മുംബൈ: ഇലക്ട്രിക് കാര്‍ വിപണിയിലെ മുന്‍നിരക്കാരായ ബിവൈഡി ഇന്ത്യയില്‍ അവരുടെ ആദ്യ പ്ലഗ് ഇന്‍ ഹൈബ്രിഡ് മോഡല്‍ അവതരിപ്പിച്ചു. ഒറ്റ ചാര്‍ജില്‍ ആയിരം കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നതാണ് ബിവൈഡിയുടെ ആദ്യ പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനത്തിന്റെ സവിശേഷത. സീൽ യു എന്ന പേരിലാണ് പുതിയ കാർ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ വർഷം അവസാനത്തോടെ കാർ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിക്കാനാണ് കമ്പനിയുടെ പരിപാടി.
പെട്രോള്‍ എന്‍ജിന്റെ കരുത്തിനൊപ്പം വൈദ്യുതി ബാറ്ററിയുടെ പിന്തുണയും ചേരുന്നതോടെ ദീര്‍ഘദൂര യാത്രക്ക് അനുയോജ്യമായ വാഹനമായി ഇത് മാറും. ഇന്ധനവില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ഇവികളിലേക്കുള്ള മാറ്റത്തില്‍ നിര്‍ണായക ചുവടുവെപ്പാവും പുത്തന്‍ മോഡലെന്നാണ് കരുതപ്പെടുന്നത്.
ബിവൈഡി തങ്ങളുടെ ഡിഎം-ഐ സാങ്കേതികവിദ്യയുമായാണ് ഇന്ത്യയിലെത്തിയത്. പരിചയമുള്ള ഹൈബ്രിഡ് വാഹനങ്ങളില്‍ നിന്നും ഇത് തികച്ചും വ്യത്യസ്തമാണ്. ഇന്ത്യ പൂര്‍ണ്ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണോ അതോ പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളെത്തന്നെ തുടര്‍ന്നും ആശ്രയിക്കണോ എന്ന് വാഹന വ്യവസായ രംഗം ചര്‍ച്ച ചെയ്യുന്ന സമയത്താണ് പുതിയ സാങ്കേതികവിദ്യ ബിവൈഡി അവതരിപ്പിച്ചത്. ഡിഎം-ഐ എന്നത് അടിസ്ഥാനപരമായി ഒരു പ്ലഗ്-ഇന്‍ ഹൈബ്രിഡ് സംവിധാനമാണ്. ഇത് ഭൂരിഭാഗം സമയവും ഒരു ഇലക്ട്രിക് വാഹനം പോലെ പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. അതേസമയം ദീര്‍ഘദൂര യാത്രകള്‍ക്കായി ഒരു പെട്രോള്‍ എന്‍ജിന്റെ സൗകര്യവും ഇത് നിലനിര്‍ത്തുന്നു.
ടൊയോട്ട ഹൈറൈഡര്‍, മാരുതി ഗ്രാന്‍ഡ് വിറ്റാര, ഇന്നോവ ഹൈക്രോസ് തുടങ്ങിയ ജനപ്രിയ കാറുകളിലെ ഹൈബ്രിഡ് സംവിധാനങ്ങള്‍ പ്രധാനമായും 'എന്‍ജിന്‍-ഫസ്റ്റ്' രീതിയിലുള്ളവയാണ്. അതായത്, ഇതില്‍ പെട്രോള്‍ എന്‍ജിനാണ് ഭൂരിഭാഗം ജോലികളും ചെയ്യുന്നത്. ആവശ്യമുള്ളപ്പോള്‍ മാത്രം ഇലക്ട്രിക് മോട്ടോര്‍ സഹായത്തിനെത്തുന്നു.
എന്നാല്‍ ബിവൈഡിയുടെ ഡിഎം-ഐ ഇതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഈ സംവിധാനം 'ഇലക്ട്രിക്-ഫസ്റ്റ്' ആണ്. അതായത്, വാഹനം പരമാവധി ബാറ്ററി കരുത്തില്‍ത്തന്നെ ഓടിക്കാന്‍ ഇത് ശ്രമിക്കുന്നു. ഇതിലെ പെട്രോള്‍ എന്‍ജിന്‍ പലപ്പോഴും ചക്രങ്ങളെ നേരിട്ട് ചലിപ്പിക്കുന്നതിന് പകരം, വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഒരു ജനറേറ്ററായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. പല സാഹചര്യങ്ങളിലും, പ്രത്യേകിച്ച് നഗരങ്ങളിലെ യാത്രകളില്‍, ഈ കാര്‍ ഒരു പ്യുവര്‍ ഇവി പോലെയാണ് പെരുമാറുക. അതുകൊണ്ട് തന്നെ ഇലക്ട്രിക് വാഹനങ്ങളില്‍ മാത്രം കാണുന്ന സുഗമമായ ഡ്രൈവിങ് അനുഭവം സമ്മാനിക്കുന്നു. ഒപ്പം ചാര്‍ജ് തീര്‍ന്നുപോകുമെന്ന ആശങ്കയും ഇല്ലാതാക്കുന്നു. വാഹനത്തിന്റെ വേഗം, ബാറ്ററിയുടെ ചാര്‍ജ്, ആവശ്യമായ കരുത്ത് എന്നിവയെ ആശ്രയിച്ച് ബിവൈഡിയുടെ ഈ സംവിധാനം വിവിധ ഓപ്പറേറ്റിങ് മോഡുകളിലേക്ക് സ്വയം മാറിക്കൊണ്ടിരിക്കുന്നു.
ഇതില്‍ പെട്രോള്‍ എന്‍ജിന്‍ പ്രവര്‍ത്തിക്കുമെങ്കിലും അത് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ടി മാത്രമായിരിക്കും. ചക്രങ്ങള്‍ തുടര്‍ന്നും ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിച്ച് തന്നെയാണ് ചലിക്കുക. ഇത് ഇലക്ട്രിക് വാഹനം ഓടിക്കുന്ന അതേ അനുഭവം നിലനിര്‍ത്തുന്നു. കൂടിയ വേഗതയില്‍ പോകുമ്പോഴോ അല്ലെങ്കില്‍ പെട്ടെന്ന് വേഗം കൂട്ടേണ്ടി വരുമ്പോഴോ പരമാവധി കാര്യക്ഷമതയ്ക്കായി പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറിനൊപ്പം ചേര്‍ന്ന് ചക്രങ്ങളിലേക്ക് നേരിട്ട് കരുത്ത് നല്‍കുന്നു. ഈ മോഡുകള്‍ക്കിടയിലുള്ള മാറ്റം തികച്ചും സ്വയമേവ നടക്കുന്നതായതുകൊണ്ട് ഡ്രൈവര്‍ക്ക് ഇത് ഒട്ടും പ്രകടമാകില്ല.
1.5 ലിറ്റര്‍ ഷിയാവുന്‍ പെട്രോള്‍ എന്‍ജിനാണ് ഇതിന്റെ കരുത്ത്. ഈ എന്‍ജിന് 43.04 ശതമാനം തെര്‍മല്‍ എഫിഷ്യന്‍സി ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ വാഹനത്തിന് 1,200 കിലോമീറ്ററിലധികം കമ്പൈന്‍ഡ് റേഞ്ച് ആണ് കമ്പനി അവകാശപ്പെടുന്നുണ്ട്. ഇത് വലിയ നഗരങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുമ്പോള്‍ ഇന്ധനം നിറയ്ക്കുന്നതിനോ ചാര്‍ജ് ചെയ്യുന്നതിനോ വേണ്ടിയുള്ള തടസ്സങ്ങള്‍ കുറയ്ക്കാന്‍ ഡ്രൈവര്‍മാരെ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates