തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്റര്‍നെറ്റും ഡിജിറ്റല്‍ സേവനങ്ങളും ഉപയോഗിക്കുമ്പോള്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ്. ചെറിയൊരു ശ്രദ്ധക്കുറവ് പോലും വലിയ സാമ്പത്തിക നഷ്ടത്തിനോ വ്യക്തിഗത വിവരങ്ങള്‍ ചോരുന്നതിനോ കാരണമായേക്കാമെന്നും പൊലീസ് മുന്നറിയിപ്പില്‍ പറഞ്ഞു.
അറിയാത്ത സ്രോതസ്സുകളില്‍ നിന്നും വാട്ട്സ്ആപ്പ്, എസ്എംഎസ്, ഇമെയില്‍ എന്നിവ വഴി ലഭിക്കുന്ന സംശയാസ്പദമായ ലിങ്കുകളില്‍ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുത്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, എടിഎം പിന്‍, സിവിവി, ഓടിപി എന്നിവ ബാങ്ക് ജീവനക്കാരാണെന്ന് പറഞ്ഞ് വിളിക്കുന്നവരുമായി പോലും പങ്കുവെക്കരുത്. ബാങ്കുകള്‍ ഒരിക്കലും ഫോണിലൂടെയോ സന്ദേശങ്ങളിലൂടെയോ ഇത്തരം വിവരങ്ങള്‍ ചോദിക്കാറില്ലെന്നും പൊലീസ് പറഞ്ഞു.
കൂടാതെ, പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയ്ക്ക് പുറത്തുനിന്നുള്ള അപരിചിതമായ ആപ്പുകളോ ഫയലുകളോ റിമോട്ട് ആക്‌സസ് നല്‍കുന്ന ആപ്ലിക്കേഷനുകളോ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്. സമ്മാനങ്ങള്‍ ലഭിച്ചെന്നോ, പാര്‍ട്ട് ടൈം ജോലിയിലൂടെ ഉയര്‍ന്ന വരുമാനം നേടാമെന്നോ ഉള്ള വ്യാജ വാഗ്ദാനങ്ങളില്‍ വീഴരുത്. പൊലീസിന്റെയോ മറ്റ് കേന്ദ്ര ഏജന്‍സികളുടെയോ പേരില്‍ ഭീഷണിപ്പെടുത്തി ഓണ്‍ലൈന്‍ വഴി പണം തട്ടുന്ന 'ഡിജിറ്റല്‍ അറസ്റ്റ്' സന്ദേശങ്ങള്‍ കണ്ടാല്‍ പരിഭ്രാന്തരാകാതെ ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള സൈബര്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ആദ്യത്തെ 'ഗോള്‍ഡന്‍ ഹവറി'ല്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറിലോ www.cybercrime.gov.in എന്ന വെബ്‌സൈറ്റിലോ ഉടന്‍ പരാതി രജിസ്റ്റര്‍ ചെയ്യാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates