ഫോണ്‍ എന്നും ചാര്‍ജ് ചെയ്യാമോ? ബാറ്ററി ലൈഫ് കൂട്ടാം, ഈ തെറ്റുകള്‍ ഒഴിവാക്കാം

Extend battery life by avoiding these mistakes
പ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ദിവസത്തില്‍ കൂടുതല്‍ പേരും ഏറ്റവും ഉപയോഗിക്കുന്നത് സ്മാര്‍ട്ട് ഫോണാകും. അതുകൊണ്ട് ദിവസേന ഫോണ്‍ ചര്‍ജ് ചെയ്യുന്നവരാകും എല്ലാവരും തന്നെ. ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ബാറ്ററി വേഗത്തില്‍ കേടാകാതിരിക്കാനും ചാര്‍ജിങ് കൂടുതല്‍ സുരക്ഷിതമാക്കാനും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.

ബാറ്ററി ചാര്‍ജ് തീര്‍ന്ന് ഫോണ്‍ ഓഫ് ആകാന്‍ കാത്തിരിക്കരുത്

ഫോണിലെ ചാര്‍ജ് പൂര്‍ണമായും തീര്‍ന്നശേഷം മാത്രം ചാര്‍ജ് ചെയ്യുന്നതാണ് നല്ലതെന്ന് ചിലര്‍ കരുതാറുണ്ട്. എന്നാല്‍ ഇന്നത്തെ സ്മാര്‍ട്ട്ഫോണുകളില്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററികള്‍ പൂര്‍ണമായി തീരുന്നതുവരെ കാത്തിരിക്കേണ്ടതില്ല. ബാറ്ററി ചാര്‍ജ് ഏകദേശം 20 ശതമാനത്തിലെത്തുമ്പോള്‍ ചാര്‍ജ് ചെയ്യുന്നത് നല്ല ശീലമാണ്.

100 ശതമാനം ചാര്‍ജ് ചെയ്യണോ?

ഫോണ്‍ 100 ശതമാനം ചാര്‍ജ് ചെയ്യുന്നത് അപകടകരമാണെന്ന ധാരണ ശരിയല്ല. പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതില്‍ പൊതുവേ പ്രശ്നമില്ല. എന്നാല്‍ ബാറ്ററിയുടെ ആയുസ്സ് പരമാവധി നിലനിര്‍ത്താനാണ് ലക്ഷ്യമെങ്കില്‍ 20 മുതല്‍ 80 ശതമാനം വരെയുള്ള ചാര്‍ജ് പരിധി പിന്തുടരുന്നത് സഹായകമായേക്കാം. ചില ഫോണുകളില്‍ ഇതിനായി പ്രത്യേക സംവിധാനങ്ങളുമുണ്ട്.

ചാര്‍ജിങ്ങിനിടെ ഫോണ്‍ അമിതമായി ചൂടാകരുത്

ബാറ്ററിയുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് അമിതമായ ചൂട്. ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണില്‍ ഗെയിം കളിക്കുക, ദീര്‍ഘനേരം വീഡിയോ കാണുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ചൂട് വര്‍ധിപ്പിച്ചേക്കാം. ഫോണ്‍ സാധാരണ നിലയില്‍ ഉപയോഗിക്കുന്നത് പ്രശ്നമല്ലെങ്കിലും അമിതമായി ചൂടാകുന്ന സാഹചര്യങ്ങളില്‍ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.

രാത്രി മുഴുവന്‍ ചാര്‍ജിങ്ങിലിടണോ?

പല ആധുനിക ഫോണുകളിലും ബാറ്ററി നിറഞ്ഞാല്‍ ചാര്‍ജിങ് നിയന്ത്രിക്കുന്ന സംവിധാനങ്ങളുണ്ട്. അതിനാല്‍ രാത്രി മുഴുവന്‍ ചാര്‍ജിങ്ങിലിട്ടാല്‍ ബാറ്ററി ഉടന്‍ കേടാകുമെന്നു പറയാനാവില്ല. എങ്കിലും ദീര്‍ഘനേരം ഉയര്‍ന്ന ചാര്‍ജ് നിലയില്‍ തുടരുന്നതും ചൂട് കൂടുന്നതും ദീര്‍ഘകാലത്ത് ബാറ്ററിയുടെ ശേഷിയെ ബാധിച്ചേക്കാം.

ചാര്‍ജര്‍

ഫോണിനൊപ്പം ലഭിച്ച ചാര്‍ജറോ നിര്‍മ്മാതാവ് നിര്‍ദേശിക്കുന്നതോ വിശ്വസനീയമായ നിലവാരമുള്ളതോ ആയ ചാര്‍ജറും കേബിളും ഉപയോഗിക്കുക. നിലവാരമില്ലാത്തതും വ്യാജവുമായ ചാര്‍ജറുകള്‍ വൈദ്യുതാഘാതം, അമിതചൂട്, ഉപകരണത്തിന് കേടുപാട് തുടങ്ങിയ അപകടങ്ങള്‍ക്ക് കാരണമാകാം. മറ്റൊരു ഫോണിന്റെ ചാര്‍ജര്‍ ഉപയോഗിക്കുന്നത് തെറ്റല്ല. എന്നാല്‍ ചാര്‍ജറും കേബിളും നിങ്ങളുടെ ഫോണിന് അനുയോജ്യവും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമാണെന്ന് ഉറപ്പാക്കണം.

കവര്‍ കാരണം ഫോണ്‍ ചൂടാകുന്നുണ്ടോ?

ചില കട്ടിയുള്ള ഫോണ്‍ കവറുകള്‍ ചാര്‍ജിങ്ങിനിടെ ഉണ്ടാകുന്ന ചൂട് പുറത്തേക്ക് പോകുന്നത് തടസ്സപ്പെടുത്തിയേക്കാം. ഫോണ്‍ അസാധാരണമായി ചൂടാകുന്നുണ്ടെങ്കില്‍ കവര്‍ നീക്കി ചാര്‍ജ് ചെയ്യുന്നത് പരിഗണിക്കാം.

Summary

Can you keep your phone charging all the time? Extend battery life by avoiding these mistakes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com