

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്തൃ പരാതികള്‍ നേരിടുന്ന 10 ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്ഫോമുകളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. 2025ല്‍ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്ലൈനില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, മീഷോ എന്നീ പ്ലാറ്റ്ഫോമുകള്‍ക്കെതിരെയാണ്. ലോക്സഭയില്‍ കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി ബിഎല്‍ വര്‍മ്മയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്.
1.33 ലക്ഷം പരാതികളാണ് ഫ്‌ളിപ്കാര്‍ട്ടിനെതിരെ ലഭിച്ചത്. ആമസോണ്‍ (91,248), മീഷോ (29,284) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്. മിന്ത്ര, നെറ്റ്മെഡ്സ്, സെപ്‌റ്റോ, ബ്ലിങ്കിറ്റ്, നാപ്തോള്‍, വിഎല്‍ഇ ബസാര്‍, നൈക്ക എന്നിവയാണ് പട്ടികയിലെ മറ്റ് കമ്പനികള്‍. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ശേഷം അത് ലഭിക്കാത്തതാണ് (നോണ്‍ ഡെലിവറി) ഉപഭോക്താക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. 2025ല്‍ മാത്രം ഇത്തരത്തില്‍ 79,818 പരാതികള്‍ ലഭിച്ചു. തെറ്റായ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുക, കൃത്യസമയത്ത് റീഫണ്ട് നല്‍കാതിരിക്കുക, കേടുപാടുകള്‍ സംഭവിച്ച സാധനങ്ങള്‍ നല്‍കുക, വാറന്റി/ റീഫണ്ട് നിഷേധിക്കുക തുടങ്ങിയവയാണ് മറ്റ് പ്രധാന പരാതികള്‍.
ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതില്‍ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്ലൈന്‍ വലിയ നേട്ടമാണ് കൈവരിച്ചത്. 2025 ഏപ്രില്‍ 25 മുതല്‍ 2026 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ 91 കോടി രൂപയിലധികം തുക ഉപഭോക്താക്കള്‍ക്ക് തിരികെ ലഭിക്കാന്‍ ഹെല്‍പ്ലൈന്‍ വഴിയൊരുക്കി. ഇതില്‍ 63 കോടി രൂപയും ഇ-കൊമേഴ്സ് മേഖലയിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടതാണ്. പരാതികള്‍ കോടതിയിലെത്തും മുമ്പുതന്നെ പരിഹരിക്കാന്‍ ഈ സംവിധാനം സഹായിക്കുന്നുണ്ട്. അന്യായമായ വ്യാപാര രീതികള്‍ക്കെതിരെ കര്‍ശന നടപടിയാണ് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി 47 പ്ലാറ്റ്ഫോമുകള്‍ക്ക് 1.12 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്.
ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പരാതികള്‍ 1915 എന്ന ടോള്‍-ഫ്രീ നമ്പറില്‍ വിളിച്ച് അറിയിക്കാം. മലയാളം ഉള്‍പ്പെടെ 17 ഭാഷകളില്‍ സേവനം ലഭ്യമാണ്. വാട്സ്ആപ്പ് (8800001915), ഇമെയില്‍, നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്ലൈന്‍ ആപ്പ്, ഉമാംഗ് ആപ്പ് എന്നിവ വഴിയും പരാതികള്‍ നല്‍കാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates