മുംബൈ: ഈ മാസം ആദ്യമാണ് ബാങ്കേഴ്‌സ് ബുക്ക് എവിഡന്‍സ് ബില്‍ 2026 പാര്‍ലമെന്റില്‍ പാസാക്കിയത്. ബാങ്ക് രേഖകളുടെ പരിപാലനവുമായി ബന്ധപ്പെട്ട് 135 വര്‍ഷം പഴക്കമുള്ള പഴയ നിയമത്തിന് പകരമാണ് പുതിയ ബില്‍ അവതരിപ്പിച്ചത്. പരമ്പരാഗത ബാങ്കിങ് രേഖകളെ ഡിജിറ്റല്‍ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുത്താന്‍ ലക്ഷ്യമിട്ടായിരുന്നു പുതിയ ബില്‍.
പുതിയ കാലത്ത് ഡിജിറ്റല്‍ രേഖകള്‍ക്കുള്ള പ്രാധാന്യം ഉള്‍ക്കൊണ്ടാണ് പുതിയ നിയമനിര്‍മ്മാണത്തിന് കേന്ദ്രം തയ്യാറായത്. കോടതി നടപടികളില്‍ ബാങ്കിങ് രേഖകള്‍ എങ്ങനെ ആക്‌സസ് ചെയ്യാം, ഉപയോഗിക്കാം എന്നതിന്റെ ചട്ടക്കൂടില്‍ കാലാനുസൃതമായ മാറ്റം കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് പുതിയ നിയമനിര്‍മ്മാണം. പുതിയ ബില്‍ വഴി വരുന്ന അഞ്ചു മാറ്റങ്ങള്‍ ചുവടെ:
1. ഡിജിറ്റല്‍ ബാങ്കിങ് രേഖകള്‍ തെളിവായി അംഗീകരിക്കുന്നു എന്നതാണ് ഏറ്റവും വലിയ മാറ്റം. അതിനാല്‍ ബാങ്കുകള്‍ മിക്ക ഇടപാടുകളും അക്കൗണ്ട് വിവരങ്ങളും ഡിജിറ്റലായി സൂക്ഷിക്കണമെന്ന് പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നു. പഴയ നിയമം ഫിസിക്കല്‍ ബുക്കുകള്‍, ലെഡ്ജറുകള്‍, പരമ്പരാഗത രേഖകള്‍ എന്നിവയെയാണ് അടിസ്ഥാനമാക്കിയിരുന്നത്. നിയമനടപടികളില്‍ ബാങ്കുകള്‍ സൂക്ഷിക്കുന്ന ഡിജിറ്റല്‍ രേഖകള്‍ തെളിവായി പരിഗണിക്കണമെന്നും പുതിയ ബില്‍ വ്യക്തമാക്കുന്നു.
2. ബാങ്ക് രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളെ തെളിവായി ഹാജരാക്കാന്‍ ഈ ബില്ലും വ്യവസ്ഥ ചെയ്യുന്നു. നിലവിലെ നിയമത്തിലെ ഈ വ്യവസ്ഥ അതേപടി നിലനിര്‍ത്തുകയായിരുന്നു. എല്ലാ നിയമനടപടികള്‍ക്കും ഒറിജിനല്‍ രേഖകള്‍ ആവശ്യപ്പെടുന്നത് നിയമനടപടികള്‍ അനന്തമായി നീളാന്‍ ഇടയാക്കും. അതുകൊണ്ടാണ് ഒറിജിനല്‍ രേഖയ്ക്ക് പകരം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കാന്‍ പുതിയ ബില്ലും അനുവദിക്കുന്നത്. ഡിജിറ്റല്‍ രേഖകള്‍ അംഗീകരിക്കുമ്പോള്‍ തന്നെ അവ വിശ്വസനീയമാണെന്ന് ഉറപ്പാക്കാനുള്ള വ്യവസ്ഥകളും ബില്ലില്‍ പറയുന്നുണ്ട്.
3. നിയമപാലകര്‍ക്ക് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ആവശ്യപ്പെടാന്‍ അധികാരം നല്‍കുന്നതാണ് മറ്റൊരു മാറ്റം. ഇത് വിവാദമായിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. കോടതി ഇടപെടല്‍ ഇല്ലാതെ തന്നെ, ചില പ്രത്യേക പദവികളിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ബാങ്കുകളില്‍ നിന്ന് ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെടാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ വിവരങ്ങള്‍ തേടുമ്പോള്‍ ഇക്കാര്യം ബാങ്കുകള്‍ ഉപഭോക്താക്കളെ അറിയിക്കേണ്ടതാണ്. എന്നാല്‍ സംഘടിത സാമ്പത്തിക കുറ്റകൃത്യം, ദേശീയ സുരക്ഷാ കാരണങ്ങള്‍ തുടങ്ങിയ ചില ഘട്ടങ്ങളില്‍ ഉപഭോക്താവിനെ അറിയിക്കാതെ തന്നെ നിയമപാലകര്‍ക്ക് അക്കൗണ്ടിലെ വിവരങ്ങള്‍ ആക്‌സസ് ചെയ്യാനും ബില്‍ അധികാരം നല്‍കുന്നു.
4. ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് മറ്റൊരു മാറ്റം. ബാങ്കുകള്‍ നേരിട്ട് ഒരു നിയമനടപടിയില്‍ ഉള്‍പ്പെടാത്തപ്പോള്‍ ബാങ്കേഴ്‌സ് ബുക്ക് ഹാജരാക്കാനോ ഇടപാടുകള്‍ തെളിയിക്കാന്‍ കോടതിയില്‍ ഹാജരാകാനോ ബാങ്ക് ഉദ്യോഗസ്ഥരെ നിര്‍ബന്ധിക്കാനാവില്ല. എന്നിരുന്നാലും രേഖകളുടെ കൃത്യതയെ കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നാല്‍ രേഖകള്‍ ഹാജരാക്കാന്‍ കോടതിക്ക് ആവശ്യപ്പെടാം. എന്നാല്‍ പതിവ് ബാങ്കിങ് ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകളില്‍ ഉദ്യോഗസ്ഥര്‍ വീണ്ടും വീണ്ടും കോടതിയില്‍ ഹാജരാകേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ മാറ്റം.
5. ബാങ്കുകള്‍ക്ക് പുറമേ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങി മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് പുതിയ ബില്‍ അധികാരം നല്‍കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ സുതാര്യത ഉറപ്പാക്കാന്‍ പുതിയ ബില്ലിലെ വ്യവസ്ഥകള്‍ ഇത്തരം സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ കഴിയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates