5 government schemes that offer higher returns than FDs 
Business

സ്ഥിര നിക്ഷേപങ്ങളെക്കാള്‍ കൂടുതല്‍ റിട്ടേണ്‍; അറിയാം ആകര്‍ഷണീയമായ അഞ്ച് സര്‍ക്കാര്‍ സ്‌കീമുകള്‍

റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കായ റിപ്പോ കുറച്ചത് വായ്പ എടുത്തവര്‍ക്ക് ആശ്വാസമായിരിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കായ റിപ്പോ കുറച്ചത് വായ്പ എടുത്തവര്‍ക്ക് ആശ്വാസമായിരിക്കുകയാണ്. റിപ്പോ നിരക്ക് കുറച്ചത് വായ്പാ ചെലവ് കുറയാന്‍ സഹായകമാകും. എന്നാല്‍ നിക്ഷേപങ്ങളിന്മേലുള്ള പലിശ കൊണ്ട് ജീവിക്കുന്ന മുതിര്‍ന്ന അംഗങ്ങള്‍ക്ക് റിപ്പോ നിരക്ക് കുറച്ചത് തിരിച്ചടിയുമായി. റിപ്പോ നിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച് ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ കുറവ് വരുത്തി. റിപ്പോ നിരക്ക് കൂടിയിരുന്ന സമയത്ത് സ്ഥിരനിക്ഷേപങ്ങള്‍ ആകര്‍ഷകമായ നിക്ഷേപ പദ്ധതിയായിരുന്നു. എന്നാല്‍ റിപ്പോ നിരക്ക് കുറച്ചതോടെ സ്ഥിരനിക്ഷേപങ്ങളുടെ ആകര്‍ഷണം കുറഞ്ഞിരിക്കുകയാണ്. ഇതോടെ സര്‍ക്കാര്‍ പിന്തുണയുള്ള നിക്ഷേപ പദ്ധതികളെ കുറിച്ച് അന്വേഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.

സ്ഥിരമായ പ്രതിമാസ വരുമാനം, കുട്ടികളുടെ ഭാവി സുരക്ഷിതമാക്കല്‍, വിരമിക്കല്‍ സമ്പാദ്യം തുടങ്ങി വിവിധ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി സര്‍ക്കാര്‍ പിന്തുണയുള്ള ലഘുസമ്പാദ്യ പദ്ധതികളുടെ പിന്നാലെ പോകുന്നവര്‍ നിരവധിയാണ്. ബാങ്കുകളെ അപേക്ഷിച്ച് കൂടുതല്‍ റിട്ടേണ്‍ ലഭിക്കും എന്നതാണ് ഈ പദ്ധതികളുടെ മുഖ്യ ആകര്‍ഷണം. അത്തരത്തില്‍ സ്ഥിര നിക്ഷേപങ്ങളേക്കാള്‍ കൂടുതല്‍ റിട്ടേണ്‍ ലഭിക്കുന്ന ആറു സര്‍ക്കാര്‍ പിന്തുണയുള്ള പദ്ധതികള്‍ പരിശോധിക്കാം. റിട്ടേണുകളേക്കാള്‍ ഉയര്‍ന്ന പലിശനിരക്ക് ഇവ വാഗ്ദാനം ചെയ്യുന്നു.

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS)

കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോട് കൂടിയ, പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് മാസം തോറുമുള്ള വരുമാനം പദ്ധതി(Monthly Income Scheme). നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചാല്‍ മാസം 9,250 രൂപ വരുമാനം ഉറപ്പാക്കാന്‍ കഴിയുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. ആയിരം രൂപ ഉണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാം. സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പേര്‍ക്ക് വരെ ചേരാം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. കുട്ടിക്ക് പത്തുവയസിന് മുകളില്‍ പ്രായം വേണം. പലിശ നികുതിവിധേയമാണ്. നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനു ശേഷം 2% കിഴിവോടെയും മൂന്നു വര്‍ഷത്തിനു ശേഷം 1% കിഴിവോടെയും നിക്ഷേപത്തുക പിന്‍വലിക്കാവുന്നതാണ്. പലിശ മാസം തോറും റെക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ കാലാവധി ആകുമ്പോള്‍ നല്ല ഒരു തുക ലഭിക്കും.

നിക്ഷേപം

അഞ്ചുലക്ഷം- പ്രതിമാസം 3,083 രൂപ വരുമാനം

ഒന്‍പതുലക്ഷം- പ്രതിമാസം 5,550 രൂപ വരുമാനം

15 ലക്ഷം രൂപ- പ്രതിമാസം 9,250 രൂപ വരുമാനം

സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീം

സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീമിന് 8.20 ശതമാനം പലിശയാണ് നല്‍കുന്നത്. അഞ്ചുവര്‍ഷമാണ് ഇതിന്റെ കാലാവധി. 55 വയസ്സ് കഴിഞ്ഞ് സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്കും 50 വയസ് കഴിഞ്ഞ് സേനയില്‍ നിന്ന് വിരമിച്ചവര്‍ക്കും ഇതില്‍ ചേരാവുന്നതാണ്. ഒറ്റത്തവണയായി നിക്ഷേപിക്കാവുന്ന ഈ സ്‌കീമിന്റെ കാലാവധി അഞ്ചുവര്‍ഷമാണ്. അടിയന്തര ഘട്ടത്തില്‍ നിക്ഷേപം തുടങ്ങി ഒരു വര്‍ഷത്തിനകം പലിശയില്ലാതെയും ഒരു വര്‍ഷത്തിനു ശേഷം 1.5% കിഴിവോടെയും രണ്ട് വര്‍ഷത്തിനു ശേഷം 1% കിഴിവോടെയും തുക പിന്‍വലിക്കാം.

കുറഞ്ഞത് ആയിരവും പരമാവധി 30 ലക്ഷം രൂപ വരെയും നിക്ഷേപിക്കാവുന്നതാണ്. പ്രതിവര്‍ഷം ഒന്നരലക്ഷം വരെയുള്ള നിക്ഷേപത്തിന് നികുതി ഇളവ് ലഭിക്കും. മൂന്ന് മാസം കൂടുമ്പോള്‍ പലിശവരുമാനം ലഭിക്കുന്ന തരത്തിലാണ് സ്‌കീം. ഒരാള്‍ ഈ പദ്ധതിയില്‍ പത്തുലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ മൂന്ന് മാസം കൂടുമ്പോള്‍ പലിശവരുമാനമായി 20,500 രൂപ വീതം ലഭിക്കും. വര്‍ഷംതോറും 82,000 രൂപ. കാലാവധി കഴിയുമ്പോള്‍ നിക്ഷേപിച്ച തുക പൂര്‍ണമായി മടക്കി നല്‍കും. 30 ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് മൂന്ന് മാസം കൂടുമ്പോള്‍ 61,500 രൂപയാണ് ലഭിക്കുക.

സുകന്യ സമൃദ്ധി യോജന

ഉപരിപഠനം ഉള്‍പ്പെടെ ഭാവിയില്‍ പെണ്‍കുട്ടികളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 2015ലാണ് പെണ്‍കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി പദ്ധതി ആരംഭിച്ചത്.

പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. വര്‍ഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. പ്രതിവര്‍ഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 8.2 ശതമാനമാണ് പലിശ. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി.

നിക്ഷേപിക്കുന്ന മുഴുവന്‍ തുകയും ആദാനികുതി ഇളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്. പണപ്പെരുപ്പനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ റിട്ടേണ്‍ മെച്ചപ്പെട്ടതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ആദ്യത്തെ 15 വര്‍ഷത്തേക്ക് മാത്രമേ നിക്ഷേപം നടത്തേണ്ടതുള്ളൂ. അക്കൗണ്ട് തുറന്ന് 21 വര്‍ഷം ആകുമ്പോഴാണ് കാലാവധി പൂര്‍ത്തിയാകുന്നത്. എന്നാല്‍ നിക്ഷേപ കാലാവധിയായ 15 വര്‍ഷം കഴിഞ്ഞാലും അക്കൗണ്ടില്‍ പലിശ വരവ് വെയ്ക്കും. കുട്ടിക്ക് 18 വയസ്സ് തികയുമ്പോഴോ പത്താം ക്ലാസ് പാസാകുമ്പോഴോ അക്കൗണ്ടില്‍ നിന്ന് 50 ശതമാനം വരെ പണം പിന്‍വലിക്കാം. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുകയും വിവാഹിതയാകുകയും ചെയ്താല്‍, അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും എടുത്ത് അക്കൗണ്ട് അവസാനിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്.

ഉദാഹരണത്തിന്, പ്രതിമാസം 10,000 രൂപ വീതം പദ്ധതിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 15 വര്‍ഷം കൊണ്ട് മൊത്തം നിക്ഷേപം 18 ലക്ഷമാകും. 8.20 ശതമാനം പലിശ കൂടി കൂട്ടുമ്പോള്‍ അക്കൗണ്ടില്‍ 37.42 ലക്ഷം രൂപ ഉണ്ടാവും. അക്കൗണ്ട് തുറന്ന് 21 വര്‍ഷമാകുമ്പോള്‍ പലിശസഹിതം ആകെ 55.42 ലക്ഷം രൂപ സമ്പാദിക്കാം.

നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് ( എന്‍എസ് സി)

പത്തു വയസിന് മുകളിലുള്ളവര്‍ക്ക് എന്‍എസ് സി സ്‌കീമില്‍ ചേരാവുന്നതാണ്. സ്ഥിര-റിട്ടേണ്‍ നിക്ഷേപ ഓപ്ഷന്‍ തിരയുന്നവര്‍ക്ക് ഇത് ഒരു അനുയോജ്യമായ ഓപ്ഷനാണ്. പ്രതിവര്‍ഷം 7.7 ശതമാനം പലിശയാണ് ലഭിക്കുന്നത്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപം മടക്കിനല്‍കുന്നു. മരണം ഉള്‍പ്പടെ ആകസ്മികമായി എന്തെങ്കിലും സംഭവിച്ചാല്‍ മാത്രമേ കാലാവധിക്ക് മുന്‍പ് നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കൂ. കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. ഇന്ത്യയിലുടനീളമുള്ള പോസ്റ്റ് ഓഫീസുകളില്‍ ഇതില്‍ നിക്ഷേപം നടത്താവുന്നതാണ്. വ്യക്തിഗത നികുതി സ്ലാബ് അനുസരിച്ച് ലഭിക്കുന്ന പലിശയ്ക്ക് നികുതി നല്‍കേണ്ടതാണ്. സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് വ്യത്യസ്തമായി, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ടിഡിഎസ് ഇല്ല.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ 7.10 ശതമാനമാണ് നിലവിലെ പലിശനിരക്ക്. നിക്ഷേപകര്‍ക്ക് പിപിഎഫ് അക്കൗണ്ടില്‍ ഒറ്റത്തവണയായോ, മാസ ഗഡുക്കളായോ തുക നിക്ഷേപിക്കാം. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്‌കീമിന് കീഴില്‍ പരമാവധി 12 തവണകളായി നിക്ഷേപം നടത്താനാണ് അനുവദിച്ചിരിക്കുന്നത്.

തുക നിക്ഷേപിക്കുന്നതില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പിപിഎഫിലൂടെ മികച്ച വരുമാനം നേടാന്‍ കഴിയുമെന്നും വിദഗ്ധര്‍ പറയുന്നു. ഒരു മാസത്തിലെ 5 മുതല്‍ അവസാന തീയതി വരെയുള്ള മിനിമം ബാലന്‍സ് അടിസ്ഥാനമാക്കിയാണ് പിപിഎഫ് നിക്ഷേപത്തിലെ പലിശ കണക്കാക്കുന്നത് . അതായത് പിപിഎഫ് അക്കൗണ്ട് ഉടമ മാസത്തില്‍ നാലാം തീയതിയോ അതിന് മുമ്പോ പണം നിക്ഷേപിക്കുകയാണെങ്കില്‍, അക്കൗണ്ട് ഉടമയ്ക്ക് ആ മാസത്തെ പിപിഎഫ് പലിശയും നേടാനാകും.

ഒരു നിക്ഷേപകന്‍ പിപിഎഫ് അക്കൗണ്ടില്‍ ഏപ്രില്‍ 4-ന് മുമ്പ് പണം നിക്ഷേപിച്ചാല്‍, നിക്ഷേപകന് ആ നിക്ഷേപത്തിനുള്ള പലിശയും ലഭിക്കുമെന്ന് മാത്രമല്ല പിപിഎഫ് പലിശയും ലഭിക്കും.ഇതിനാല്‍ പിപിഎഫില്‍ അക്കൗണ്ടുള്ളവര്‍ മാസത്തില്‍ നിക്ഷേപിക്കുമ്പോള്‍ 1-4 തീയതിക്കുള്ളില്‍ നിക്ഷേപം നടത്താന്‍ ശ്രമിച്ചാല്‍ അധിക പലിശ നേടാം.

ഏതെങ്കിലും പൊതുമേഖലാ ബാങ്കിലോ സ്ഥാപനത്തിലോ സ്വകാര്യ ബാങ്കിലോ പിപിഎഫ് അക്കൗണ്ടുകള്‍ തുറക്കാം. 15 വര്‍ഷത്തെ മെച്യൂരിറ്റി കാലാധിയുള്ള അക്കൗണ്ടാണിത്. പിപിഎഫ് അക്കൗണ്ട് നിലനിര്‍ത്താന്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 500 രൂപ നിക്ഷേപിക്കേണ്ടതുണ്ട്. പരമാവധി 1.50 ലക്ഷം രൂപയാണ് പിപിഎഫ് അക്കൗണ്ടില്‍ ഒരു വര്‍ഷം നിക്ഷേപിക്കാന്‍ സാധിക്കുക. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം നിക്ഷേപിക്കുന്ന തുകയ്ക്ക് പൂര്‍ണമായും നികുതി ഇളവ് ലഭിക്കും.

5 government schemes that offer higher returns than Fixed Deposits(FD)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

കടുവ ജനവാസമേഖലയില്‍ തുടരുന്നു; മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്; നാളെയും വിദ്യാലയങ്ങള്‍ക്ക് അവധി

SCROLL FOR NEXT