ആയുധങ്ങള്‍ ഭൂമിയില്‍ മാത്രമല്ല; ബഹിരാകാശത്തും വിന്യസിച്ചതായി സ്ഥിരീകരിച്ച് യുഎസ്

ബഹിരാകാശത്ത് സജീവമായ ആയുധങ്ങള്‍ വിന്യസിച്ചിട്ടുണ്ടെന്ന് ഒരു രാജ്യം പരസ്യമായി സമ്മതിക്കുന്നത് ഇതാദ്യമാണ്
space weapon
US Deploys On-Orbit Space WeaponsAI Generated Image
Updated on
1 min read

വാഷിംഗ്ടന്‍: ബഹിരാകാശത്ത് ആക്രമണ ശേഷിയുള്ള ആയുധങ്ങള്‍ വിന്യസിച്ചിട്ടുണ്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്ക. യുഎസ് സ്‌പേസ് ഫോഴ്‌സാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശത്രുരാജ്യങ്ങളില്‍ നിന്നുള്ള വെല്ലുവിളികളില്‍ നിന്നും ഭീഷണികളില്‍ നിന്നും സ്വന്തം സൈന്യത്തെയും പ്രതിരോധ സംവിധാനങ്ങളെയും സംരക്ഷിക്കുന്നതിനാണ് ഓണ്‍-ഓര്‍ബിറ്റ് ആയുധങ്ങള്‍ വിന്യസിച്ചതെന്ന് അമേരിക്കന്‍ വ്യോമസേന സെക്രട്ടറി ട്രോയ് മെയ്ങ്ക് അറിയിച്ചു. മെരിലാന്‍ഡില്‍ നടന്ന വാര്‍ഷിക എയര്‍, സ്‌പേസ് ആന്‍ഡ് സൈബര്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നും ഉയര്‍ന്നുവരുന്ന ഭീഷണികളെ ചെറുക്കാനും ബഹിരാകാശ മേഖലയിലെ നിയന്ത്രണം ഉറപ്പാക്കാനും ഈ നീക്കം ആവശ്യമാണെന്ന് ട്രോയ് മെയ്ങ്ക് ചൂണ്ടിക്കാട്ടി. ബഹിരാകാശത്ത് കൈനറ്റിക് (നേരിട്ട് തകര്‍ത്തുകളയുന്നവ), നോണ്‍-കൈനറ്റിക് (സിഗ്‌നലുകള്‍ തടസ്സപ്പെടുത്തുന്നവ) രീതിയിലുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ആക്രമണത്തിനും പ്രതിരോധത്തിനും ഒരുപോലെ ശേഷിയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് അമേരിക്കന്‍ സ്‌പേസ് ഫോഴ്‌സ് വക്താവ് വ്യക്തമാക്കി.

1967ലെ അന്താരാഷ്ട്ര ഔട്ടര്‍ സ്‌പേസ് കരാര്‍ പ്രകാരം ബഹിരാകാശത്ത് അണുവായുധങ്ങളും വന്‍നാശത്തിന് കാരണമാകുന്ന ആയുധങ്ങളും വിന്യസിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും, ആധുനിക പ്രതിരോധ സാങ്കേതികവിദ്യകളും ഉപഗ്രഹവിരുദ്ധ ആയുധങ്ങളും വികസിപ്പിക്കുന്നതില്‍ വന്‍ശക്തികളെല്ലാം സജീവമാണ്. ഇതിന്റെ തുടര്‍ച്ചയായാണ് യുഎസിന്റെ പുതിയ നീക്കവും വിലയിരുത്തപ്പെടുന്നത്. മുന്‍പ് ഉപഗ്രഹ വിരുദ്ധ മിസൈല്‍ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും, ബഹിരാകാശത്ത് സജീവമായ ആയുധങ്ങള്‍ വിന്യസിച്ചിട്ടുണ്ടെന്ന് ഒരു രാജ്യം പരസ്യമായി സമ്മതിക്കുന്നത് ഇതാദ്യമാണ്.

അമേരിക്കയുടെ പ്രഖ്യാപനത്തിനെതിരെ ചൈനയും റഷ്യയും കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ബഹിരാകാശത്ത് സൈനിക ശേഷി വര്‍ദ്ധിപ്പിക്കുന്നതും യുദ്ധസജ്ജീകരണം നടത്തുന്നതും അമേരിക്ക ഉടന്‍ അവസാനിപ്പിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ ആവശ്യപ്പെട്ടു. ബഹിരാകാശത്തെ പൂര്‍ണ്ണമായും സൈനികമുക്തമായി നിലനിര്‍ത്താന്‍ അന്താരാഷ്ട്ര തലത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ആഹ്വാനം ചെയ്തു. എന്നാല്‍, അമേരിക്കന്‍ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാന്‍ റഷ്യയും ചൈനയും നേരത്തെ തന്നെ ബഹിരാകാശ സാങ്കേതികവിദ്യകള്‍ പരീക്ഷിച്ചു വരികയാണെന്നാണ് യു.എസ് സ്‌പേസ് ഫോഴ്‌സിന്റെ ആരോപണം.

ബഹിരാകാശത്ത് എല്ലാവിധ ആയുധങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 2008ല്‍ ചൈനയും റഷ്യയും പ്രമേയം കൊണ്ടുവന്നെങ്കിലും വന്‍ശക്തികളുടെ പിന്തുണയില്ലാത്തതിനാല്‍ അത് നടപ്പിലായില്ല. നാസയുടെ നേതൃത്വത്തില്‍ ഇന്ത്യയടക്കം 70ലധികം രാജ്യങ്ങള്‍ ഒപ്പിട്ട ആര്‍ട്ടിമിസ് അക്കോര്‍ഡ്‌സ് സമാധാനപരമായ ഗവേഷണങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നുണ്ടെങ്കിലും, ആയുധ വിന്യാസത്തെ നേരിട്ട് തടയുന്ന നിയമപരമായ വ്യവസ്ഥകള്‍ ഇതിലില്ല.

space weapon
ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളെ ആക്രമിക്കും; പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന
space weapon
ടാറ്റയും അദാനിയും ഇനി മിസൈലും ബോംബും നിര്‍മ്മിക്കും? ആയുധ ഉത്പാദനത്തിന് സ്വകാര്യ കമ്പനികള്‍ക്ക് അവസരം നല്‍കാന്‍ ഡിആര്‍ഡിഒ
space weapon
'മിസൈല്‍ നിര്‍മ്മിക്കാന്‍ ഹൂതികള്‍ ക്ലോഡ് എഐ ഉപയോഗിച്ചു'; വെളിപ്പെടുത്തലുമായി ആന്ത്രോപിക്ക്
Summary

US Confirms Deployment of First On-Orbit Space Weapons: What International Law and Treaties Say

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com