കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക്സിന് കീഴിലുള്ള തൃശ്ശൂരിലെ ഡോ. ജോണ്‍ മത്തായി സെന്ററും കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറവും മലബാര്‍ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ച കോഴിക്കോട് സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീന ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗ്രൂപ്പിന്റെ ആസ്ഥാനമായ കുറ്റിക്കാട്ടൂരിലെ മൊണ്ടാന എസ്റ്റേറ്റിലെ മലബാര്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സില്‍ നടന്ന ചര്‍ച്ചയില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ട് നയിക്കാന്‍ കേന്ദ്ര ബജറ്റിലെ നിര്‍ദേശങ്ങള്‍ സഹായകമാകുമെന്ന് വിദഗ്ധര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ട് നയിക്കാന്‍ ഉതകുന്ന നിരവധി നിര്‍ദേശങ്ങള്‍ കേന്ദ്ര ബജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. അവയുടെ സ്വാധീനം പരമാവധിയാക്കാന്‍ ഫലപ്രദമായ നയരൂപീകരണത്തിന്റെ ആവശ്യകത വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. കൊച്ചിയിലെ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ചിന്റെ ചെയര്‍മാന്‍ ഡോ. ഡി ധനുരാജ് ചര്‍ച്ച നിയന്ത്രിച്ചു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ വിപിന്‍ പി വീട്ടില്‍, എപിഇഡിഎയിലെ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ ആല്‍ഫിന്‍ സന്തോഷ്, കൊച്ചി കസ്റ്റംസിലെ ജോയിന്റ് കമ്മീഷണര്‍ അശ്വിന്‍ ജോണ്‍ ജോര്‍ജ്ജ് എന്നി വിദഗ്ധര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കേന്ദ്ര ബജറ്റ് ഒരു നയരേഖയല്ല, മറിച്ച് സര്‍ക്കാരിന്റെ വരുമാനവും ചെലവും വിശദീകരിക്കുന്ന ഒരു പ്രസ്താവനയാണെന്നും അതിന്റെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് നയരൂപീകരണം നടത്തുന്നതെന്നും ഡോ. ധനുരാജ് പറഞ്ഞു. ഇന്ത്യ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളില്‍ ഒന്നായി നികുതി വെട്ടിപ്പ് മാറിയെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് ഓര്‍മ്മിപ്പിച്ചു. അത് തടയുന്നതിന് കര്‍ശനമായ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനും സിംഗപ്പൂരിലും മറ്റ് രാജ്യങ്ങളിലും നടപ്പിലാക്കിയതിന് സമാനമായ ഡിജിറ്റല്‍ ധനസമ്പാദന രീതികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം വാദിച്ചു. നികുതി വെട്ടിപ്പിലൂടെ രാജ്യത്ത് ഒരു വലിയ തോതിലുള്ള സമാന്തര സമ്പദ്വ്യവസ്ഥ സൃഷ്ടിക്കപ്പെടുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നിര്‍ണായക നടപടിയെ ആശ്രയിച്ചിരിക്കുന്നുവെന്നും എം പി അഹമ്മദ് പറഞ്ഞു.
കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറം പ്രസിഡന്റും വികെസി ഗ്രൂപ്പ് ഡയറക്ടറുമായ കെ എം ഹമീദ് അലി പാനല്‍ ചര്‍ച്ചയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത്ത് ബാബു, നബാര്‍ഡ് ജില്ലാ വികസനം അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി രാകേഷ്, കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രജനി മുരളീധരന്‍, കരിപ്പൂര്‍ എയര്‍പോര്‍ട്ട് എയര്‍ലൈന്‍സ് കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ ഫാറൂഖ് ബത്ത, കാലിക്കറ്റ് സര്‍വകലാശാലയിലെ ഡോ. ജോണ്‍ മത്തായി സെന്റര്‍ ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ. കെ പി റജുല ഹെലന്‍ എന്നിവരുള്‍പ്പെടെ നിരവധിപ്പേര്‍ പരിപാടിയില്‍ പ്രസംഗിച്ചു. കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറം സെക്രട്ടറി മുന്‍ഷിദ് അലി സ്വാഗത പ്രസംഗം നടത്തി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഡോ. ജോണ്‍ മത്തായി സെന്ററിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പി സബീന ഹമീദ് നന്ദി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates