Kollur Mookambika Temple 
Astrology

മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി...; ശ്രീചക്രപീഠത്തില്‍ ഭഗവതിയോടൊപ്പം ത്രിമൂര്‍ത്തി സാന്നിധ്യം, ഗ്രഹണ സമയത്ത് നട അടയ്ക്കാത്ത മൂകാംബിക ക്ഷേത്രം

കര്‍ണാടകയിലെ കൊല്ലൂരില്‍, സൗപര്‍ണ്ണികാ നദിയുടെ തെക്കേ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് മൂകാംബിക

ഡോ: പി. ബി.രാജേഷ്

ര്‍ണാടകയിലെ കൊല്ലൂരില്‍, സൗപര്‍ണ്ണികാ നദിയുടെ തെക്കേ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് മൂകാംബിക. മൂകാംബിക എന്നറിയപ്പെടുന്ന ഭഗവതിക്ക് സമര്‍പ്പിച്ചിരിയ്ക്കുന്ന ഒരു മഹാക്ഷേത്രമാണിത്. കുടജാദ്രി മലകളുടെ താഴ്വരയില്‍ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

എല്ലാ ജാതി മതസ്ഥര്‍ക്കും ഇവിടെ ദര്‍ശനം അനുവദനീയമാണ്. ഹൈന്ദവ, ശാക്തേയ വിശ്വാസ പ്രകാരം ജഗദീശ്വരിയായ സാക്ഷാല്‍ ആദിപരാശക്തി 'മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി' എന്നി മൂന്ന് ഭാവങ്ങളുടെ ഐക്യരൂപിണിയായി മൂകാംബിക എന്ന പേരില്‍ ഇവിടെ ആരാധിയ്ക്കപ്പെടുന്നു. എന്നാല്‍, ഇവിടെ മൂന്നു രീതിയിലുള്ള പ്രത്യേക പൂജയില്ല. എല്ലാ പൂജകളും ഈ മൂന്നു സങ്കല്പങ്ങളെയും സമന്വയിച്ചുള്ളതാണ്. ശ്രീചക്രപീഠത്തില്‍ ഭഗവതിയോടൊപ്പം ത്രിമൂര്‍ത്തിസാന്നിധ്യം ഉള്‍ക്കൊള്ളുന്ന ശിവലിംഗം കൂടിയുള്ളതിനാല്‍ ശിവശക്തി-ത്രിമൂര്‍ത്തി ഐക്യരൂപത്തിലാണ് ഇവിടത്തെ പ്രതിഷ്ഠ. ഗ്രഹണ സമയത്ത് നട അടയ്ക്കാത്ത ക്ഷേത്രം എന്ന പ്രത്യേകതയും ഇവിടെയുണ്ട്.

ആദിപരാശക്തിയുടെ വാസസ്ഥാനമായി കരുതപ്പെടുന്ന ശ്രീചക്രപ്രതിഷ്ഠയ്ക്ക് ഇവിടെ അതീവപ്രാധാന്യമുണ്ട്. വടക്ക് ഗോകര്‍ണം മുതല്‍ തെക്ക് കന്യാകുമാരി വരെ വ്യാപിച്ചു കിടന്നിരുന്ന പുരാതന കേരളത്തിന്റെ രക്ഷയ്ക്കായി പ്രതിഷ്ഠിയ്ക്കപ്പെട്ട നാല് അംബികമാരില്‍ പ്രധാനിയാണ് മൂകാംബിക എന്ന് സങ്കല്പമുണ്ട്. അതിനാല്‍ മലയാളികള്‍ ധാരാളമായി ദര്‍ശനം നടത്തുന്ന ക്ഷേത്രമാണിത്. നിലവില്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കര്‍ണാടകയിലാണെങ്കിലും ക്ഷേത്രത്തിലെത്തുന്ന ഭക്തരില്‍ നല്ലൊരു ശതമാനവും കേരളത്തില്‍ നിന്നാണ്. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ക്ഷേ ത്രങ്ങളിലൊന്നായി മൂകാംബികാ ക്ഷേത്രം കണക്കാക്കപ്പെടുന്നു.ഈ മഹാ ക്ഷേത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമു ണ്ട്.ഭഗവതീസാന്നിദ്ധ്യം കൊണ്ട് നൂറ്റെട്ട് ദുര്‍ഗ്ഗാലയങ്ങളിലും ശിവസാന്നിദ്ധ്യം കൊണ്ട് നൂറ്റെട്ട് ശിവാലയങ്ങളിലും ഉള്‍ പ്പെടുന്ന ഒരു ക്ഷേത്രമാണിത്.

മീനമാസത്തിലെ കൊടിയേറ്റുത്സവവും അതിനോടനുബന്ധിച്ചുള്ള മഹാ രഥോത്സവവും ആശ്വിനമാസത്തിലെ ഒന്‍പത് നാള്‍ നീണ്ടു നില്‍ക്കുന്ന 'നവരാത്രി ഉത്സവവും 'വിദ്യാരംഭവും' ഇവിടെ അതി പ്രധാനമാണ്. മറ്റൊന്ന് മൂകാംബിക ജ ന്മാഷ്ടമി ആണ്. കൂടാതെ യുഗാദി, മഹാ ശിവരാത്രി, ദീപാവലി തുടങ്ങിയ ദിവസങ്ങളും വിശേഷങ്ങളാണ്. കര്‍ണാടക സര്‍ക്കാരിന് കീഴിലുള്ള ഹിന്ദുമത സാംസ്‌കാരിക സ്ഥാപനത്തിന് കീഴിലാണ് ഈ മഹാക്ഷേത്രം.

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് കൊല്ലൂര്‍ മൂകാംബികാക്ഷേത്രം. അഞ്ചു മണിക്ക് നിര്‍മ്മാല്യദര്‍ശനമാണ് ആദ്യത്തെ ചടങ്ങ്. അതിനുശേഷം സ്വയംഭൂലിംഗത്തില്‍ അഭിഷേകം.പഞ്ചലോഹവിഗ്രഹത്തില്‍ അഭിഷേകങ്ങള്‍ നടത്താറില്ല. അഞ്ചരയോടെ ഒരു നാളികേരം ഉപയോഗിച്ചുള്ള ഗണപതിഹോമം തുടങ്ങുന്നു. രാവിലെ ആറര യ്ക്ക് ഉഷഃപൂജ. ദന്തധാവനപൂജ എന്നാണ് ഇവിടെ ഉഷഃപൂജ അറിയപ്പെടുന്നത്. ദേവി പല്ലുതേയ്ക്കുന്ന സങ്കല്പത്തില്‍ നടത്തുന്ന പൂജയായതു കൊണ്ടാണ് ഈ പേരുവന്നത്. ഏഴേകാലിന് ദന്തധാവന മംഗളാരതിയും ഏഴരയ്ക്ക് പഞ്ചാമൃതാഭിഷേകവും നടത്തുന്നു. ഏഴേമുക്കാലിന് ദേവിയ്ക്ക് നിവേദ്യമാണ്. തുടര്‍ന്ന് എട്ടുമണിയോടെ എതിരേ റ്റുപൂജയും അതിനുശേഷം ഉഷഃശീവേലിയും നടത്തപ്പെടുന്നു. ക്ഷേത്രത്തില്‍ ആനകളുണ്ടെങ്കിലും ശീവേലി നടത്തുന്നത് ആനപ്പുറത്തേറിയല്ല. ആദ്യ പ്രദക്ഷിണത്തില്‍ തലയിലേറ്റിയും പിന്നീടുള്ള മൂന്ന് പ്രദക്ഷിണങ്ങളില്‍ പല്ലക്കില്‍ കിടത്തിയും അവസാനം തേരിലേറ്റിയുമാണ് ശീവേലി നടത്തുക. അകമ്പടിയായി പ്രത്യേക രീതിയില്‍ നിര്‍മ്മിച്ച ചെണ്ടയും നാദസ്വരവു മുണ്ടാകും. കേരളത്തിലും തമിഴ്‌നാട്ടിലും ഉപയോഗിച്ചു വരുന്ന നാദസ്വരത്തേക്കാള്‍ ചെറുതാണ് ഇവിടെയുള്ളത്. തന്മൂലം ഇതിന് ശബ്ദവും കൂടുതലായിരിയ്ക്കും. പതിനൊന്നരയ്ക്ക് ഉച്ചപ്പൂജയും പന്ത്രണ്ടരയ്ക്ക് ഉച്ചശീവേലിയും നടത്തി ഉച്ചയ്ക്ക് ഒന്നരയോടെ നടയടയ്ക്കുന്നു.

ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്ക് നട വീണ്ടും തുറക്കുന്നു. മൂന്ന് മുതല്‍ വൈകുന്നേരം ആറുവരെ ഭക്തര്‍ക്ക് ദര്‍ശനത്തിന് വേണ്ടി മാത്രമുള്ള സമയമാണ്. തിരക്ക് കുറച്ചു ദര്‍ശനം നടത്താന്‍ വേണ്ടിയാണ് ഇത്തരമൊരു സംവിധാനം. അതിനാല്‍ സൗകര്യപ്രദമായി ദര്‍ശനം നടത്തണം എന്നുള്ളവര്‍ക്ക് ഈ സമയം പ്രയോജനപ്പെടുത്താം.സന്ധ്യയ്ക്ക് സൂ ര്യാസ്തമായത്തോടനുബന്ധിച്ച് മഹാ ദീപാരാധന. പ്രദോഷപൂജ എന്നാണ് ഇവിടെ ദീപാരാധന അറിയപ്പെടുന്നത്. ഈ പൂജയോടനുബന്ധിച്ച് പഞ്ചാമൃതാഭിഷേകവും പതിവാണ്. തുടര്‍ന്ന് രാത്രി ഏഴുമണിയ്ക്ക് നിവേദ്യവും ഏഴേകാലിന് അത്താഴപ്പൂജയും നടത്തുന്നു. അത്താഴപ്പൂജയോടനുബന്ധിച്ചുള്ള മംഗളാരതിയ്ക്ക് സലാം മംഗളാരതി എന്നാണ് പേര്. ഒരിയ്ക്കല്‍ ഈ മംഗളാരതിയുടെ സമയത്ത് ക്ഷേത്രത്തിനടുത്തുകൂടെ കടന്നു പോയ ടിപ്പുസുല്‍ത്താന്‍ ഈ കാഴ്ച കണ്ട് സ്തബ്ധനാകുകയും ഇസ്ലാമിക രീതിയില്‍ സലാം പറയുകയും ചെയ്തു എന്ന കഥയെ ആസ്പദമാക്കിയാണ് ഈ പേര് പറയപ്പെടുന്നത്. അത്താഴപ്പൂജ കഴിഞ്ഞാല്‍ ഉപദേവതകള്‍ക്കുള്ള പൂജകളാണ്. തുടര്‍ന്ന് എട്ടുമണിയോടെ ഇവര്‍ക്കുള്ള നിവേദ്യവും ദീപാരാധനയും. എട്ടേകാലിന് അത്താഴ ശീവേലി തുടങ്ങുന്നു.

ഈയവസരത്തില്‍ ദേവീ വിഗ്രഹം സരസ്വതീമണ്ഡപത്തില്‍ എഴുന്നള്ളിച്ചു കൊണ്ടുവരുന്ന ചടങ്ങുമുണ്ട്. അതിപ്രധാനമാണ് ഈ ചടങ്ങ്. ഈ സമയത്ത് അവിലും നാളികേരവുമാണ് നിവേദ്യങ്ങളായി ഭഗവതിയ്ക്ക് സമര്‍പ്പിയ്ക്കുന്നത്. വിദ്യാഭിവൃദ്ധി ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഈ ദര്‍ശനം അതി വിശേഷമായി കണക്കാക്കപ്പെടുന്നു. നിവേദ്യത്തിനുശേഷം വിശേഷാല്‍ പൂജ യും മംഗളാരതിയും നടത്തുന്നു. ഈ സമയത്ത് എല്ലാ വാദ്യോപകരണങ്ങളും അകമ്പടിയായി വായിക്കുന്നു. ഇവയ് ക്കൊപ്പം ഭക്തരുടെ നാമജപവുമുണ്ടാകും. ഈ ചടങ്ങ് കഴിഞ്ഞാല്‍ ദേവിയെ ശ്രീ കോവിലിലേയ്ക്ക് തിരിച്ചെഴുന്നള്ളിയ് ക്കുന്നു. തുടര്‍ന്ന് ഒമ്പതുമണിയോടെ ദേവിയുടെ പ്രധാന നിവേദ്യമായ കഷായ തീര്‍ത്ഥം നേദിയ്ക്കുന്നു. ഇതിനോടനു ബന്ധിച്ചും ഒരു പൂജയുണ്ട്. അത് പൂര്‍ത്തിയാകുന്നതോടെ ക്ഷേത്രനട വീണ്ടും അടയ്ക്കുന്നു.

മഹാനവമിനാളില്‍ രാത്രി എല്ലാ ഭക്തരും തൊഴുതിറങ്ങിയശേഷമേ നടയടയ്ക്കൂ. പുലര്‍ച്ചെ അഞ്ചുമണി മുതല്‍ രാത്രി ഒ ന്‍പത് വരെ പൂജയ്ക്ക് വേണ്ടിയുള്ള ചെറിയ ഇടവേളകള്‍ ഒഴിച്ചാല്‍ ഭക്തര്‍ക്ക് എല്ലാ സമയത്തും ദര്‍ശനം സാധ്യമാണ്. ഉച്ചയ്ക്ക് ഒന്നരമണിക്കൂര്‍ മാത്രമാണ് നട അടയ്ക്കുന്നത് (ഒന്നര മുതല്‍ മൂന്ന് വരെ). എന്നാല്‍, ഇവിടെ ഗ്രഹണം ബാ ധകമല്ല. ഗ്രഹണസമയത്തും ഇവിടെ പൂജകള്‍ക്ക് മാറ്റമുണ്ടാകില്ല.

അഡിഗ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ബ്രാഹ്മണസമൂഹമാണ് ഈ ക്ഷേത്രത്തിലെ തന്ത്രി, മേല്‍ശാന്തി സ്ഥാനങ്ങള്‍ അലങ്കരിയ്ക്കുന്നത്. ഇവര്‍ സാധാരണയായി ദേവിയെ മാത്രം പൂജിയ്ക്കുന്നവരാണ്. വിവാഹിതരായവര്‍ക്ക് മാത്രമേ അമ്മയെ പൂജിയ്ക്കാനുള്ള അനുവാദമുള്ളൂ. പ്രതിഷ്ഠ ശിവ-ശക്തി ഐക്യഭാവത്തിലുള്ളതായതു കൊണ്ടാണ് ഇങ്ങ നെയൊരു നിബന്ധന. ഭട്ട് എന്നറിയപ്പെടുന്ന മറ്റൊരു ബ്രാഹ്മണ സമൂഹമാണ് ഇവിടെ കീഴ്ശാന്തിപ്പണി ചെയ്തു വരുന്നത്.

ഫാല്‍ഗുനമാസത്തിലെ (മലയാളം കല ണ്ടറില്‍ മീനമാസം) ഉത്രം നാളില്‍ കൊടിയേറി ഒമ്പതുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആണ്ടുവിശേഷം. ഇതിനോടനുബന്ധിച്ച് മൂലം നാളില്‍ നടക്കുന്ന രഥോത്സവം വ ളരെ വിശേഷമാണ്. രഥോത്സവം എട്ടാം നാള്‍ വരും വിധത്തിലാണ് ഉത്സവം നടത്തപ്പെടുന്നത്.കര്‍ണാടക മാതൃകയില്‍ നടത്തപ്പെടുന്ന ഉത്സവമാണെങ്കിലും കേരളീയഭക്തരും ധാരാളമായി പങ്കെടുക്കുന്ന വിശേഷമാണ്. ഒമ്പതുദിവസവും വി ശേഷാല്‍ പൂജകളും വഴിപാടുകളും നടത്തപ്പെടുന്നു. ഉച്ചയ്ക്കുള്ള ശതരു ദ്രാഭിഷേകമാണ് പ്രധാന താന്ത്രികവിശേ ഷം.നൂറുതരം അഭിഷേകദ്രവ്യങ്ങള്‍ കൊണ്ട് സ്വയം ഭൂലിംഗത്തില്‍ നടത്തുന്ന അഭിഷേകത്തിനാണ് ശതരുദ്രാഭിഷേകം എന്ന പേരു വന്നത്.വൈകീട്ട് അഞ്ചരയ്ക്കും രാത്രി പത്തുമണിയ്ക്കും ദേവിയെ പുറത്തേയ്‌ക്കെഴുന്നള്ളിയ്ക്കുന്ന ചടങ്ങുണ്ടാകും. ഓരോ ദിവസവും ഓരോ വാഹനത്തിലിരുത്തിയാണ് എഴുന്നള്ളത്ത്.

എട്ടാം ദിവസമായ മൂലം നാളിലാണ് ക്ഷേത്രത്തിലെ മഹാരഥോത്സവം നടത്തപ്പെടുന്നത്. ദേവിയുടെ ജന്മനക്ഷത്ര ദിവ സമാണ് ഫാല്‍ഗുനമാസത്തിലെ മൂലം എന്ന് വിശ്വസിയ്ക്കപ്പെടുന്നു. ബ്രഹ്മരഥം എന്നറിയപ്പെടുന്ന ഏഴുനിലകളോടു കൂ ടിയ മഹാരഥം അന്നാണ് എഴുന്നള്ളിയ്ക്കുന്നത്. ഈ ദിവസം പതിവിലും രണ്ടു മണിക്കൂര്‍ നേരത്തേ നടതുറക്കുന്നു. തുടര്‍ന്ന് ഗണപതി ഹോമം. ഇവയ്ക്കു ശേഷം രാവിലെ എട്ടു മണിയോടെ രഥോത്സവത്തിനുള്ള പൂജകള്‍ തുടങ്ങും. മുഹൂര്‍ത്തബലി, ക്ഷിപ്ര ബലി, രഥബലി തുടങ്ങിവയാണ് രഥോത്സവത്തിന് മുന്നോടിയായ പ്രധാന ചടങ്ങുകള്‍. തുടര്‍ന്ന് രഥാരോഹണവും അതിനു ശേഷം പ്രതീകാത്മക രഥചലനവും തുടങ്ങും.ക്ഷേത്ര നടയില്‍ നിന്ന് ഏതാനും ദൂരം വരെ രഥം എഴുന്നള്ളിയ്ക്കുന്നതാണ് ഈ ചടങ്ങ്. ദേവിയുടെ രണ്ട് വിഗ്രഹങ്ങള്‍ ഒരുമിച്ച് എഴുന്നള്ളിയ്ക്കുന്ന ഏക അവസരം ഇതാണ്.

എന്നാല്‍, പ്രധാന എഴുന്നള്ളത്ത് നടക്കുന്നത് വൈകീട്ട് അഞ്ചുമണിയ്ക്കാണ്. ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നിന്ന് സൗപര്‍ണ്ണികാതീരത്തെ ഓലകമണ്ഡപം (ആറാട്ട് മണ്ഡപം) വരെയാണ് എഴുന്നള്ളത്ത്. രഥം വലിയ്ക്കാന്‍ ആയിരക്ക ണക്കിന് ഭക്തരാണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് മൂകാംബികാസന്നിധിയിലേയ്ക്ക് വരുന്നത്. വാദ്യമേളങ്ങളുടെയും ദേവീമന്ത്രജപങ്ങളുടെയും അകമ്പടിയോടെ രഥം വലിച്ച് ഓലകമണ്ഡപത്തിലെത്തിയ്ക്കുകയും അവിടെ വിശേഷാല്‍ പൂജകള്‍ കഴിഞ്ഞ് തിരിച്ചെഴുന്നള്ളിയ്ക്കുകയും ചെയ്യുന്നു.ക്ഷേത്രനടയില്‍ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ മാത്രം ദൂ രമേയുള്ളൂവെങ്കിലും എഴുന്നള്ളത്ത് അവിടെയെത്താന്‍ ഏകദേശം ഒരു മണിക്കൂറെടുക്കും.തിരിച്ചും അത്രയും സമയം തന്നെ.

പിറ്റേദിവസം വൈകീട്ടാണ് ആറാട്ട്. അന്ന് വിശേഷാല്‍ പൂജകള്‍ക്കുശേഷം ദേവീവിഗ്രഹം പ്രദക്ഷിണമായി സൗപര്‍ ണ്ണികാതീരത്തേയ്ക്ക് കൊണ്ടുപോകുകയും ഓലകമണ്ഡപത്തില്‍ വയ്ക്കുകയും ചെയ്യുന്നു. ഏഴുമണിയോടെ ഓക്കുളി മഹോത്സവം തുടങ്ങുന്നു. ഉത്തരേന്ത്യന്‍ മഹോത്സവമായ ഹോളിയോട് സാദൃശ്യമുള്ള ഒരു ചടങ്ങാണിത്. ശാന്തിക്കാരും ഭക്തരും പരസ്പരം നിറങ്ങള്‍ വാരിയെറിഞ്ഞും പീച്ചാംകുഴല്‍ വഴി നിറമടങ്ങിയ വെള്ളം തെറിപ്പിച്ചും ആഘോഷിയ്ക്കുന്ന ഈ ചടങ്ങ് കഴിഞ്ഞിട്ടാണ് ദേവിയുടെ ആറാട്ട്. ഇതിനു മുമ്പായി ദേവീവിഗ്രഹത്തില്‍ അഭിഷേകവും പുഷ്പാര്‍ച്ചനയും നടത്തുന്നു. തുടര്‍ന്ന് ക്ഷേത്രത്തിലെ പ്രധാന അര്‍ച്ചകന്‍ വിഗ്രഹവുമായി സൗപര്‍ണ്ണികാ നദിയില്‍ മൂന്നുപ്രാവശ്യം മുങ്ങുന്നു. ദേവീസാന്നിദ്ധ്യം കൊണ്ട് പവിത്രമായ നദിയില്‍ ഭക്തരും മുങ്ങുന്നു. പിന്നീടാണ് തെപ്പോത്സവം എന്നറിയ പ്പെടുന്ന ചടങ്ങ്. ദേവീവിഗ്രഹം തോണിയിലിരുത്തി മൂന്നുവട്ടം പ്രദക്ഷിണം വയ്പിയ്ക്കുന്ന ചടങ്ങാണിത്. ഈ ചടങ്ങുക ള്‍ക്കെല്ലാം ശേഷമാണ് ദേവിയുടെ പള്ളി വേട്ട. ആറാട്ടിനുശേഷം പള്ളിവേട്ട നടക്കുന്നത് കേരളീയാചാരത്തിന് വിരുദ്ധമാണെന്നത് ശ്രദ്ധേയമാണ്. നദീതീരത്തെ ഒരു പറമ്പില്‍ പ്രത്യേകം തയ്യാറാക്കി വച്ച സ്ഥലത്ത് അമ്പെയ്യുന്നതാണ് ഈ ചട ങ്ങ്. തുടര്‍ന്ന് ഓലകമണ്ഡപത്തില്‍ വിശ്രമിയ്ക്കുന്ന ദേവിയെ പിറ്റേദിവസം രാവിലെയാണ് ക്ഷേത്രത്തിലേയ്ക്ക് തിരിച്ചെ ഴുന്നള്ളിയ്ക്കുന്നത്. തുടര്‍ന്ന് കൊടിയിറക്കുന്നതോടെ ഉത്സവത്തിന് സമാപ്തിയാകുന്നു.

കൊല്ലൂര്‍ മൂകാംബികാക്ഷേത്രത്തില്‍ ഈ ഒമ്പതുദിവസങ്ങളും പ്രധാനമാണെങ്കിലും ഏറ്റവും പ്രധാനം ഒമ്പതാം ദിവസ മായ മഹാനവമി ദിവസം നടത്തുന്ന പുഷ്പരഥോത്സവവും കനകവര്‍ഷം എന്ന ചടങ്ങും വിജയദശമി നാളിലെ വിദ്യാരം ഭവുമാണ്. ഈ ദിവസങ്ങളില്‍ ധാരാളം കലാപരിപാടികളും ക്ഷേത്രത്തില്‍ അരങ്ങേറും. കലകളുടെ അമ്മയായ മൂകാം ബികയ്ക്കുമുന്നില്‍ നടത്തുന്ന അരങ്ങേറ്റം പുണ്യകരമായി കണക്കാക്കപ്പെടുന്നു. നവരാത്രി ഉത്സവത്തിന് കൊടിയേറ്റമില്ല.

പ്രഥമദിവസം രാവിലെ നടക്കുന്ന കലശ സ്ഥാപനത്തോടെയാണ് നവരാത്രി ആഘോഷങ്ങള്‍ തുടങ്ങുന്നത്. സുവാസിനി പൂജ, ചണ്ഡികാഹോമം തുടങ്ങിയവ ഉണ്ടാകാറുണ്ട്. അതോടെ കേരളത്തില്‍ നിന്നടക്കമുള്ള ആയിരക്കണക്കിന് ഭക്തരും ക്ഷേത്രത്തിലേക്ക് എത്തുന്നു. തുടര്‍ന്നുള്ള ഒമ്പതുദിവസങ്ങളിലും ദേവിയ്ക്ക് വിശേഷാല്‍ പൂജകളും വഴിപാടുകളും നടക്കുന്നു. മഹാനവമി നാളില്‍ ക്ഷേത്രത്തില്‍ രാവിലെ മഹാചണ്ഡികാഹോമവും സുവാസിനിപൂജയും വൈകിട്ട് പുഷ്പ രഥോത്സവവും നടക്കുന്നു. പുഷ്പങ്ങള്‍ കൊണ്ടലങ്കരിച്ച പരാശക്തിയുടെ രഥം വലിക്കുന്ന ചടങ്ങ് ഭക്തരാണ് നടത്തുന്നത്. കനകവര്‍ഷം എന്ന ചടങ്ങും ഈ സമയത്ത് നടക്കുന്നു. രഥത്തില്‍ നിന്നും പൂജാരി ഭക്തരുടെ നേര്‍ക്ക് പൂജിച്ച നാണയങ്ങള്‍ വിതറുന്ന ചടങ്ങാണ് ഇത്. മഹാനവമി ദിവസം മഹാലക്ഷ്മി ഭാവം പൂണ്ട മൂകാംബികാ അമ്മ തന്റെ ഭക്തര്‍ക്ക് സമ്പത്തും സമൃദ്ധിയും ചൊരിയുന്നു എന്ന വിശ്വാസമാണ് ഇതിന്റെ അടിസ്ഥാനം.എല്ലാ ഭക്തരും തൊഴുതിറങ്ങിയ ശേഷം രാത്രി വളരെ വൈകി മാത്രമേ അന്ന് നടയടയ്ക്കുകയുള്ളു. പിറ്റേന്ന് വിജയദശമിനാളില്‍ രാവിലെ മൂന്ന് മണിക്ക് വിദ്യാരംഭത്തിന്റെ ചടങ്ങുകള്‍ തുടങ്ങുന്നു. അന്ന് ആയിരക്കണക്കിന് കുരുന്നുകള്‍ മൂകാംബികാ സന്നിധിയില്‍ ആദ്യാക്ഷരം കുറിയ്ക്കുന്നു. അപ്പോള്‍ മൂകാംബികയെ മഹാസരസ്വതി ഭാവത്തില്‍ ആരാധിക്കുന്നു.ഭഗവതിയെ സ്വര്‍ണ്ണ തേരിലും വെള്ളി തേരിലും എഴുന്നള്ളിക്കുന്ന ചടങ്ങുകളാണ് വിജയ ദശമി ദിവസത്തെ മറ്റൊരു പ്രധാന ചടങ്ങ്. വൈകിട്ട് നടക്കുന്ന വിജയയാത്ര യോടെ നവരാത്രിച്ചടങ്ങുകള്‍ അവസാനിയ്ക്കുന്നു.

ജ്യേഷ്ഠമാസത്തിലെ (മലയാളം കല ണ്ടറില്‍ ഇടവമാസം) (ജൂണ്‍/ ജൂലൈ മാസത്തിലെ) വെളുത്തപക്ഷത്തിലെ അഷ്ടമി ദിവസമാണ് മൂകാംബികാ ജന്മാഷ്ടമിയായി ആചരിച്ചുവരുന്നത്. മൂകാസുരവധത്തിനുശേഷം ദുര്‍ഗ്ഗാ ഭഗവതി ആദ്യമായി സ്വയംഭൂലിംഗത്തില്‍ കുടികൊണ്ട ദിവസമാണ് ഇതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. അന്നേദിവസം ദേവിയ്ക്ക് ശതരുദ്രാഭിഷേകവും പഞ്ചാമൃതാഭിഷേകവും രാത്രി പുഷ്പരഥോത്സവവും നടത്തപ്പെടുന്നു.നിരവധി ഭക്തരാണ് ഈ ദിവസം ക്ഷേത്രത്തിലെത്തുന്നത്. ജന്മാഷ്ടമി കഴിഞ്ഞാല്‍ മഹാനവമി വരെ രഥോത്സവങ്ങളുണ്ടാകാറില്ല.

Kollur Mookambika Temple, importance, specialities

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT