പനി, ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം; അഞ്ചാം പനിയെ സൂക്ഷിക്കുക 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2022 09:28 AM  |  

Last Updated: 26th November 2022 09:28 AM  |   A+A-   |  

measles_vaccine

പ്രതീകാത്മക ചിത്രം

 

ഞ്ചാംപനി പ്രധാനമായും ബാധിക്കുന്നത് കുട്ടികളെയാണ്. മീസല്‍സ്, റുബല്ല അഥവാ എംആര്‍ വാക്‌സിന്‍ നല്‍കുന്നതിലൂടെ ഈ രോഗത്തിനെ പ്രതിരോധിക്കാന്‍ കഴിയും. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കാണ് സാധാരണ എംആര്‍ വാക്‌സിന്‍ നല്‍കുന്നത്. കുട്ടിയുടെ ഒമ്പതാം മാസം കഴിഞ്ഞാലുടന്‍ ആദ്യ ഡോസ് എംആര്‍ വാക്‌സിനും പതിനാറാം മാസം കഴിഞ്ഞാലുടന്‍ രണ്ടാം ഡോസും നല്‍കണം. എന്തെങ്കിലും കാരണത്താല്‍ ഏതെങ്കിലും ഒരു ഡോസ് എടുക്കാത്ത കുട്ടികള്‍ക്ക് 5 വയസുവരെ വാക്‌സിന്‍ എടുക്കാവുന്നതാണ്. എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ഈ വാക്‌സിന്‍ സൗജന്യമായി ലഭ്യമാണ്.

അഞ്ചാംപനി അഥവാ മീസല്‍സ്

ചെറിയ കുട്ടികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് അഞ്ചാംപനി. ആറു മാസം മുതല്‍ മൂന്നു വയസ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. എങ്കിലും കൗമാര പ്രായത്തിലും മുതിര്‍ന്നവരിലും അഞ്ചാംപനി ഉണ്ടാവാറുണ്ട്.

രോഗ ലക്ഷണങ്ങള്‍

പനി, പനിയോടൊപ്പം ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം എന്നിവയും ഉണ്ടാകും. മൂന്നുനാലു ദിവസം കഴിയുമ്പോള്‍ ദേഹമാസകലം ചുവന്ന തിണര്‍പ്പുകള്‍ പ്രത്യക്ഷപ്പെടും. കൂടാതെ വയറിളക്കം, ഛര്‍ദി, ശക്തമായ വയറുവേദന ഇവയുണ്ടാകും.

രോഗം പകരുന്നത് എങ്ങനെ

അസുഖമുള്ള ഒരാളുടെ കണ്ണില്‍ നിന്നുള്ള സ്രവത്തില്‍ നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങള്‍ വഴിയോ രോഗപ്പകര്‍ച്ചയുണ്ടാകാം.

അഞ്ചാം പനി കാരണം ഉണ്ടാകാവുന്ന സങ്കീര്‍ണതകള്‍

അഞ്ചാം പനി കാരണം എറ്റവും കൂടുതല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ വയറിളക്കത്തിന്റെ ഭാഗമായുള്ള നിര്‍ജലീകരണം, ന്യൂമോണിയ, ചെവിയില്‍ പഴുപ്പ് എന്നിവയാണ്. ഈ പഴുപ്പ് യഥാവിധം ചികില്‍സിച്ചില്ലെങ്കില്‍ മെനിഞ്ചിറ്റീസ് പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാകാം. വിറ്റാമിന്‍ എയുടെ കുറവും ഇത്തരം സങ്കീര്‍ണതകള്‍ വര്‍ധിപ്പിക്കും.

എങ്ങനെ തടയാം

എംആര്‍ വാക്‌സിന്‍ കൃത്യമായി എടുക്കുകയാണ് ഈ രോഗത്തെ തടഞ്ഞു നിര്‍ത്താന്‍ കഴിയുന്ന പ്രധാന മാര്‍ഗം.

വാക്‌സിനേഷനോട് വിമുഖത അരുത്

മീസല്‍സ് അഥവാ അഞ്ചാംപനിയുടെ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറത്ത് അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ജില്ലയ്ക്ക് നേരത്തെതന്നെ ജാഗ്രതാ നിര്‍ദേശവും സംസ്ഥാനത്ത് നിരീക്ഷണമൊരുക്കാനുള്ള നിര്‍ദേശവും നല്‍കിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംസ്ഥാന മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തിലും മലപ്പുറത്തെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായി അവലോകനം ചെയ്തിരുന്നു. ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ ആരോഗ്യ വകുപ്പ് ജനകീയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടപ്പിലാക്കി വരുന്നുണ്ട്. വാക്‌സിനേഷന്‍ വിമുഖതയകറ്റാന്‍ പ്രത്യേക കാമ്പയിന്‍ ആരംഭിക്കുന്നതാണ്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും എല്ലാവരും കുട്ടികള്‍ക്ക് കൃത്യമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം അഡീഷണല്‍ ഡയറക്ടറെ അന്വേഷണത്തിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി മലപ്പുറത്തേയ്ക്ക് അയച്ചിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ അഡീഷണല്‍ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇതുകൂടാതെ ഡബ്ല്യു.എച്ച്.ഒ പ്രതിനിധിയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഉറക്കം പ്രശ്നമാണോ? ദിവസവും പാൽ ശീലമാക്കാം, കാരണമിത് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ