കൂ. സാധാരണയായി ഒരു പുതിയ മരുന്ന് വികസിപ്പിക്കുന്നതിന് 10 മുതല്‍ 12 വര്‍ഷം വരെ വേണ്ടിവരുന്നുണ്ട്. ആന്ത്രോപിക്കിന്റെ ഗവേഷണങ്ങളില്‍ പലതും ഇപ്പോഴും പ്രീക്ലിനിക്കല്‍ ഘട്ടത്തിലാണ്. അതായത് മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചിട്ടില്ല. മസ്‌കുലാര്‍ ഡിസ്‌ട്രോഫിക്കുള്ള മരുന്ന് വിജയകരമായി മുന്നോട്ടുപോയാല്‍ 2028 അവസാനത്തോടെ മനുഷ്യരിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറായേക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
അമോഡെയിയുടെ പ്രവചനം യാഥാര്‍ഥ്യമാകുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. എങ്കിലും മരുന്ന് കണ്ടെത്തല്‍ മുതല്‍ രോഗചികിത്സ വരെയുള്ള മേഖലകളില്‍ എഐക്ക് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടെക് ലോകം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates