പ്രമേഹമുള്ളവർ ടെൻഷനടിച്ചാൽ പ്രശ്‌നമാണോ? സമ്മർദ്ദം കൂടിയാൽ രക്തത്തിലെ പഞ്ചസാരയും കൂടും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th October 2022 11:27 AM  |  

Last Updated: 05th October 2022 11:27 AM  |   A+A-   |  

stress

പ്രതീകാത്മക ചിത്രം


മ്മർദ്ദമുണ്ടാകുമ്പോൾ അല്ലെങ്കിൽ എന്തെങ്കിലും പേടി തോന്നുമ്പോഴുമൊക്കെ നമ്മുടെ ശരീരത്തിലുണ്ടാകുന്ന മാറ്റം നമ്മുക്ക് മനസ്സിലാകും. ഈ സമയം നിങ്ങളുടെ ശ്വാസോച്ഛ്വാസം വേഗത്തിലാകും. സമ്മർദ്ദത്തിലാകുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസ് നില ഉയരുന്നതുകൊണ്ട് നിങ്ങൾ ശാരീരികമായും മാനസികമായും തളരാൻ ഇത് കാരണമാകും. 

രക്തത്തിലേക്ക് കോർട്ടിസോളും അഡ്രിനാലിനും പോലുള്ള ഹോർമോണുകൾ ശരീരം കൂടുതലായി പുറപ്പെടുവിക്കും. ഇത് ശരീരത്തിന് ശരിയായ രീതിയിൽ ഉപാപചയം ചെയ്യാനാകാതെ വരിമ്പോഴാണ് രക്തത്തിലെ ഗ്ലൂക്കോസ് ലെവൽ ഉയരുന്നത്. ജോലി സ്ഥലത്തെ പ്രശ്‌നങ്ങൾ മുതൽ പെട്ടെന്ന് നേരിടേണ്ടിവരുന്ന ചെറിയ അപകടം പോലും സമ്മർദ്ദത്തിന് കാരണമാകാറുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളും ബന്ധങ്ങളിലെ ഉലച്ചിലുമൊക്കെ ചിലരെ വലിയ സമ്മർദ്ദത്തിലേക്ക് നയിക്കും. ഇതുമൂലം ശാരീരികവും വൈകാരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് നേരിടേണ്ടിയും വരാം. 

ആളുകൾ പല രീതിയിലാണ് സമ്മർദ്ദത്തെ നേരിടുന്നത്. ടൈപ് 2 പ്രമേഹം ഉള്ള ആളുകൾ വൈകാരികമായി സമ്മർദ്ദം അനുഭവിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും. അതേസമയം ഇതേ സാഹചര്യത്തോട് ടൈപ് 1 പ്രമേഹം ഉള്ളവർ വ്യത്യസ്തമായി ആയിരിക്കും പ്രതികരിക്കുക. ഇവരുടെ രക്തത്തിലെ ഗ്ലൂക്കോസ് നില ചിലപ്പോൾ ഉയരാനും ചിലപ്പോൾ താഴാനും സാധ്യതയുണ്ട്. അപകടം പോലുള്ള ശാരീരിക സമ്മർദ്ദം മൂലവും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാം. ഇതുമൂലം ടൈപ് 1, ടൈപ് 2 പ്രമേഹരോഗികൾക്ക് പ്രശ്‌നമുണ്ടാകാറുണ്ട്. 

പ്രമേഹ രോഗികളിൽ പൊതുവായി കാണുന്ന ഒന്നാണ് സമ്മർദ്ദം, പ്രത്യേകിച്ചും പ്രമേഹം കണ്ടെത്തിയ ആദ്യനാളുകളിൽ. കഴിക്കുന്ന ഭക്ഷണത്തിൽ പോലും ശ്രദ്ധിക്കേണ്ടിവരുന്നത് തുടക്കത്തിൽ വെല്ലുവിളിയായി തോന്നിയേക്കാം. ഇനിയെന്താകും എന്ന പേടി മുതൽ ഷുഗർ കുറഞ്ഞുപോകുമോ എന്ന ടെൻഷൻ വരെയുണ്ടാകും. ഇത്തരം ഉത്കണ്ഠകൾ ഉണ്ടാകുമ്പോൾ അത് കൈകാര്യം ചെയ്യുന്നതുപോലെ പ്രയാസമാണ് ഈ വേവലാതി എപ്പോൾ ഉടലെടുക്കുമെന്ന ചിന്തയെ നിയന്ത്രിക്കുന്നതും. ഇത്തരം ബുദ്ധിമുട്ടുകൾ ഇടയ്ക്കിടെ മാത്രമേ നിങ്ങളെ അലട്ടുന്നുള്ളെങ്കിൽ ഒരു പരിധിവരെ കാര്യങ്ങൾ നിയന്ത്രണവിധേയമാണ്. അതേസമയം, ഇത് കൈവിട്ടുപോകുന്ന അവസ്ഥകളിൽ നിങ്ങൾ വളരെ മോശം സാഹചര്യത്തിലേക്ക് വീണുപോകുകയും പൊട്ടിത്തെറിക്കുകയുമൊക്കെ ചെയ്യും. അതുകൊണ്ട് ഡോക്ടറോട് കാര്യങ്ങൾ വിശദീകരിച്ച് ശരിയായ ഉപദേശം തേടേണ്ടത് അനിവാര്യമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മൂത്രത്തിലൂടെ മലവിസര്‍ജ്ജനം, അപൂര്‍വ്വ രോഗം; ജീവിതത്തിലേക്ക് തിരിച്ചെത്തി 22കാരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ