

കൊച്ചി: അക്ഷരങ്ങളിലൂടെ 'സ്‌നേഹം' അനുഭവിച്ചറിയാം, തിരയിളക്കം സൃഷ്ടിച്ച് 'തിര', കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ഓളങ്ങള്‍ തീര്‍ക്കാന്‍ 'ഓളം'. മലയാളത്തിന് സൗജന്യമായി 103 പുതിയ ഫോണ്ടുകള്‍ സംഭാവന ചെയ്യുകയാണ് കൊച്ചി ആസ്ഥാനമായുള്ള 12 ഐടി പ്രൊഫഷണലുകള്‍ അടങ്ങുന്ന സംഘം. ബൈനറി ടെക്‌നോളജിയെന്ന കമ്പനിയിലെ ടെക്കികള്‍ ചേര്‍ന്നാണ് സൗജന്യമായി ഈ ഫോണ്ടുകള്‍ ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. ഓഗസ്റ്റ് 17 ന് ചിങ്ങം ഒന്നിനാണ് ഈ ഫോണ്ടുകള്‍ ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്.
കൊച്ചി ആസ്ഥാനമായുള്ള ബൈനറി ടെക്‌നോളജീസിന്റെ സ്റ്റാര്‍ട്ടപ്പ് പ്രോജക്റ്റായ Bigdates.aiയിലെ ഒരു കൂട്ടം ഡെവലപ്പര്‍മാരുടെ സൃഷ്ടിയാണ് ഈ ശേഖരം. 'മലയാളത്തില്‍ ഫോണ്ടുകള്‍ പരിമിതമാണ്, ഞങ്ങള്‍ ആദ്യം ഒരു മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്നാണ് ആരംഭിച്ചത്, മലയാളം ഇമേജ് എഡിറ്റര്‍, ഇത് പോസ്റ്ററുകളും മറ്റ് ക്രിയേറ്റീവ് ഉള്ളടക്കങ്ങളും നിര്‍മ്മിക്കാന്‍ സഹായിക്കുന്ന ആപ്പാണ്. പിന്നീട് ഫോണ്ടുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു പ്രൊജക്റ്റിന്റെ പ്രധാന ഡെവലപ്പര്‍ അഖില്‍ ശേഖരന്‍ പറഞ്ഞു.
ടീമിന്റെ ആദ്യ വെല്ലുവിളി പ്രത്യേക സോഫ്റ്റ്വെയറില്‍ വലിയ തുക ചെലവഴിക്കാതെ ഫോണ്ടുകള്‍ സൃഷ്ടിക്കുന്നതിനുള്ള ഒരു മാര്‍ഗം കണ്ടെത്തുക എന്നതായിരുന്നു. 'ഞങ്ങളുടെ ആപ്പിനായി ഫോണ്ടുകള്‍ രൂപകല്‍പ്പന ചെയ്യാന്‍ ഫോണ്ട് ക്രിയേറ്റേഴ്‌സിനെ ഞങ്ങള്‍ തിരയുകയായിരുന്നു. എന്നാല്‍ ലഭ്യമായ ഓപ്ഷനുകള്‍ ചെലവേറിയതായിരുന്നു. അതിനാല്‍ ഫോണ്ടുകള്‍ സൃഷ്ടിക്കുന്നതിനായി ഞങ്ങള്‍ സ്വന്തമായി ഒരു സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുത്തു. ബിഗ്‌ഡേറ്റ്‌സ്.ഐയിലെ ക്രിയേറ്റീവ് ഡയറക്ടറും മറ്റൊരു ഡെവലപ്പര്‍മാരുമായ ബ്രൂട്ടസ് കെ സി പറഞ്ഞു.
തുടക്കത്തില്‍ ഇത് അഞ്ച് ഫോണ്ടുകളില്‍ നിന്നാണ് ആരംഭിച്ചത്, പക്ഷേ ഡെവലപ്പര്‍മാര്‍ വ്യത്യസ്ത ശൈലികള്‍ പര്യവേക്ഷണം ചെയ്തതിനാല്‍ താമസിയാതെ 103 ആയി വളര്‍ന്നു. നിലവില്‍ എഫ്എംഎല്‍ ഫോര്‍മാറ്റിലാണ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്, പ്രധാനമായും ഡിസൈനിനും ഡെസ്‌ക്ടോപ്പ് പ്രസിദ്ധീകരണത്തിനും ഉപയോഗിക്കുന്ന ഒരു മലയാളം ഫോണ്ട് സിസ്റ്റം. 103 ഫോണ്ടുകളും malayalameditor.com-ല്‍ റിലീസ് ചെയ്യും. ഉപയോക്താക്കള്‍ക്ക് 'ഫോണ്ട്' വിഭാഗത്തില്‍ ക്ലിക്ക് ചെയ്യാനും ഡിസൈനുകള്‍ പ്രിവ്യൂ ചെയ്യാനും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. സാധാരണ ഉപയോക്താക്കള്‍ക്കും പോസ്റ്ററുകളും മറ്റ് പ്രിന്റ് ചെയ്തതോ ഡിജിറ്റല്‍ മെറ്റീരിയലോ സൃഷ്ടിക്കുന്നവര്‍ക്കും ഫോണ്ടുകള്‍ ഉപയോഗിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates