

വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകള്‍ കൂടുതല്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനായി പുതിയ നാല് ഫീച്ചറുകള്‍ മെറ്റ അവതരിപ്പിക്കുന്നു. തിരക്കേറിയ ഗ്രൂപ്പുകളിലെ മെസേജുകള്‍ എളുപ്പത്തില്‍ പരിശോധിക്കാനും പ്രധാനപ്പെട്ടവ വേഗത്തില്‍ കണ്ടെത്താനും സഹായിക്കുന്നതാണ് പുതിയ അപ്ഡേറ്റുകള്‍.
പെര്‍മനന്റ് പിന്‍ മെസേജസ്
ഇതുവരെ വാട്സ്ആപ്പില്‍ മെസേജുകള്‍ പിന്‍ ചെയ്യുമ്പോള്‍ നിശ്ചിത സമയപരിധി തെരഞ്ഞെടുക്കേണ്ടിയിരുന്നു. എന്നാല്‍ പുതിയ അപ്ഡേറ്റ് അനുസരിച്ച് ഉപയോക്താക്കള്‍ക്ക് പ്രധാനപ്പെട്ട സന്ദേശങ്ങള്‍ എക്കാലത്തേക്കും (indefinitely) പിന്‍ ചെയ്തു വെക്കാന്‍ സാധിക്കും. ഗ്രൂപ്പ് നിയമങ്ങള്‍, പ്രധാനപ്പെട്ട തീയതികള്‍, ഇവന്റുകള്‍ എന്നിവ മറ്റുള്ളവര്‍ക്ക് എപ്പോഴും കാണുന്ന രീതിയില്‍ സൂക്ഷിക്കാന്‍ ഇത് ഉപകാരപ്പെടും.
ഗ്രൂപ്പില്‍ ചേര്‍ന്നതിന് ശേഷവും ചാറ്റ് ഹിസ്റ്ററി പങ്കിടാം
പുതുതായി ഗ്രൂപ്പില്‍ ചേരുന്ന അംഗങ്ങള്‍ക്ക് മുന്‍പത്തെ സന്ദേശങ്ങള്‍ കാണിച്ചു കൊടുക്കാനുള്ള സൗകര്യം വാട്സ്ആപ്പ് നേരത്തെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ പുതിയ അപ്ഡേറ്റിലൂടെ, ഒരാള്‍ ഗ്രൂപ്പില്‍ ചേര്‍ന്നതിന് ശേഷവും ആവശ്യാനുസരണം പഴയ ചാറ്റ് ഹിസ്റ്ററി പങ്കുവെക്കാന്‍ സാധിക്കും. ഗ്രൂപ്പിലെ അംഗത്തിന്റെ പേരില്‍ ടാപ്പ് ചെയ്ത് ഇത് ചെയ്യാവുന്നതാണ്. വ്യക്തിഗത ചാറ്റുകള്‍ പോലെ ഇവയും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കും.
ഗ്രൂപ്പുകള്‍ക്കായി മാത്രം സ്റ്റാറ്റസ് പങ്കിടാം
'ഗ്രൂപ്പ് സ്റ്റാറ്റസ്' എന്ന പുതിയ ഫീച്ചര്‍ വഴി ഉപയോക്താക്കള്‍ക്ക് തങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള എല്ലാവര്‍ക്കും പകരം, നിര്‍ദ്ദിഷ്ട ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് മാത്രമായി സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ പങ്കുവെക്കാന്‍ സാധിക്കും. ഉദാഹരണത്തിന്, ഒരു റണ്ണിങ് ക്ലബ്ബ് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് മാത്രം കാണാവുന്ന രീതിയില്‍ സ്റ്റാറ്റസ് ഇടാം. സാധാരണ വാട്സാപ്പ് സ്റ്റാറ്റസ് പോലെ ഇവയും 24 മണിക്കൂറിനു ശേഷം അപ്രത്യക്ഷമാകും.
മെന്‍ഷനുകളും മറുപടികളും ഫില്‍റ്റര്‍ ചെയ്യാം
വലിയ ഗ്രൂപ്പുകളിലെ നൂറുകണക്കിന് സന്ദേശങ്ങള്‍ ഒന്നിച്ച് വായിച്ചു നോക്കുന്നത് ഒഴിവാക്കാന്‍ പുതിയ ഫില്‍റ്റര്‍ സഹായിക്കും. '@all' ടാഗ് ഉപയോഗിച്ചതോ, ഉപയോക്താക്കളെ നേരിട്ട് മെന്‍ഷന്‍ ചെയ്തതോ, മറുപടി നല്‍കിയതോ ആയ സന്ദേശങ്ങള്‍ മാത്രം വേര്‍തിരിച്ചു കാണാന്‍ ഈ ഫില്‍റ്റര്‍ വഴി സാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates