
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് പ്ലാസ്റ്റിക് മാലിന്യം. പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും ദോഷമായ മൈക്രോ പ്ലാസ്റ്റിക് കണങ്ങൾ മനുഷ്യന്റെ തലച്ചോറിൽ നിന്നു പോലും കണ്ടെത്തിയത് ശാസ്ത്രലോകത്തെ ഞെട്ടിച്ചു. 'പ്ലാസ്റ്റിക് മാലിന്യം അവസാനിപ്പിക്കുക' എന്നതാണ് ഇത്തവണത്തെ ലോക പരിസ്ഥിതി ദിനത്തിൽ (World Environment Day) ഐക്യരാഷ്ട്രസഭ മുന്നോട്ടു വെയ്ക്കുന്ന പ്രമേയം. 2004 മുതലാണ് മൈക്രോ പ്ലാസ്റ്റിക്കിനെക്കുറിച്ചുള്ള പഠനങ്ങൾ സമുദ്രങ്ങൾ കേന്ദ്രീകരിച്ച് ആരംഭിക്കുന്നത്. മണ്ണ്, ജലം, വായു എന്നിവയെ ഒരുപോലെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് മൈക്രോ പ്ലാസ്റ്റിക് അഥാവ് സൂക്ഷമ പ്ലാസ്റ്റിക് കണികൾ.
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും പ്രകൃതിയോടുള്ള മനുഷ്യന്റെ കടമകളെക്കുറിച്ചും അവബോധം വളർത്തിയെടുക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1973 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്. 1972-ല്‍ സ്റ്റോക്ക്‌ഹോമിൽ നടന്ന യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ദി ഹ്യൂമൻ എൻവയോൺമെൻ്റ് സമ്മേളനത്തിൽ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് ആഗോളതലത്തിൽ ചർച്ച ചെയ്യുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. അതിന്റെ ഓർമയ്ക്കായാണ് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി തിരഞ്ഞെടുക്കപ്പെട്ടത്. 'ഒരേ ഒരു ഭൂമി' എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ടായിരുന്നു ആദ്യ പരിസ്ഥിതി ദിനം ആചരിച്ചത്.
എന്താണ് മൈക്രോ പ്ലാസ്റ്റിക്
അഞ്ച് മില്ലിമീറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കണികകളെയാണ് മൈക്രോ പ്ലാസ്റ്റിക് എന്ന് വിശേഷിപ്പിക്കുന്നത്. വലിയ പ്ലാസ്റ്റിക് കഷണങ്ങൾ അൾട്രാവയലറ്റ് വികിരണങ്ങൾ വഴിയും കടൽ തിരമാലകൾ വഴിയും മറ്റ് ജൈവീക പ്രവർത്തനങ്ങൾ വഴിയും സൂഷ്മ പ്ലാസ്റ്റിക് കണങ്ങളായി മാറുന്നു. ഇത് മണ്ണിനും മനുഷ്യനും പ്രകൃതിക്കും ഒരുപോലെ ദോഷം ചെയ്യുമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഇത് മണ്ണിലേക്ക് എത്തുന്നതു വഴി മണ്ണ് തുരന്ന് ജീവിക്കുന്ന ജീവികളെ പ്രതികൂലമായി ബാധിക്കുകയും ചെടികളുടെ വേരിന്റെ വളർച്ചയെ സാരമായി ബാധിക്കുകയും ചെയ്യും. പ്ലാസ്റ്റിക്കിൽ നിന്ന് പുറന്തള്ളപ്പെടുന്ന ഹെവി മെറ്റലുകൾ ആയ സിങ്ക്, ലെഡ്, മെർക്കുറി, കാഡ്മിയം പോലുള്ളവ വിവിധ ജലസ്രോതസ്സുകളിൽ കലരുന്നതിലൂടെ നമ്മുടെ കുടിവെള്ളവും മറ്റു ജലസ്രോതസ്സുകളും മലിനപ്പെട്ടു കൊണ്ടിരിക്കുകയാണ്.
നെതർലൻഡ്സില്‍ നടന്ന ഒരു പഠനത്തിൽ മനുഷ്യന്റെ രക്ത സാംപിളിൽ മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയത് വലിയ ചലനമാണ് ലോകത്ത് സൃഷ്ടിച്ചത്. പ്രകൃതിക്ക് ഏറെ പരിഗണന നൽകുകയും, മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏറെയുള്ളതുമായ നെതർലൻഡ്സിൽ പോലും മൈക്രോ പ്ലാസ്റ്റിക് മാലിന്യം രക്തത്തിൽ കണ്ടത് ശാസ്ത്രലോകത്തെ ഞെട്ടിച്ചു. ന്യൂ മെക്സിക്കോ സർവകലാശാല നടത്തിയ ഒരു പഠനത്തിൽ മനുഷ്യന്റെ തലച്ചോറിൽ നിന്ന് മൈക്രോ പ്ലാസ്റ്റിക് കണങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അങ്ങനെ മനുഷ്യശരീരത്തിന്റെ വിവിധഭാഗങ്ങളിൽ മൈക്രോ പ്ലാസ്റ്റിക് വ്യാപിച്ചിരിക്കുകയാണ്.
മൈക്രോ പ്ലാസ്റ്റിക് മനുഷ്യ ശരീരത്തിൽ
പ്ലാസ്റ്റിക് ശരീരത്തിലെത്തിയാൽ ചുവന്ന രക്താണുക്കളെ കവർ ചെയ്ത് ഓക്സിജനെ വഹിക്കാൻ ഉള്ള കഴിവ് കുറയ്ക്കുന്നു. കൂടാതെ ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെയും സാരമായി ബാധിക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് റിപ്പോർട്ട് പ്രകാരം ദഹനം, ശ്വസനം, എൻഡോക്രൈൻ, പ്രത്യുൽപാദനം, രോഗപ്രതിരോധ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ മനുഷ്യ ശരീരത്തിലെ വിവിധ സംവിധാനങ്ങളെ മൈക്രോ പ്ലാസ്റ്റിക് ബാധിക്കും. മൈക്രോ പ്ലാസ്റ്റിക് കണങ്ങൾ അകത്തു കടക്കുന്നതോടെ അത് ദഹനനാളത്തിൽ ശാരീരിക അസ്വസ്ഥത ഉണ്ടാക്കുന്നു. ഇത് ശാരീരവീക്കത്തിലേക്കും ദഹനനാളത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. മാത്രമല്ല, മറ്റ് പാരിസ്ഥിതിക വിഷവസ്തുക്കളുടെ വാഹകരായും അവ പ്രവർത്തിക്കുന്നു. 2025ൽ ആഗോളതലത്തിൽ ഏകദേശം 516 ദശലക്ഷം ടൺ പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ക്കുകൾ സൂചിപ്പിക്കുന്നത്. 2060 ആകുമ്പോഴേക്കും അത് ഏതാണ്ട് 1.2 ബില്യൺ ടൺ വരെ എത്താമെന്നാണ് പ്രവചിക്കുന്നത്.
പ്ലാസ്റ്റിക് മുഴുവൻ ഒഴിവാക്കിക്കൊണ്ട് ഒരു ജീവിതം ഇന്നത്തെ സാഹചര്യത്തിൽ സാധ്യമല്ല. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ആണ് പ്രധാനമായും മൈക്രോ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടാക്കുന്നത്. ബാക്കിയുള്ളവ റീസൈക്കിൾ ചെയ്ത് പുതിയ ഉൽപന്നങ്ങളായി എത്തുന്നുണ്ട്. എന്നാൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ വ്യാപകമായി വലിച്ചെറിയപ്പെടുന്നു. അത് മൈക്രോ പ്ലാസ്റ്റിക് ആയി മാറി പ്രകൃതിയെ ദോഷകരമായി ബാധിക്കുന്നു. പരമാവധി പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം കുറച്ചും, പരമാവധി ഉൽപന്നങ്ങൾ റീസൈക്കിൾ ചെയ്തും, വീണ്ടും ഉപയോഗിക്കാവുന്നവ വീണ്ടും ഉപയോഗിച്ചും, പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കാൻ സാധിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ