

സ്മാര്‍ട്ട്‌ഫോണിലെ എയര്‍പ്ലെയിന്‍ മോഡ് എപ്പോഴാണ് ഉപയോഗിക്കേണ്ടത്? വിമാന യാത്രകള്‍ നടത്തുമ്പോള്‍ മാത്രം ഉപയോഗിക്കുന്ന ഫീച്ചറായാണ് പലരും കരുതുന്നത്. എയര്‍ലൈന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി നിര്‍മിച്ചതാണ് ഈ ഫീച്ചറെങ്കിലും ഈ ഫീച്ചര്‍ കൊണ്ട് വേറെയും ഉപയോഗങ്ങളുണ്ട്.
ഡിവൈസുകളില്‍ ബില്‍റ്റ്-ഇന്‍ ഫീച്ചറാണ് ഫ്‌ലൈറ്റ് മോഡ്, അല്ലെങ്കില്‍ എയര്‍പ്ലെയിന്‍ മോഡ്. വിമാന സര്‍വീസുകള്‍ക്കിടയില്‍ വിമാനത്തിന്റെ ആശയവിനിമയ, നാവിഗേഷന്‍ സംവിധാനങ്ങള്‍ക്ക് തടസ്സമായേക്കാവുന്ന ഇലക്ട്രോണിക് സിഗ്‌നലുകള്‍ തടയുന്നതിനായാണ് തുടക്കത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചത്.
എന്നാല്‍ ബാറ്ററി ലൈഫ് വര്‍ധിപ്പിക്കുന്നതിലും ചാര്‍ജിങ് വേഗത്തിലാക്കുന്നതിലും എയര്‍പ്ലെയിന്‍ മോഡിന് പ്രധാന പങ്കുണ്ട്. ഫീച്ചര്‍ വയര്‍ലെസ് ആശയവിനിമയ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി തടയുന്നു. സെല്ലുലാര്‍ നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി, മൊബൈല്‍ ഡാറ്റ സേവനങ്ങള്‍, വൈഫൈ കണക്ഷനുകള്‍, ബ്ലൂടൂത്ത് ആശയവിനിമയം എന്നിവ ഒറ്റയടിക്ക് താല്‍ക്കാലികമായി ഓഫ് ചെയ്യാം.
എയര്‍പ്ലെയിന്‍ മോഡിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിലൊന്ന് ബാറ്ററി പവര്‍ ലാഭിക്കാനുള്ള കഴിവാണ്. ദുര്‍ബലമായ നെറ്റ്വര്‍ക്ക് കവറേജ് ഉള്ള പ്രദേശത്ത് ഫോണ്‍ തുടര്‍ച്ചയായി മികച്ച സിഗ്‌നലിനായി തിരയുന്നു. ഈ പ്രക്രിയയ്ക്ക് അധിക പവര്‍ ആവശ്യമാണ്, കൂടാതെ സാധാരണയേക്കാള്‍ വളരെ വേഗത്തില്‍ ബാറ്ററി തീര്‍ന്നുപോകാനും സാധ്യതയുണ്ട്.
എയര്‍പ്ലെയിന്‍ മോഡ് ഓണ്‍ ആക്കുന്നതിലൂടെ ഉപകരണം മൊബൈല്‍ നെറ്റ്വര്‍ക്കുകളും ഡാറ്റ കണക്ഷനുകളും തിരയുന്നത് നിര്‍ത്തും. ബാറ്ററി ചാര്‍ജ് പാഴാകുന്നത് തടയും.
ഫോണില്‍ വേഗത്തില്‍ ചാര്‍ജ് കയറാന്‍ എയര്‍പ്ലെയിന്‍ മോഡ് ഓണ്‍ ആക്കാം. എയര്‍പ്ലെയിന്‍ മോഡ് ഓണ്‍ ആക്കുന്നതോടെ നെറ്റ്വര്‍ക്ക് പ്രവര്‍ത്തനങ്ങളെയും ബാക്ക്ഗ്രൗണ്ട് വയര്‍ലെസ് ആശയവിനിമയങ്ങളും നിഷ്‌ക്രിയമാകും. ഇതോടെ ബാറ്ററിയെ വേഗത്തില്‍ ചാര്‍ജ് ചെയ്യും.
കുട്ടികള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ നല്‍കമ്പോഴോ ഓഫ്ലൈന്‍ ആവശ്യങ്ങള്‍ക്ക് ഫോണ്‍ ഉപയോഗിക്കുമ്പോഴോ എയര്‍പ്ലെയിന്‍ മോഡ് ഏറെ പ്രയോജനകരമാണ്. കുട്ടികള്‍ക്ക് അബദ്ധത്തില്‍ ഇന്റര്‍നെറ്റ് ഉള്ളടക്കങ്ങള്‍ ലഭിക്കുമെന്നോ ഡാറ്റ തീര്‍ന്നുപോകുമെന്നോ ഉള്ള പേടിയില്ലാതെ ഡൗണ്‍ലോഡ് ചെയ്ത വിഡിയോകള്‍ കാണാനും ഓഫ്ലൈന്‍ ഗെയിമുകള്‍ കളിക്കാനും എഡ്യുക്കേഷന്‍ ആപ്പുകള്‍ ഉപയോഗിക്കാനും സാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates