തിരുവനന്തപുരം: മുന്‍ഗണനാ പിങ്ക് റേഷന്‍ കാര്‍ഡ് (പിഎച്ച്എച്ച്) അനുവദിക്കാനുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. 1200 ചതുരശ്രയടി വരെ വിസ്തീര്‍ണമുള്ള വീട്, 800 സിസി വരെയുള്ള കാര്‍ ഉള്‍പ്പെടെയുള്ള നാലുചക്ര സ്വകാര്യവാഹനം, കൃഷിയോഗ്യമല്ലാത്തതോ മറ്റുതരത്തില്‍ ഉപയോഗിക്കാനാവാത്തതോ ആയ ഒരു ഏക്കറിലേറെ ഭൂമി എന്നിവയുണ്ടെങ്കിലും മുന്‍ഗണനാ കാര്‍ഡ് നല്‍കുന്നതിന്റെ സാധ്യതയാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.
മാനദണ്ഡങ്ങള്‍ പുതുക്കുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിവില്‍ സപ്ലൈസ് കമ്മിഷണര്‍ കെ ഹിമയ്ക്കു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മന്ത്രി അനൂപ് ജേക്കബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മുന്‍ഗണനാ കാര്‍ഡ് അനുവദിക്കാനുള്ള മാനദണ്ഡം നിശ്ചയിക്കാന്‍ അതതു സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്.
നിലവില്‍ 1000 ചതുരശ്രയടിയിലേറെ വിസ്തീര്‍ണമുള്ള വീടുള്ളവര്‍ക്കും നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനം സ്വന്തമായി ഉള്ളവര്‍ക്കും ( സ്വയം ഓടിക്കുന്ന ടാക്‌സി ഒഴികെ) മുന്‍ഗണനാ കാര്‍ഡ് ലഭിക്കില്ല. 1000 ചതുരശ്രയടിയിലേറെ വിസ്തീര്‍ണമുള്ള വീടുള്ള ഒട്ടേറെ പട്ടികജാതി കുടുംബങ്ങളടക്കം മുന്‍ഗണനാ കാര്‍ഡിന് അപേക്ഷിക്കാനാവാതെ വലയുകയാണ്. ഇതില്‍ പലരുടെയും വീടിന്റെ സ്ഥിതി പരിതാപകരമാണ്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നീക്കം.
വീടിന്റെ വിസ്തീര്‍ണത്തില്‍ ഇളവു നല്‍കുന്നതില്‍ പട്ടികജാതിവര്‍ഗ, തദ്ദേശ വകുപ്പുകളും അനുകൂലമാണ്. ഒരേക്കറിലേറെ സ്ഥലമുണ്ടെങ്കിലും വെള്ളക്കെട്ടും മറ്റുമായി കൃഷിയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ കുട്ടനാട്ടിലും മറ്റുമുണ്ട്. വീട്ടിലെ കിടപ്പുരോഗികളെയും ഭിന്നശേഷിക്കാരെയും മറ്റും കൊണ്ടുപോകാന്‍ സെക്കന്‍ഡ് ഹാന്‍ഡ് സ്വകാര്യവാഹനം ഉപയോഗിക്കുന്നതിന്റെ പേരില്‍ മുന്‍ഗണനാ കാര്‍ഡില്‍നിന്നു തഴയപ്പെടുന്നതാണു മറ്റൊരു സ്ഥിതി. ഇതെല്ലാം കണക്കിലെടുത്താണ് മുന്‍ഗണനാ പിങ്ക് റേഷന്‍ കാര്‍ഡ് അനുവദിക്കാനുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
നിലവില്‍ അയോഗ്യതയ്ക്കുള്ള മാനദണ്ഡങ്ങള്‍ താഴെ
1. കാര്‍ഡിലെ ഏതെങ്കിലും അംഗം സര്‍ക്കാര്‍, പൊതുമേഖല, സഹകരണ മേഖല ജീവനക്കാരാണെങ്കില്‍
2. ആദായനികുതിദായകരാണെങ്കില്‍
3. സര്‍വീസ് പെന്‍ഷനറാണെങ്കില്‍
4. 1000 ചതുരശ്രയടി വീട് ഉണ്ടെങ്കില്‍
5. നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനം സ്വന്തമായി ഉണ്ടെങ്കില്‍ ( സ്വയം ഓടിക്കുന്ന ടാക്‌സി ഒഴികെ)
6.ഒരേക്കറില്‍ അധികം ഭൂമി ഉണ്ടെങ്കില്‍ ( എസ്ടി വിഭാഗത്തിന് ഇത് ബാധകമല്ല)
7. വിദേശ മലയാളിയുടേത് ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ചേര്‍ന്നുള്ള വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍
8. ഡോക്ടര്‍, എന്‍ജിനീയര്‍, അഡ്വക്കേറ്റ്, ഐടി വിദഗ്ധന്‍, നഴ്‌സ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പോലുള്ള പ്രഫഷനലുകളാണെങ്കില്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates