

ഫോണ്‍ ഉപയോഗിക്കാനോ കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്യാനോ ഇനി കൈകള്‍ അനക്കേണ്ടിവരില്ലെന്ന് സങ്കല്‍പ്പിച്ചുനോക്കൂ. മനസില്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ മാത്രം മതി. അതിനനുസരിച്ച് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കും. സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ കണ്ടിട്ടുള്ള ഈ സാങ്കേതികവിദ്യ യാഥാര്‍ഥ്യത്തിലേക്ക് അടുക്കുകയാണ്. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ന്യൂറോ ടെക്‌നോളജി കമ്പനിയായ ന്യൂറാലിങ്കിന് (Neuralink)യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (എഫ്ഡിഎ) നിര്‍ണായക അനുമതി ലഭിച്ചതോടെയാണ് പുതിയ പ്രതീക്ഷകള്‍ ഉയരുന്നത്. തലച്ചോറില്‍ ഘടിപ്പിക്കുന്ന ബ്രെയിന്‍-കംപ്യൂട്ടര്‍ ഇന്റര്‍ഫേസ് ചിപ്പിന്റെ ക്ലിനിക്കല്‍ പരീക്ഷണം നടത്താനാണ് അനുമതി. നവംബര്‍ 25ന് കമ്പനി ഇക്കാര്യം എക്‌സിലൂടെ അറിയിച്ചു.
ചിന്തകള്‍കൊണ്ട് കമ്പ്യൂട്ടര്‍ നിയന്ത്രിക്കാം
തലച്ചോറിലെ പ്രവര്‍ത്തനങ്ങളെ തിരിച്ചറിഞ്ഞ് കമ്പ്യൂട്ടറിന് മനസിലാകുന്ന നിര്‍ദേശങ്ങളാക്കി മാറ്റുകയാണ് ന്യൂറാലിങ്കിന്റെ സാങ്കേതികവിദ്യ ചെയ്യുന്നത്. ഇതിനായി തലയോട്ടിക്കുള്ളില്‍ N1 എന്ന ചിപ്പ് ഘടിപ്പിക്കും. പ്രത്യേക റോബോട്ടിന്റെ സഹായത്തോടെ തലച്ചോറിന്റെ ചലനങ്ങളുമായി ബന്ധപ്പെട്ട ഭാഗത്ത് നേര്‍ത്ത ഇലക്ട്രോഡ് നൂലുകളും സ്ഥാപിക്കും.
തലച്ചോറില്‍നിന്നുള്ള വൈദ്യുത സിഗ്‌നലുകള്‍ ചിപ്പ് തിരിച്ചറിഞ്ഞ് കമ്പ്യൂട്ടറിലേക്ക് കൈമാറും. ഇതിലൂടെ കൈകള്‍ ഉപയോഗിക്കാതെ മൗസ് പോയിന്റര്‍ ചലിപ്പിക്കാനും ക്ലിക്ക് ചെയ്യാനും ടൈപ്പ് ചെയ്യാനുമാകും. ടെലിപതി (Telepathy) എന്നാണ് ഈ സംവിധാനത്തിന് പേര് നല്‍കിയിരിക്കുന്നത്.
ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് പ്രതീക്ഷ
ചലനശേഷി നഷ്ടപ്പെട്ടവര്‍ക്കും അമയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസ് (ALS) പോലുള്ള നാഡീവ്യൂഹ രോഗങ്ങള്‍ ബാധിച്ചവര്‍ക്കും ഈ സാങ്കേതികവിദ്യ സഹായകരമാകുമെന്നാണ് പ്രതീക്ഷ. ചിന്തകളിലൂടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്നത് ആശയവിനിമയത്തിനും ദൈനംദിന ജീവിതത്തിനും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും. എന്നാല്‍ ഇത് രോഗം സുഖപ്പെടുത്തുന്ന ചികിത്സയല്ല. നഷ്ടപ്പെട്ട ചലനശേഷി തിരിച്ചുനല്‍കാനും നിലവില്‍ കഴിയില്ല. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയായാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
2024 ജനുവരിയിലാണ് ആദ്യമായി മനുഷ്യനില്‍ ന്യൂറാലിങ്ക് ചിപ്പ് ഘടിപ്പിച്ചത്. ഡൈവിങ്ങിനിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് തോളിന് താഴെ ചലനശേഷി നഷ്ടപ്പെട്ട നോലാന്‍ഡ് അര്‍ബോ ആയിരുന്നു ആദ്യ പരീക്ഷണത്തിലെ പങ്കാളി. ചിപ്പ് ഘടിപ്പിച്ചതിനുശേഷം കൈകള്‍ ഉപയോഗിക്കാതെ ചെസ് കളിക്കാനും വീഡിയോ ഗെയിമുകള്‍ നിയന്ത്രിക്കാനും അദ്ദേഹത്തിന് സാധിച്ചു. പിന്നീട് ALS ബാധിച്ച ബ്രാഡ്‌ഫോര്‍ഡ് സ്മിത്തും പരീക്ഷണത്തില്‍ പങ്കാളിയായി. ചിന്തകളിലൂടെ ടൈപ്പ് ചെയ്യാനും ആശയവിനിമയം നടത്താനും അദ്ദേഹത്തിന് സാധിച്ചതായി കമ്പനി അറിയിച്ചിരുന്നു. ഇതിനകം 30ലേറെ പേരില്‍ സാങ്കേതികവിദ്യ പരീക്ഷിച്ചിട്ടുണ്ട്.
എഫ്ഡിഎയുടെ പുതിയ അനുമതി ചിപ്പ് വിപണിയില്‍ വില്‍ക്കാനുള്ള അനുമതിയല്ല. ക്ലിനിക്കല്‍ പരീക്ഷണം നടത്താനുള്ള അനുമതി മാത്രമാണ്. ചിപ്പിന്റെ സുരക്ഷയും ഫലപ്രാപ്തിയും വിലയിരുത്തുകയാണ് ലക്ഷ്യം. പരീക്ഷണഫലങ്ങള്‍ അനുകൂലമായാല്‍ മാത്രമേ കൂടുതല്‍ വിപുലമായ ഉപയോഗത്തിനുള്ള അനുമതിക്കായി കമ്പനിക്ക് അപേക്ഷിക്കാനാകൂ. അതുകൊണ്ടുതന്നെ സാധാരണക്കാര്‍ക്ക് ഈ സാങ്കേതികവിദ്യ ലഭ്യമാകാന്‍ ഇനിയും സമയമെടുക്കും. എങ്കിലും ചലനശേഷി നഷ്ടപ്പെട്ടവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശേഷിയുള്ള സാങ്കേതികവിദ്യയിലേക്കുള്ള നിര്‍ണായക ചുവടുവയ്പ്പാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates