FSSAI bars sale of Old Monk variant, Bagpiper, Royal Challenge over artificial flavouring Representational Image
Business

മദ്യത്തിന് കൃത്രിമ രുചിക്കൂട്ട്; ഓള്‍ഡ് മങ്ക്, ആന്റിക്വിറ്റി, റോയല്‍ ചലഞ്ച് വകഭേദങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഭക്ഷ്യസുരക്ഷ അതോറിറ്റി

ഈ ഉല്‍പ്പന്നങ്ങള്‍ നിലവാരക്കുറവുള്ളതാണെന്നും എഫ്എസ്എസ്എഐ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: പ്രമുഖ മദ്യ ബ്രാന്‍ഡുകളായ ഓള്‍ഡ് മങ്ക്, റോയല്‍ ചലഞ്ച്, ബാഗ് പൈപ്പര്‍, ആന്റിക്വിറ്റി ബ്ലൂ എന്നിവയുടെ ചില വകഭേദങ്ങളുടെ വില്‍പ്പന ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) വിലക്കി. മാനദണ്ഡങ്ങള്‍ ലംഘിച്ച് കൃത്രിമ രുചിക്കൂട്ടുകളും സുഗന്ധദ്രവ്യങ്ങളും ചേര്‍ത്തതായി ലാബ് പരിശോധനകളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിച്ചതായി കണ്ടെത്തിയ പ്രമുഖ കമ്പനികളുടെ ഉല്‍പ്പന്നങ്ങളാണ് വിലക്കിയത്.

യുണൈറ്റഡ് സ്പിരിറ്റ്‌സ് മധ്യപ്രദേശില്‍ നിര്‍മിക്കുന്ന ആന്റിക്വിറ്റി ബ്ലൂ വിസ്‌കി, റോയല്‍ ചലഞ്ച് വിസ്‌കി എന്നിവയുടെ ചില വകഭേദങ്ങള്‍, ഇന്‍ബ്രൂ ബിവറേജസ് മധ്യപ്രദേശില്‍ നിര്‍മിക്കുന്ന ബാഗ് പൈപ്പര്‍ ഡീലക്‌സ് വിസ്‌കി, ഓള്‍ഡ് കാസ്‌ക് ഡീലക്‌സ് റം, മോഹന്‍ റോക്കി സ്പ്രിങ് വാട്ടര്‍ മഹാരാഷ്ട്രയില്‍ നിര്‍മിക്കുന്ന ഓള്‍ഡ് മങ്ക് റമ്മിന്റെ മൂന്ന് വകഭേദങ്ങള്‍ എന്നിവയുടെ വില്‍പ്പനയാണ് വിലക്കിയത്.

സ്വാഭാവിക ചേരുവകള്‍ ഉപയോഗിച്ച് കൃത്യമായ വീര്യത്തില്‍ എത്തുന്നതിന് പകരം, ഉല്‍പ്പന്നങ്ങള്‍ക്ക് രുചിയും മണവും നല്‍കാന്‍ നിര്‍മാതാക്കള്‍ കൃത്രിമ രുചിക്കൂട്ടുകള്‍ ചേര്‍ത്തതായി എഫ്എസ്എസ്എഐ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം മദ്യത്തില്‍ സ്വാഭാവിക ചേരുവകള്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ടെങ്കിലും, റമ്മില്‍ പുറത്തുനിന്നുള്ള റം ഫ്‌ളേവറും വിസ്‌കിയില്‍ വിസ്‌കി ഫ്‌ളേവറും ചേര്‍ക്കുന്നത് അംഗീകൃത നിര്‍മാണ രീതിയല്ലെന്ന്‌ എഫ്എസ്എസ്എഐ വ്യക്തമാക്കി. കരിമ്പ്, മാള്‍ട്ട്, മുന്തിരി എന്നിവ ഉപയോഗിച്ചുള്ള സ്വാഭാവിക നിര്‍മാണ പ്രക്രിയ മറികടക്കാനാണ് കമ്പനികള്‍ ഇത്തരത്തിലുള്ള കൃത്രിമ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതെന്നും ഈ ഉല്‍പ്പന്നങ്ങള്‍ നിലവാരക്കുറവുള്ളതാണെന്നും എഫ്എസ്എസ്എഐ വ്യക്തമാക്കി.

ഏകദേശം 3.3 ലക്ഷം കോടി രൂപ വാര്‍ഷിക വിറ്റുവരവുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ മദ്യ വിപണികളിലൊന്നാണ് ഇന്ത്യ. ജനപ്രിയ ബ്രാന്‍ഡുകള്‍ക്കെതിരെ പെട്ടെന്നുള്ള നടപടി മദ്യ നിര്‍മാണ മേഖലയില്‍ ആശങ്കയാകുന്നുണ്ട്. നിലവിലുള്ള നിയമങ്ങള്‍ ഇത്തരം ഫ്‌ളേവറുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നുണ്ടെന്നാണ് വ്യവസായ മേഖലയിലെ വിദഗ്ധര്‍ അവകാശപ്പെടുന്നത്.

നിര്‍ദ്ദിഷ്ട പ്ലാന്റുകളില്‍ ഉത്പാദിപ്പിച്ച ബാച്ചുകള്‍ക്ക് മാത്രമാണോ അതോ രാജ്യത്തുടനീളം നിര്‍മിക്കുന്ന ബ്രാന്‍ഡുകള്‍ക്ക് മുഴുവനായിട്ടാണോ വിലക്ക് ബാധകമാകുന്നത് എന്ന കാര്യത്തില്‍ എഫ്എസ്എസ്എഐ വ്യക്തത വരുത്തേണ്ടതുണ്ട്. അടുത്തിടെ റെഡ് ബുള്‍, പെപ്‌സികോ തുടങ്ങിയ കമ്പനികളുടെ കഫീന്‍ അടങ്ങിയ പാനീയങ്ങളെ എനര്‍ജി ഡ്രിങ്ക് എന്ന് വിശേഷിപ്പിക്കുന്നത് തടഞ്ഞുകൊണ്ടും എഫ്എസ്എസ്എഐ ഉത്തരവിട്ടിരുന്നു.

FSSAI bars sale of Old Monk variant, Bagpiper, Royal Challenge over artificial flavouring

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണമാകാം; ഇഡി കത്തില്‍ എജിയുടെ നിയമോപദേശം

വാക്കേറ്റത്തിനിടെ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി; ​യുവാവിന് ദാരുണാന്ത്യം

മുട്ടില്‍ മരം വില്‍പ്പനക്കേസ്: വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി; വാദം ചോറ്റാനിക്കര കോടതിയിൽ തന്നെ

സ്വാഭാവിക മരണത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷ; മത്സ്യത്തൊഴിലാളികള്‍ക്ക് പുതിയ പ്രഖ്യാപനവുമായി സര്‍ക്കാര്‍

കേരള, കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്; എസ്എഫ്‌ഐക്ക് ചരിത്ര വിജയം