ഇതുവരെ കോവിഡ് വന്നിട്ടില്ലേ? ബൂസ്റ്റർ ഡോസ് നിർബന്ധമായും എടുക്കണം; കാരണമിത്

ഈ വിഭാഗത്തില്‍പ്പെട്ടവരില്‍ IgG, ന്യൂട്രലൈസിങ് ആന്‍റിബോഡികള്‍ എന്നിവ മറ്റ് രണ്ട് കൂട്ടരെയും അപേക്ഷിച്ച് കുറവാണെന്ന് പഠനം പറയുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തുവരെ കോവി‍ഡ് വരാത്ത, രണ്ട് ഡോസ് വാക്സിൻ എടുത്തവരിൽ ആന്റി ബോഡികളുടെ തോത് കുറവാണെന്ന് പഠനം. കോവിഡ് വന്ന് രോഗമുക്തി നേടിയ ശേഷം വാക്സിന്‍ എടുത്തവരെയും വാക്സിന്‍ എടുത്ത ശേഷം കോവിഡ് വന്നവരെയും അപേക്ഷിച്ച് ഇതുവരെ രോ​ഗം  വരാത്തവരിൽ ആന്റി ബോഡികളുടെ തോത് കുറവായിരിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ. 

ഈ വിഭാഗത്തില്‍പ്പെട്ടവരില്‍ IgG, ന്യൂട്രലൈസിങ് ആന്‍റിബോഡികള്‍ എന്നിവ മറ്റ് രണ്ട് കൂട്ടരെയും അപേക്ഷിച്ച് കുറവാണെന്ന് പഠനം പറയുന്നു. രണ്ടാമത്തെ ഡോസ് വാക്സിന്‍ എടുത്ത ശേഷം ഇവരില്‍ പ്രതിരോധ പ്രതികരണം കുറ‍ഞ്ഞ് വരുന്നതിനാല്‍ ഈ വിഭാഗക്കാര്‍ നിര്‍ബന്ധമായും ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ എടുക്കണമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ എടുത്തവരിലെ ബി 1, ഡെല്‍റ്റ, ബീറ്റ, ഒമൈക്രോണ്‍ വകഭേദങ്ങളോടുള്ള ആന്‍റിബോഡി പ്രതികരണമാണ് ഗവേഷകര്‍ പരിശോധിച്ചത്. കോശങ്ങളെ അണുക്കളില്‍ നിന്ന് പ്രതിരോധിച്ച് നിര്‍ത്തുന്നത് ന്യൂട്രലൈസിങ് ആന്‍റിബോഡികളാണ്. അണുബാധ മൂലമോ വാക്സിനേഷന്‍ മൂലമോ ഇവയുടെ ഉത്പാദനം ഉത്തേജിപ്പിക്കപ്പെടാം. 

ശ്വേത രക്താണുക്കള്‍ ഉത്പാദിപ്പിക്കുന്ന ഗ്ലൈകോപ്രോട്ടീന്‍ കണികകളാണ് IgG എന്ന ഇമ്മ്യൂണോഗ്ലോബിന്‍. വൈറസുകളെയും ബാക്ടീരിയകളെയും തിരിച്ചറിയുകയും അവയോട് ഒട്ടിച്ചേര്‍ന്ന് നിന്ന് അവയെ നശിപ്പിക്കാന്‍ ശരീരത്തെ സഹായിക്കുകയുമാണ് ഇവയുടെ ദൗത്യം.

ജേണല്‍ ഓഫ് ഇന്‍ഫെക്‌ഷനിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസുകൾ വ്യാപകമായി വിതരണം ചെയ്യണമെന്നും ഗവേഷണ റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com