share market ai image
Business

ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ പ്ലാനുണ്ടോ?; ലാഭത്തില്‍ മുന്നിലുള്ള പത്തു കമ്പനികള്‍ പരിചയപ്പെടാം

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണികളെല്ലാം അനിശ്ചിതത്വത്തിലാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണികളെല്ലാം അനിശ്ചിതത്വത്തിലാണ്. ഇത് ആഗോള സമ്പദ് വ്യവസ്ഥയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ലോകത്തെ എണ്ണവിതരണത്തിന്റെ അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണനീക്കം ഭാഗികമായി തടസ്സപ്പെട്ടത് അടക്കമുള്ള വിഷയങ്ങളാണ് ആഗോള സമ്പദ് വ്യവസ്ഥയെ ബാധിച്ചത്. ഈ പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യയില്‍ നിരവധി കമ്പനികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വലിയ ലാഭം നേടുകയുണ്ടായി. ഇത്തരത്തില്‍ ലാഭത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പത്തു കമ്പനികളും ലാഭക്കണക്കുകളും അറിയാം. ഇതില്‍ അഞ്ചു കമ്പനികളും പൊതുമേഖലയിലാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ പത്തുകമ്പനികള്‍ ഒന്നടങ്കം ഏകദേശം ആറുലക്ഷം കോടി രൂപയുടെ ലാഭമാണ് ഉണ്ടാക്കിയത്.

1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

കഴിഞ്ഞ സാമ്പത്തിക വര്‍ഷം എസ്ബിഐയുടെ അറ്റാദായം 83,299 കോടിയാണ്. ലാഭത്തില്‍ 7.4 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ലാഭത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്. 2027 സാമ്പത്തിക വര്‍ഷത്തില്‍ ക്രെഡിറ്റ് വളര്‍ച്ച 13-15 ശതമാനം വരെയായിരിക്കുമെന്നാണ് എസ്ബിഐ പ്രതീക്ഷിക്കുന്നത്.

2. ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ്

82,390 കോടിയാണ് കമ്പനിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അറ്റാദായം. കമ്പനിയുടെ വിഭജനത്തിന് ശേഷം ലാഭത്തില്‍ മൂന്നിരട്ടി വര്‍ധനയാണ് കമ്പനി രേഖപ്പെടുത്തിയത്. 2026 സാമ്പത്തിക വര്‍ഷത്തില്‍ 6.42 ലക്ഷം യൂണിറ്റുകളുടെ റെക്കോര്‍ഡ് വില്‍പ്പനയാണ് കമ്പനി കൈവരിച്ചത്.

3. റിലയന്‍സ് ഇന്‍ഡസ്ട്രീസ്

കമ്പനിയുടെ അറ്റാദായം 80,775 കോടിയാണ്. ഉപഭോക്തൃ ബിസിനസുകളുടെ മികച്ച പ്രകടനത്തിന്റെ കരുത്തില്‍ റിലയന്‍സ് ലാഭത്തില്‍ 16 ശതമാനം വളര്‍ച്ച കൈവരിച്ചു.

4. എച്ച്ഡിഎഫ്‌സി ബാങ്ക്

കമ്പനിയുടെ അറ്റാദായം 76,026 കോടിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി 2026 സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തില്‍ 7.4 ശതമാനം വര്‍ധന രേഖപ്പെടുത്തി. വരും വര്‍ഷങ്ങളില്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കാര്യക്ഷമതയും ലാഭക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ ബാങ്ക് പദ്ധതിയിടുന്നു.

5. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ

57,453 കോടിയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ എല്‍ഐസിയുടെ ലാഭം. വ്യക്തിഗത, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ബിസിനസുകളിലെ മികച്ച വളര്‍ച്ചയുടെ പിന്‍ബലത്തില്‍ ലാഭത്തില്‍ 19 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

6. ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം 54,208 കോടിയാണ്. ലാഭത്തില്‍ 6 ശതമാനം വര്‍ധന ഉണ്ടായെങ്കിലും ഐസിഐസിഐ ബാങ്ക് റാങ്കിങ്ങില്‍ രണ്ട് സ്ഥാനങ്ങള്‍ പിന്നോട്ട് പോയി.

7. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്

49,210 കോടിയാണ് ടിസിഎസിന്റെ അറ്റാദായം. ലാഭത്തില്‍ നേരിയ വര്‍ധന മാത്രമുണ്ടായതിനെ തുടര്‍ന്ന് മുന്‍നിര ഐടി കമ്പനിയായ ടിസിഎസ് റാങ്കിങ്ങില്‍ രണ്ട് സ്ഥാനങ്ങള്‍ താഴേക്ക് പോയി. എങ്കിലും കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന മാര്‍ജിന്‍ കൈവരിക്കാനും 4070 കോടി ഡോളറിന്റെ കരാറുകള്‍ സ്വന്തമാക്കാനും കമ്പനിക്ക് സാധിച്ചു.

8. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍

കമ്പനിയുടെ അറ്റാദായം 42,096 കോടിയാണ്. ഈ പൊതുമേഖലാ എണ്ണ ഭീമന്‍ 2026 സാമ്പത്തിക വര്‍ഷത്തില്‍ തങ്ങളുടെ ലാഭം മൂന്നിരട്ടിയാക്കി മാറ്റി. 2027 സാമ്പത്തിക വര്‍ഷത്തില്‍ ഏതാണ്ട് 32,700 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി ലക്ഷ്യമിടുന്നത്.

9. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍

ഒഎന്‍ജിസിയുടെ അറ്റാദായം 41,424 കോടിയാണ്. ഒഎന്‍ജിസി ലാഭത്തില്‍ 14 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം കമ്പനി റെക്കോര്‍ഡ് ഡിവിഡന്റും (ലാഭവിഹിതം) ഓഹരി ഉടമകള്‍ക്ക് നല്‍കിയിട്ടുണ്ട്.

10. കോള്‍ ഇന്ത്യ

കമ്പനിയുടെ അറ്റാദായം 31,094 കോടിയാണ്. ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി ഉത്പാദകരായ കോള്‍ ഇന്ത്യയാണ് ആദ്യ പത്തിലെ അവസാന കമ്പനി. ഇന്ത്യയിലെ ആഭ്യന്തര കല്‍ക്കരി ഉല്‍പ്പാദനത്തിന്റെ ഏകദേശം 80 ശതമാനത്തോളം കൈകാര്യം ചെയ്യുന്നത് കോള്‍ ഇന്ത്യയാണ്. കമ്പനി ഇപ്പോഴും ശക്തമായ സാമ്പത്തിക ഭദ്രത നിലനിര്‍ത്തുന്നു.

10 Companies That Made The Biggest Profits In FY26

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്