മധുരമുള്ള പപ്പായ കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് കൃഷി ചെയ്യാന്‍ പരിഗണിക്കാവുന്ന ഇനമാണ് ഹണി ഡ്യൂ. നല്ല രുചിയും മാംസളമായ ഉള്‍ഭാഗവുമുള്ള ഈ പപ്പായ ഇനം വീട്ടുവളപ്പിലും അനുയോജ്യമായ കൃഷിയിടങ്ങളിലും വളര്‍ത്താം. ശരിയായ തൈ തിരഞ്ഞെടുക്കുന്നതും അനുയോജ്യമായ മണ്ണില്‍ നടുന്നതും കൃത്യമായ പരിചരണം നല്കുന്നതുമാണ് മികച്ച വിളവിന് പ്രധാനം. പഴത്തിന്റെ ഉള്‍ഭാഗത്തിന് മഞ്ഞകലര്ന്ന ഓറഞ്ച് നിറമായിരിക്കും. പഴമായി കഴിക്കുന്നതിനും ജ്യൂസ്, സലാഡ് തുടങ്ങിയവ തയ്യാറാക്കുന്നതിനും ഉപയോഗിക്കാം.
ഹണി ഡ്യൂവിന്റെ മറ്റൊരു വകഭേദമാണ് കൂര്‍ഗ് ഹണി ഡ്യൂ. കൃഷിക്ക് വിത്ത് വാങ്ങുമ്പോള്‍ ഇനത്തിന്റെ കൃത്യമായ പേര്, ഉറവിടം, വിത്തിന്റെ ഗുണമേന്മ എന്നിവ ഉറപ്പാക്കണം. ഉഷ്ണമേഖലാ കാലാവസ്ഥയില്‍ വളരുന്ന പപ്പായയ്ക്ക് കേരളത്തിലെ കാലാവസ്ഥ പൊതുവെ അനുയോജ്യമാണ്. നല്ല സൂര്യപ്രകാശവും നീര്‍വാര്‍ച്ചയുള്ള മണ്ണും ലഭിച്ചാല്‍ ഹണി ഡ്യൂ കൃഷി വിജയകരമാക്കാം.
22-26 ഡിഗ്രി സെല്‍ഷ്യസ് താപനില വളര്‍ച്ചയ്ക്ക് അനുയോജ്യമാണ്.
ദിവസവും കുറഞ്ഞത് 5-6 മണിക്കൂര്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കണം.
വെള്ളം കെട്ടിനില്‍ക്കാത്ത മണ്ണ് വേണം.
ശക്തമായ കാറ്റ് നേരിട്ട് ഏല്ക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണ്.
മഴക്കാലത്ത് വേരുചീയല്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ നീര്‍വാര്‍ച്ചയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കണം.
ഹണി ഡ്യൂവും കൂര്‍ഗ് ഹണി ഡ്യൂവും
ഹണി ഡ്യൂ പപ്പായ കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഇക്കാര്യം പ്രത്യേകം മനസ്സിലാക്കണം. ഹണി ഡ്യൂ, കൂര്‍ഗ് ഹണി ഡ്യൂ എന്നിവ ഒരേ ഇനമല്ല. കൂര്‍ഗ് ഹണി ഡ്യൂ, ഹണി ഡ്യൂവില്നിന്ന് തെരഞ്ഞെടുത്ത് വികസിപ്പിച്ച ഇനമാണ്. ഹണി ഡ്യൂ മധുരമുള്ള പഴങ്ങള്‍ക്കായി അറിയപ്പെടുന്ന ഇനമാണ്. ആണ്, പെണ് ചെടികള്‍ കാണപ്പെടുന്നതിനാല്‍ പൂവിടുന്ന ഘട്ടത്തില്‍ ചെടികളുടെ ലിംഗം തിരിച്ചറിയേണ്ടിവരും.
കൂര്‍ഗ് ഹണി ഡ്യൂ മധുബിന്ദു എന്നും അറിയപ്പെടുന്നു. ആണ്ചെടികള് സാധാരണയായി കാണപ്പെടാത്ത ഈ ഇനത്തില്‍ പെണ്, ദ്വിലിംഗ ചെടികളാണുള്ളത്. മഞ്ഞകലര്ന്ന ഓറഞ്ച് നിറത്തിലുള്ള കട്ടിയുള്ള മാംസളമായ ഉള്‍ഭാഗവും നല്ല രുചിയുമാണ് പ്രത്യേകത. കൂര്‍ഗ് ഹണി ഡ്യൂവിന്റെ പഴങ്ങള്‍ക്ക് സാധാരണയായി 1.5-2 കിലോഗ്രാം വരെ തൂക്കം ലഭിക്കാം. മണ്ണ്, കാലാവസ്ഥ, പരിപാലനം എന്നിവ അനുസരിച്ച് വലുപ്പത്തിലും വിളവിലും വ്യത്യാസമുണ്ടാകും.
തൈകള്‍ എങ്ങനെ തയ്യാറാക്കാം?
വിത്ത് വഴിയാണ് ഹണി ഡ്യൂ പപ്പായ സാധാരണയായി കൃഷി ചെയ്യുന്നത്. നല്ല വിളവ് ലഭിക്കാന്‍ വിശ്വസനീയമായ നഴ്സറിയില്‍നിന്ന് വിത്തുകള്‍ വാങ്ങുന്നതാണ് നല്ലത്. മണ്ണ്, മണല്‍, നന്നായി അഴുകിയ ജൈവവളം എന്നിവ ചേര്‍ത്ത മിശ്രിതം പോളിത്തീന്‍ കവറുകളില്‍ നിറയ്ക്കുക. ഓരോ കവറിലും രണ്ട് വിത്തുകള്‍ വീതം 2-3 സെന്റിമീറ്റര്‍ ആഴത്തില്‍ നടാം. വിത്ത് മുളച്ചതിനുശേഷം ആരോഗ്യമുള്ള ഒരു തൈ മാത്രം നിലനിര്‍ത്തുക.
ആവശ്യത്തിന് വെള്ളം നല്‍കുക. വെള്ളം കെട്ടിനില്ക്കാന് അനുവദിക്കരുത്. രണ്ടുമാസം പ്രായമായ ആരോഗ്യകരമായ തൈകള്‍ പ്രധാന സ്ഥലത്തേക്ക് മാറ്റിനടാം. വിത്ത് മുളയ്ക്കുന്നതിനും തൈകള്‍ വളരുന്നതിനും ആവശ്യമായ ഈര്‍പ്പം ഉറപ്പാക്കണം. എന്നാല്‍ അമിതമായ നന ഒഴിവാക്കണം. പോളിത്തീന്‍ കവറുകളില്‍ വളര്‍ത്തുന്ന തൈകള്‍ പറിച്ചുനടുമ്പോള്‍ വേരുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത കുറവാണ്.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ പപ്പായ കൃഷി ശുപാര്‍ശ പ്രകാരം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ തൈകള്‍ തയ്യാറാക്കി മേയ്-ജൂണ്‍ മാസങ്ങളില്‍ പ്രധാന സ്ഥലത്തേക്ക് പറിച്ചുനടുന്നതാണ് അനുയോജ്യം. എന്നാല്‍ വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലങ്ങളില്‍ ആവശ്യമായ ജലസേചന സൗകര്യമുണ്ടെങ്കില്‍ മറ്റു സമയങ്ങളിലും കൃഷി തുടങ്ങാം. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ കൃഷി ആരംഭിക്കുന്നവര്‍ മഴയുടെ ലഭ്യതയും മണ്ണിലെ ഈര്‍പ്പവും വിലയിരുത്തി നടീല്‍ നടത്തണം.
50 × 50 × 50 സെന്റിമീറ്റര്‍ വലുപ്പത്തില്‍ കുഴികളെടുക്കാം.
മേല്‍മണ്ണിനൊപ്പം നന്നായി അഴുകിയ ചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ് ചേര്‍ക്കാം.
സാധാരണ കൃഷിയില്‍ 2 × 2 മീറ്റര്‍ അകലം പാലിക്കാം.
തൈയുടെ വേരുകള്‍ക്ക് കേടുപാടുകള്‍ വരാതെ നടണം.
നടീലിനുശേഷം ആവശ്യത്തിന് വെള്ളം നല്‍കണം.
വലിയ തോതിലുള്ള കൃഷിയില്‍ ചെടികള്‍ തമ്മിലുള്ള അകലം കൃഷിരീതിക്കും സ്ഥലസൗകര്യത്തിനും അനുസരിച്ച് ക്രമീകരിക്കാം.
വളപ്രയോഗം
നല്ല വളര്‍ച്ചയ്ക്കും മികച്ച കായ്ഫലത്തിനും പോഷകങ്ങള്‍ കൃത്യമായ അളവില്‍ നല്‍കണം. ഹണി ഡ്യൂ പപ്പായയ്ക്കും പൊതുവായ പപ്പായ കൃഷിയിലെ വളപരിപാലനരീതികള് പിന്തുടരാം. ഓരോ ചെടിക്കും വര്‍ഷത്തില്‍ 10-25 കിലോ വരെ നന്നായി അഴുകിയ ജൈവവളം നല്‍കാം. ചാണകപ്പൊടി, കമ്പോസ്റ്റ്, വേര്മി കമ്പോസ്റ്റ് എന്നിവ ഉപയോഗിക്കാം. വേപ്പിന്‍പിണ്ണാക്ക് ആവശ്യാനുസരണം ചേര്‍ക്കാം. കായ്കള്‍ ഉണ്ടാകുന്ന ഘട്ടത്തില്‍ പോഷകങ്ങളുടെ ലഭ്യത ഉറപ്പാക്കണം. രാസവളങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മണ്ണുപരിശോധനയുടെ അടിസ്ഥാനത്തില്‍ കൃഷി ഉദ്യോഗസ്ഥരുടെ നിര്‍ദേശം സ്വീകരിക്കണം. ഒറ്റത്തവണ വളം നല്‍കുന്നതിനുപകരം ചെടിയുടെ വളര്‍ച്ചയ്ക്കും കായ്ഫലത്തിനും അനുസരിച്ച് വളപ്രയോഗം ക്രമീകരിക്കുന്നതാണ് ഉചിതം.
വെള്ളവും സൂര്യപ്രകാശവും
ഹണി ഡ്യൂ പപ്പായയ്ക്ക് നല്ല സൂര്യപ്രകാശം ആവശ്യമാണ്. സൂര്യപ്രകാശം കുറഞ്ഞാല്‍ ചെടിയുടെ വളര്‍ച്ചയെയും കായ്ഫലത്തെയും ബാധിക്കാം. വേനല്‍ക്കാലത്ത് മണ്ണിലെ ഈര്‍പ്പം പരിശോധിച്ച് നനയ്ക്കണം. മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം. ചെടിയുടെ ചുവട്ടില്‍ ഉണങ്ങിയ ഇലകള്‍, വൈക്കോല്‍ എന്നിവ ഉപയോഗിച്ച് പുതയിടാം. കളകള്‍ കൃത്യമായി നീക്കം ചെയ്യണം. ചെടികള്‍ക്ക് ചുറ്റും വായുസഞ്ചാരം ഉറപ്പാക്കണം. മഴക്കാലത്ത് വേരുചീയല്‍ തടയാന്‍ നീര്‍വാര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കണം.
ആണ്‍ചെടികളെ തിരിച്ചറിയണം
ഹണി ഡ്യൂ ഇനത്തില്‍ കൃഷിക്കാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് ആണ്, പെണ് ചെടികളുടെ തിരിച്ചറിയല്‍. ആണ്‍ചെടികളുടെ നീളമുള്ള പൂങ്കുലകളിലാണ് പൂക്കള്‍ ഉണ്ടാകുന്നത്. ഇവ സാധാരണയായി കായ്ക്കില്ല. പെണ്‍ചെടികളില്‍ തണ്ടിനോട് ചേര്‍ന്നാണ് പൂക്കള്‍ ഉണ്ടാകുന്നത്. പരാഗണം നടന്നാല്‍ കായ്കള്‍ രൂപപ്പെടും. ഒരേ പൂവില്‍ ആണ്, പെണ് പ്രത്യുത്പാദന ഭാഗങ്ങള്‍ ഉണ്ടായിരിക്കുവയാണ് ദ്വിലിംഗ ചെടികള്‍. ഇവയ്ക്ക് സ്വയം പരാഗണം നടത്താന്‍ സാധിക്കും.
വിത്ത് വഴി തൈകള്‍ വളര്‍ത്തുമ്പോള്‍ എല്ലാ ചെടികളും പെണ്ചെടികളായിരിക്കണമെന്നില്ല. പൂവിടുന്ന ഘട്ടത്തില്‍ ആണ്‍ചെടികളെ തിരിച്ചറിയാം. കേരള കാര്‍ഷിക സര്‍വകലാശാലയുടെ നിര്‍ദേശം അനുസരിച്ച് പെണ്‍ചെടികള്‍ കൂടുതലുള്ള തോട്ടത്തില്‍ 10 പെണ്ചെടികള്ക്ക് ഒരു ആണ്ചെടി എന്ന അനുപാതത്തില്‍ പരാഗണത്തിനായി ആണ്‍ചെടിയെ നിലനിര്‍ത്താം. കൂര്‍ഗ് ഹണി ഡ്യൂവില്‍ സാധാരണയായി ആണ്ചെടികള് ഉണ്ടാകാത്തതിനാല്‍ ഈ പ്രശ്നം താരതമ്യേന കുറവാണ്.
കീടങ്ങളും രോഗങ്ങളും തടയാം
ഹണി ഡ്യൂ പപ്പായ കൃഷിയില്‍ ശ്രദ്ധിക്കേണ്ട പ്രധാന പ്രശ്നങ്ങളാണ് വൈറസ് രോഗങ്ങളും വേരുചീയലും കീടബാധയും.
റിങ് സ്പോട്ട് വൈറസ്: ഇലകളില്‍ മഞ്ഞപ്പാടുകള്‍, മൊസൈക് രൂപത്തിലുള്ള അടയാളങ്ങള്‍, ഇലചുരുളല് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. പഴങ്ങളില്‍ വളയം പോലെയുള്ള പാടുകളും ഉണ്ടാകാം. നിയന്ത്രിക്കാന്‍ രോഗമില്ലാത്ത തൈകള്‍ മാത്രം നടുക. രോഗബാധയുള്ള ചെടികള്‍ കണ്ടെത്തിയാല്‍ നീക്കം ചെയ്യുക. മുഞ്ഞയുടെ സാന്നിധ്യം നിരീക്ഷിക്കുക. കൃഷിയിടത്തിലെ കളകള്‍ നിയന്ത്രിക്കുക.
പപ്പായ മീലിബഗ്: തണ്ടിലും ഇലകളിലും വെളുത്ത പഞ്ഞിപോലുള്ള പദാര്‍ഥം കാണപ്പെടാം. ഇവ ചെടിയുടെ നീരൂറ്റിക്കുടിച്ച് വളര്‍ച്ചയെ ബാധിക്കും. നിയന്ത്രിക്കാനായി രോഗബാധിതമായ ചെടിഭാഗങ്ങള്‍ നീക്കം ചെയ്യുക. കീടബാധയുടെ തുടക്കത്തില്‍ തന്നെ നിരീക്ഷണം നടത്തുക. ആവശ്യമായാല്‍ കൃഷി ഓഫീസറുടെ നിര്‍ദേശപ്രകാരം നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.
വേരുചീയല്‍: മണ്ണില്‍ വെള്ളം കെട്ടിനില്‍ക്കുന്നതാണ് പ്രധാന കാരണങ്ങളിലൊന്ന്. അതിനാല്‍ നല്ല നീര്‍വാര്‍ച്ച ഉറപ്പാക്കണം.
വിളവെടുപ്പ്
നല്ല രീതിയില്‍ പരിപാലിച്ച ഹണി ഡ്യൂ പപ്പായ ചെടികളില്‍ നടീലിനു ശേഷം ഏകദേശം 8-10 മാസത്തിനുള്ളില്‍ വിളവെടുപ്പ് ആരംഭിക്കാം. ഇനം, കാലാവസ്ഥ, തൈയുടെ ഗുണമേന്മ, വളപ്രയോഗം എന്നിവ അനുസരിച്ച് സമയത്തില്‍ വ്യത്യാസമുണ്ടാകും. പഴത്തിന്റെ പുറംതൊലിയില്‍ പച്ചനിറം മാറി മഞ്ഞനിറം പ്രത്യക്ഷപ്പെടാന്‍ തുടങ്ങുമ്പോള്‍ വിളവെടുക്കാം. വീട്ടാവശ്യത്തിനായി മരത്തില്വച്ച് പാകമാകാന്‍ അനുവദിക്കാം. പഴങ്ങള്‍ പറിച്ചെടുക്കുമ്പോള്‍ മുറിവുകളോ ചതവുകളോ ഉണ്ടാകാതെ ശ്രദ്ധിക്കണം. ചെടിയില്‍നിന്ന് പല ഘട്ടങ്ങളിലായി പഴങ്ങള്‍ ലഭിക്കുന്നതിനാല്‍ ഒരുമിച്ച് എല്ലാ പഴങ്ങളും പറിച്ചെടുക്കേണ്ടതില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates