investment file
Business

കൂടുതല്‍ ഗ്യാരണ്ടീഡ് റിട്ടേണ്‍, പതിവായി വരുമാനം; എഫ്ഡിക്ക് ബദലായി പരീക്ഷിക്കാവുന്ന നാലു നിക്ഷേപ മാര്‍ഗങ്ങള്‍

നിക്ഷേപിക്കുന്ന തുകയ്ക്ക് സുരക്ഷിതത്വവും മികച്ച റിട്ടേണും ആഗ്രഹിക്കുന്നവര്‍ പൊതുവേ ബാങ്ക് എഫ്ഡികളെയാണ് കൂടുതലായി ആശ്രയിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

നിക്ഷേപിക്കുന്ന തുകയ്ക്ക് സുരക്ഷിതത്വവും മികച്ച റിട്ടേണും ആഗ്രഹിക്കുന്നവര്‍ പൊതുവേ ബാങ്ക് എഫ്ഡികളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. റിസ്‌ക് എടുക്കാന്‍ താല്‍പ്പര്യമില്ലാത്തവരാണ് കൂടുതലായി എഫ്ഡികളില്‍ നിക്ഷേപിക്കുന്നത്. എഫ്ഡിയേക്കാള്‍ കൂടുതല്‍ റിട്ടേണും പതിവായി വരുമാനവും നിക്ഷേപിച്ച തുകയ്ക്ക് സുരക്ഷിതത്വവും ഉറപ്പാക്കുന്ന ചില ബദല്‍ നിക്ഷേപ മാര്‍ഗങ്ങള്‍ നോക്കാം.

1. മാസം തോറുമുള്ള വരുമാന പദ്ധതി

കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോട് കൂടിയ, പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് മാസം തോറുമുള്ള വരുമാന പദ്ധതി. നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം.

കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചാല്‍ മാസം 9,250 രൂപ വരുമാനം ഉറപ്പാക്കാന്‍ കഴിയുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. ആയിരം രൂപ ഉണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാം. സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പേര്‍ക്ക് വരെ ചേരാം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. കുട്ടിക്ക് പത്തുവയസിന് മുകളില്‍ പ്രായം വേണം. പലിശ നികുതിവിധേയമാണ്.

നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനു ശേഷം 2 ശതമാനം കിഴിവോടെയും മൂന്നു വര്‍ഷത്തിനു ശേഷം 1 ശതമാനം കിഴിവോടെയും നിക്ഷേപത്തുക പിന്‍വലിക്കാവുന്നതാണ്. പലിശ മാസം തോറും റെക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ കാലാവധി ആകുമ്പോള്‍ നല്ല ഒരു തുക ലഭിക്കും.

നിക്ഷേപം

അഞ്ചുലക്ഷം- പ്രതിമാസം 3,083 രൂപ വരുമാനം

ഒന്‍പതുലക്ഷം- പ്രതിമാസം 5,550 രൂപ വരുമാനം

15 ലക്ഷം രൂപ- പ്രതിമാസം 9,250 രൂപ വരുമാനം

2. സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം

മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള പോസ്റ്റ് ഓഫീസിന്റെ നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം (SCSS). 60 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഈ സാമ്പത്തിക നിക്ഷേപ പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിമാസം 20,050 രൂപ വരെ വരുമാനം ലഭിക്കാന്‍ സഹായിക്കുന്നു. ഓരോ പാദത്തിലും പലിശ നിരക്ക് പരിഷ്‌കരിക്കുമെങ്കിലും നിലവില്‍ 8.2 ശതമാനം പലിശയാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വര്‍ഷമാണ് നിക്ഷേപ കാലാവധി. എന്നാല്‍ ആവശ്യമെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടാനുള്ള സൗകര്യവുമുണ്ട്.

മുമ്പ് ഒരു നിക്ഷേപകന് 15 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിരുന്ന ഈ പദ്ധതി ഇപ്പോള്‍ പരമാവധി 30 ലക്ഷം രൂപ നിക്ഷേപിക്കാന്‍ അനുവദിക്കുന്നു. ഇത് മുതിര്‍ന്ന പൗരന്മാര്‍ക്ക് ആനുപാതികമായി അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ആധാര്‍, പാന്‍ കാര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഏത് പോസ്റ്റ് ഓഫീസിലോ അംഗീകൃത ബാങ്കിലോ അക്കൗണ്ട് തുറക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതിയില്ല. എന്നാല്‍ ലഭിക്കുന്ന പലിശ നികുതിക്ക് വിധേയമാണ്.

കേന്ദ്രസര്‍ക്കാര്‍ പിന്തുണയുള്ളത് കൊണ്ടുതന്നെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ സുരക്ഷിതമാണ്. അതോടൊപ്പം മികച്ച പലിശയും നേടാം. ഒരുപക്ഷെ രാജ്യത്തെ ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം വാഗ്ദാനം ചെയ്യുന്നുണ്ട്. ലക്ഷക്കണക്കിന് മുതിര്‍ന്ന പൗരന്മാര്‍ ഇതിനകം തന്നെ ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നതിനാല്‍, ഇന്ത്യയിലെ വിരമിക്കല്‍ ആസൂത്രണത്തിലെ പ്രധാനിയാണ് ഈ പദ്ധതി.

30 ലക്ഷം രൂപയാണ് സിംഗിള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതെങ്കില്‍ 8.2 ശതമാനം വാര്‍ഷിക പലിശ നിരക്ക് അനുസരിച്ച് ഓരോ പാദത്തിലും 60,150 രൂപ പലിശയായി മാത്രം ലഭിക്കുന്നു. അങ്ങനെ വരുമ്പോള്‍ പ്രതിമാസ വരുമാനം 20,050 രൂപയായിരിക്കും. നിക്ഷേപം തുടങ്ങി ഒരു വര്‍ഷത്തിനകം പലിശയില്ലാതെയും ഒരു വര്‍ഷത്തിനു ശേഷം 1.5 ശതമാനം കിഴിവോടെയും രണ്ട് വര്‍ഷത്തിനു ശേഷം ഒരു ശതമാനം കിഴിവോടെയും ആവശ്യമെങ്കില്‍ ഈ തുക പിന്‍വലിക്കാവുന്നതുമാണ്.

3. ആര്‍ബിഐ ഫ്‌ലോട്ടിങ് റേറ്റ് സേവിങ്‌സ് ബോണ്ട്

ബാങ്ക് എഫ്ഡിയേക്കാള്‍ കൂടുതല്‍ പലിശ നല്‍കുന്നതാണ് റിസര്‍വ് ബാങ്കിന്റെ ഫ്‌ലോട്ടിങ് റേറ്റ് സേവിങ്‌സ് ബോണ്ടുകള്‍. 2026 ജൂലൈ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള ആറുമാസത്തെ കാലയളവിലേക്ക് 8.05 ശതമാനമാണ് ആര്‍ബിഐ ഇതിന്റെ പലിശ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്‌ലോട്ടിങ് റേറ്റ് സേവിങ്‌സ് ബോണ്ടുകള്‍ ഓണ്‍ലൈനായി ആര്‍ബിഐ റീട്ടെയില്‍ ഡയറക്ട് പോര്‍ട്ടല്‍ വഴിയോ, അല്ലെങ്കില്‍ തെരഞ്ഞെടുത്ത പൊതുമേഖലാ ബാങ്കുകള്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, സ്റ്റോക്ക് ഹോള്‍ഡിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവ വഴി ഓഫ്‌ലൈനായോ വാങ്ങാവുന്നതാണ്. ഇതിനായി ഡീമാറ്റ് അക്കൗണ്ട് ആവശ്യമില്ല.

നിക്ഷേപങ്ങള്‍ ആര്‍ബിഐയുടെ സ്വന്തം ബോണ്ട് ലെഡ്ജര്‍ അക്കൗണ്ടിലാണ് സൂക്ഷിക്കുക. വ്യക്തിഗതമായോ സംയുക്തമായോ അല്ലെങ്കില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വേണ്ടിയോ ബോണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്. കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്. പരമാവധി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം.

നിലവിലെ 8.05 ശതമാനം പലിശ നിരക്ക് പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് (എഫ്ഡി) പലിശ നിരക്കുകളേക്കാള്‍ വളരെ ആകര്‍ഷകമാണ്. അതേസമയം ആര്‍ബിഐയുടെ ഈ ബോണ്ട് പദ്ധതിക്ക് 7 വര്‍ഷത്തെ ലോക്ക്-ഇന്‍ കാലാവധിയുണ്ട്. 60 വയസ്സിന് മുകളില്‍ പ്രായമായിട്ടുള്ള നിക്ഷേപകര്‍ക്ക് മാത്രമേ നിശ്ചിത പിഴയോടെ നിര്‍ദിഷ്ട കാലാവധിക്ക് മുന്‍പ് ഫ്‌ലോട്ടിങ് റേറ്റ് സേവിങ്‌സ് ബോണ്ടില്‍ നിന്നും പണം പിന്‍വലിക്കാനാകൂ.

റീറ്റ്‌സ് ആന്‍ഡ് ഇന്‍വിറ്റ്‌സ്

വലിയ തോതിലുള്ള കോമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികളില്‍ നിക്ഷേപിക്കുന്ന ഫണ്ടിനെയാണ് റീറ്റ്‌സ് എന്ന് പറയുന്നത്. ഇതിലൂടെ ലഭിക്കുന്ന റിട്ടേണ്‍ യൂണിറ്റ് ഹോള്‍ഡര്‍മാര്‍ക്ക് വീതിച്ച് നല്‍കുന്നതാണ് രീതി.

വലിയ തോതിലുള്ള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രോജക്ടുകളില്‍ നിക്ഷേപിക്കുന്ന ഫണ്ട് ആണ് ഇന്‍വിറ്റ്‌സ്. ഇതിലൂടെ ലഭിക്കുന്ന റിട്ടേണ്‍ യൂണിറ്റ് ഹോള്‍ഡര്‍മാര്‍ക്ക് വീതിച്ച് നല്‍കുന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത്തരം ഫണ്ടുകള്‍ ഉയര്‍ന്ന റിട്ടേണ്‍ ആണ് നല്‍കിയത്. എട്ടു മുതല്‍ പത്തുശതമാനം വരെ റിട്ടേണ്‍ പ്രതീക്ഷിക്കാവുന്നതാണെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

Higher guaranteed returns and regular income: Four investment options to consider as alternatives to FDs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചേരാനെല്ലൂര്‍ വാഹനാപകടം: ജഡ്ജിയെ പ്രതി ചേർത്തു; ജുഡീഷ്യറിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ഹൈക്കോടതി

ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; ദുബൈയില്‍ പ്രവാസി മലയാളി മരിച്ചു

സ്വർണ്ണമെഡൽ സ്വപ്നങ്ങളുമായി പ്രവാസി പ്രതിഭകൾ: സംസ്ഥാന സ്കൂൾ കായികമേളയ്ക്കായി യുഎഇയിൽനിന്ന് 26 അംഗ സംഘം കോഴിക്കോട്ടെത്തി

ഡിഗ്രി ഉണ്ടോ? ജപ്പാനിലേക്ക് JET വഴി പറക്കാം; 24 ലക്ഷം ശമ്പളം, ഇന്ത്യക്കാർക്ക് അവസരം, അവസാന തീയതി ഒക്ടോബർ 30

രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു: രാഹുൽ സുരക്ഷിതൻ