ന്യൂഡല്‍ഹി: ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിച്ചെലവിന് ഒടുവില്‍ ആശ്വാസം. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന എണ്ണവില ആദ്യമായി ബാരലിന് 70 ഡോളറിന് താഴെയായി. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിനെ തുടര്‍ന്ന് മേഖല ശാന്തമായതും വിതരണം തടസ്സപ്പെടുമെന്ന ആശങ്കകള്‍ ഒഴിഞ്ഞതുമാണ് ഈ വിലക്കുറവിന് കാരണമായത്.
ആവശ്യമായ എണ്ണയുടെ 90 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെപ്പോലൊരു സമ്പദ്വ്യവസ്ഥയ്ക്ക് ഈ ഇടിവ് വളരെ നിര്‍ണായകമാണ്. ഇത് ഇറക്കുമതിച്ചെലവ് കുറയ്ക്കുകയും കറന്റ് അക്കൗണ്ട് കമ്മി മൂലമുള്ള സമ്മര്‍ദ്ദം ലഘൂകരിക്കുകയും സര്‍ക്കാരിന് കൂടുതല്‍ സാമ്പത്തിക ആശ്വാസം നല്‍കുകയും ചെയ്യുന്നു. ഈ ആശ്വാസത്തിന്റെ ഗുണം ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് മുന്‍പ്, സര്‍ക്കാരിനും പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കുമായിരിക്കും ലഭിക്കുകയെന്ന് വ്യവസായ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ജൂണ്‍ 27-ന് എണ്ണയുടെ ശരാശരി വില ബാരലിന് 68.86 ഡോളറായിരുന്നു. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള എണ്ണവില കുതിച്ചുയര്‍ന്നതിന് ശേഷം ആദ്യമായാണ് വില 70 ഡോളറിന് താഴേക്ക് വരുന്നത്.
ഈ മാസം ആദ്യം, സംഘര്‍ഷം കാരണം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെടുമെന്ന ഭീതി ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരാന്‍ കാരണമായിരുന്നു. എന്നാല്‍ സംഘര്‍ഷത്തിന് അയവ് വന്നതോടെ ആഗോള വിപണിയിലെ വില കുറയുകയും അത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്തു. ക്രൂഡ് ഓയില്‍ വിലയില്‍ വലിയ ഇടിവുണ്ടായിട്ടും പെട്രോള്‍, ഡീസല്‍ വിലകള്‍ ഉടന്‍ കുറയ്ക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
മുന്‍പുണ്ടായ നഷ്ടം നികത്താനും ആഗോള വിപണിയിലെ വിലക്കയറ്റത്തിന് ശേഷം തങ്ങളുടെ ലാഭവിഹിതം വര്‍ദ്ധിപ്പിക്കാനുമായിരിക്കും എണ്ണക്കമ്പനികള്‍ ഈ കുറഞ്ഞ ക്രൂഡ് ഓയില്‍ വിലയെ വിനിയോഗിക്കുക എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കാരണം, ഉടനടി വില കുറയ്ക്കുന്നതിനേക്കാള്‍ കമ്പനികള്‍ ഇപ്പോഴും മുന്‍ഗണന നല്‍കുന്നത് തങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്കാണ്. ആഗോള ഊര്‍ജ്ജ വിപണിയില്‍ എപ്പോള്‍ വേണമെങ്കിലും പെട്ടെന്നുള്ള രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്നതിനാല്‍ വിലക്കുറവിന്റെ ആനുകൂല്യം പെട്ടെന്ന് ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ എണ്ണക്കമ്പനികള്‍ മടിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates