കൊച്ചി: സംസ്ഥാനത്ത് സ്റ്റാര്‍ട്ട്അപ്പ് വ്യവസായം തിരിച്ചുവരവിന്റെ പാതയില്‍. നടപ്പുവര്‍ഷത്തെ ആദ്യ ആദ്യ ഒന്‍പത് മാസകാലയളവില്‍ സംസ്ഥാനത്തെ സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ 1.47 കോടി ഡോളറാണ് ഫണ്ടിങ്ങിലൂടെ സമാഹരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 60 ലക്ഷം ഡോളര്‍ മാത്രമായിരുന്ന സ്ഥാനത്ത് ഈ വര്‍ധന. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇതുവരെ സ്റ്റാര്‍ട്ട്അപ്പ് രംഗത്തെ ഫണ്ടിങ്ങിന്റെ കാര്യത്തില്‍ 147 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി ട്രാക്ഷന്റെ കേരള ടെക് ഇക്കോസിസ്റ്റം റാപ്പ് റിപ്പോര്‍ട്ട് പറയുന്നു. ശൈത്യകാലത്ത് ഫണ്ടിങ് തുടരുമോ എന്ന ആശങ്കയും കഠിനമായ മൂല്യനിര്‍ണയവും നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ നേട്ടം.
ഇടപാടുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടും ഫണ്ടിങ് വര്‍ധിച്ചതിനെ വലിയ പ്രതീക്ഷയോടെയാണ് സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍ കാണുന്നത്. ഇത് വലിയ സാധ്യതകളുള്ള തെരഞ്ഞെടുത്ത സംരംഭങ്ങളില്‍ ഫണ്ട് ഇറക്കാന്‍ നിക്ഷേപകരുടെ ഭാഗത്ത് നിന്നുള്ള താത്പര്യത്തെയാണ് കാണിക്കുന്നതെന്നും ഡാറ്റാ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 'കേരളത്തിന്റെ ടെക് ആവാസവ്യവസ്ഥ പക്വത പ്രാപിക്കുകയാണ്. ശക്തമായ വിദ്യാഭ്യാസ അടിത്തറ, ഉയര്‍ന്നുവരുന്ന നവീകരണ കേന്ദ്രങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന നിക്ഷേപക പങ്കാളിത്തം എന്നിവയാണ് ഇതിന് കരുത്തുപകരുന്നത്'- ട്രാക്ഷന്റെ സഹസ്ഥാപകയായ നേഹ സിങ് പറഞ്ഞു. 'ഈ വര്‍ഷത്തെ പ്രാരംഭ ഘട്ട ഫണ്ടിങ്ങിലെ വര്‍ധന സംസ്ഥാനത്തെ ഡീപ്ടെക്, ഹാര്‍ഡ്വെയര്‍ കേന്ദ്രീകൃത സ്റ്റാര്‍ട്ടപ്പുകളില്‍ വര്‍ദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു,'- അവര്‍ കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങളായി കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് രംഗത്തെ ഫണ്ടിങ്ങിലെ ചാഞ്ചാട്ടത്തെ എടുത്തുകാണിക്കുന്നതാണ് ഏറ്റവും പുതിയ കണക്കുകള്‍. 2022 ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ സ്റ്റാര്‍ട്ട്അപ്പ് കമ്പനികളിലെ ഫണ്ടിങ് 2.4 കോടി ഡോളറായി കുതിച്ചു ഉയര്‍ന്നിരുന്നു. എന്നാല്‍ 2023 ലും 2024 ലും ഈ മുന്നേറ്റം തുടരാന്‍ സാധിച്ചില്ല. ഈ വര്‍ഷത്തെ കുതിപ്പ് നിര്‍ണായകമായ ഒരു തിരിച്ചുവരവിനെയാണ് സൂചിപ്പിക്കുന്നത്. 2018 നും 2025 നും ഇടയില്‍ ഫണ്ടിങ് പടിപടിയായി ഉയരുന്ന കാഴ്ചയാണ് ദൃശ്യമായത്. 2019 ലെ ഏറ്റവും കുറഞ്ഞ 71 ലക്ഷം കോടി ഡോളറില്‍ നിന്ന് 2022 ലെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്കാണ് സ്റ്റാര്‍ട്ട് അപ്പ് രംഗം വളര്‍ന്നത്.
എന്നാല്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2025 ലെ ആദ്യ ഒന്‍പത് മാസങ്ങളിലെ സ്റ്റാര്‍ട്ടപ്പ് ഫണ്ടിങ്ങില്‍ കേരളം 13-ാം സ്ഥാനത്താണ്. 260 കോടി ഡോളറുമായി കര്‍ണാടകയാണ് ഒന്നാമത്. 200 കോടി ഡോളറുമായി മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. 140 കോടി ഡോളറുമായി ഡല്‍ഹി മൂന്നാമതുമാണ്. 2025ല്‍ സെമികണ്ടക്ടര്‍ സ്റ്റാര്‍ട്ട്അപ്പ് നെട്രാസെമിയാണ് ഏറ്റവുമധികം ഫണ്ട് സമാഹരിച്ചത്. 1.24 കോടി ഡോളര്‍ ആണ് കമ്പനിയിലേക്ക് ഒഴുകിയെത്തിയത്. സീഡ് ഫണ്ടിങ് ആയി 23 ലക്ഷം ഡോളറാണ് ലഭിച്ചത്. മൈഡെസിഗ്‌നേഷന്‍, ഐ ഹബ് റോബോട്ടിക്സ്, ഓഗ്സെന്‍സ് ലാബ്, ഫെമിസേഫ് തുടങ്ങിയവയാണ് കൂടുതല്‍ ഫണ്ട് ലഭിച്ച മറ്റു കമ്പനികള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates