ഇന്ത്യക്കാരില്‍ പൊണ്ണത്തടി കൂടി, സ്ത്രീകളില്‍ കൂടുതല്‍ പേര്‍ക്കു വിളര്‍ച്ച: യുഎന്‍ റിപ്പോര്‍ട്ട് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th July 2022 11:31 AM  |  

Last Updated: 07th July 2022 11:31 AM  |   A+A-   |  

obesity

ഇന്ത്യക്കാരില്‍ പൊണ്ണത്തടിയുള്ളവര്‍ കൂടുന്നു/എഎഫ്പി

 

യുഎന്‍: ഇന്ത്യക്കാരില്‍ പൊണ്ണത്തടിയുള്ളവരുടെ എണ്ണം കൂടുന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. സ്ത്രീകളില്‍ വിളര്‍ച്ചയുള്ളവര്‍ വര്‍ധിക്കുന്നതായും അതേസമയം ജനസംഖ്യയില്‍ പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്താകെ നോക്കിയാല്‍ പട്ടിണിയിലുള്ളവരുടെ എണ്ണം വര്‍ധിച്ചതായി യുഎന്‍ ഫുഡ് സെക്യൂരിറ്റി, ന്യൂട്രിഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 82.8 കോടിയാണ് ലോകത്തെ പട്ടിണിക്കാരുടെ എണ്ണം. 4.6 കോടിയുടെ വര്‍ധനയാണ് പട്ടിണിക്കാരുടെ എണ്ണത്തില്‍ പോയ വര്‍ഷം ഉണ്ടായത്. കോവിഡ് വ്യാപനത്തിനു ശേഷം ലോകത്ത് ദാരിദ്ര്യത്തിലായവരുടെ എണ്ണത്തിലുണ്ടായത് 15 കോടിയുടെ വര്‍ധനയാണ്.

ഇന്ത്യയില്‍ പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം 22.43 കോടിയായി താഴ്ന്നു. 2004-06ല്‍ ഇത് 24.78 കോടിയായിരുന്നു.  ആകെ ജനസംഖ്യയില്‍ 16.3 ശതമാനത്തിനും ഇന്ത്യയില്‍ മതിയായ പോഷകാഹാരം ലഭിക്കുന്നില്ല. മുന്‍ കണക്കു പ്രകാരം ഇത് 21.6 ശതമാനം ആയിരുന്നു.

ഇന്ത്യക്കാരില്‍ പ്രായപൂര്‍ത്തിയായവരിലെ പൊണ്ണത്തടി വര്‍ധിക്കുകയാണ്. രാജ്യത്തെ 138 കോടി ജനങ്ങളില്‍ പ്രായപൂര്‍ത്തിയായവരില്‍ 3.43 കോടി പേര്‍ക്കു പൊണ്ണത്തടിയുണ്ട്. 2012ലെ കണക്കു പ്രകാരം ഇത് 2.51 കോടി ആയിരുന്നു. 15 വയസ്സു മുതല്‍ 49 വയസ്സു വരെ പ്രായമുള്ള സ്ത്രീകളില്‍ 18.73 കോടി പേര്‍ക്കു വിളര്‍ച്ചയുണ്ട്. 2012ല്‍ ഇത് 17.15 കോടി ആയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സ്തനാർബുദം, ശ്വാസകോശത്തിലേക്കും ലിംഫ് ഗ്രന്ഥിയിലേക്കും പടർന്നു; 51കാരിയിൽ പുതിയ മരുന്ന് ഫലിച്ചു, പൂർണസൗഖ്യം  ​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ