പോസ്റ്റ് ഓഫീസിന്റെ രണ്ട് നിക്ഷേപ പദ്ധതികളാണ് കിസാന്‍ വികാസ് പത്രയും നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റും. മികച്ച റിട്ടേണ്‍ ആണ് രണ്ടിന്റെയും ആകര്‍ഷണം. ഇരു സ്‌കീമുകളും ബാങ്ക് എഫ്ഡിയേക്കാള്‍ മെച്ചപ്പെട്ട റിട്ടേണ്‍ ആണ് നല്‍കുന്നത്. കിസാന്‍ വികാസ് പത്രയുടെ കാലാവധി പത്തുവര്‍ഷമാണ്. നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റിന്റേത് അഞ്ചുവര്‍ഷമാണ്.
കിസാന്‍ വികാസ് പത്ര
100 ശതമാനം സുരക്ഷിതമായ ഈ പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ നിശ്ചിത വര്‍ഷം കഴിഞ്ഞാല്‍ പണം ഇരട്ടിപ്പിക്കാന്‍ സാധിക്കും. നിലവില്‍ കിസാന്‍ വികാസ് പത്ര നിക്ഷേപകര്‍ക്ക് 7.5 ശതമാനം വാര്‍ഷിക പലിശയാണ് നല്‍കുന്നത്. കൂട്ടുപലിശയാണ് കണക്കാക്കുന്നത് എന്നതാണ് മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കാന്‍ സഹായിക്കുന്നത്. ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് മൂന്നുമാസം കൂടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ണയിക്കാറുണ്ട്. സാഹചര്യങ്ങള്‍ അനുസരിച്ച് പലിശനിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ആണ് കേന്ദ്രസര്‍ക്കാര്‍ ചെയ്ത് വരുന്നത്.
ഇവിടെ നിക്ഷേപം എത്രയാണെങ്കിലും ഇരട്ടിയാകാന്‍ 115 മാസം എടുക്കും. അതായത് 9 വര്‍ഷവും ഏഴുമാസവും കൊണ്ട് നിക്ഷേപും ഇരട്ടിയാകും. ദീര്‍ഘകാല നിക്ഷേപകര്‍ക്കാണ് ഈ പദ്ധതി വഴി കൂടുതല്‍ നേട്ടം ലഭിക്കുക. കിസാന്‍ വികാസ് പത്രയില്‍ ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് നൂറ് രൂപയുടെ ഗുണിതങ്ങളായി കൂടുതല്‍ നിക്ഷേപിക്കാനും അവസരമുണ്ട്. പരിധിയില്ലാതെ എത്ര വേണമെങ്കിലും പദ്ധതിയില്‍ നിക്ഷേപിക്കാവുന്നതാണ്. നിലവിലെ പലിശനിരക്ക് അനുസരിച്ച് അഞ്ചുലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ കാലാവധി തീരുമ്പോള്‍ പത്തുലക്ഷം രൂപ ലഭിക്കും. 50 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ പത്തുവര്‍ഷം കഴിയുമ്പോള്‍ ഒരു കോടി രൂപ ലഭിക്കാനും ഇത് സഹായിക്കും.
പദ്ധതിയുടെ കാലാവധി തീരുന്നതിന് മുന്‍പ് അക്കൗണ്ട് ഉടമ മരിച്ചുപോകുന്നത് അടക്കം ചില സാഹചര്യങ്ങളില്‍ ഇടയ്ക്ക് വച്ച് തുക പിന്‍വലിക്കാനും അനുവദിക്കും. 30 മാസത്തെ നിര്‍ബന്ധിത ലോക്ക് ഇന്‍ പിരീഡുമായാണ് ഈ പദ്ധതി വരുന്നത്. ഏതൊരു ഇന്ത്യന്‍ പൗരനും ഈ പദ്ധതിയില്‍ നിക്ഷേപിക്കാവുന്നതാണ്.
നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്
ഈ കേന്ദ്രസര്‍ക്കാര്‍ സ്‌കീം സ്ഥിര വരുമാനം ഉറപ്പാക്കുന്നു. അഞ്ചു വര്‍ഷത്തെ ലോക്ക്-ഇന്‍ പിരീഡും 1.5 ലക്ഷം രൂപ വരെ ആദായനികുതി ഇളവും (സെക്ഷന്‍ 80സി പ്രകാരം) ലഭിക്കുന്ന ഈ സ്‌കീം ചെറുകിട, ഇടത്തരം വരുമാനക്കാര്‍ക്ക് നികുതി ലാഭിക്കാനും സമ്പാദ്യത്തിനും മികച്ചതാണ്. 7.7 ശതമാനമാണ് പലിശ നിരക്ക് വരുന്നത്. കുറഞ്ഞത് 1000 രൂപ മുതല്‍ ഇതില്‍ നിക്ഷേപം തുടങ്ങാവുന്നതാണ്. തുടര്‍ന്ന് 1000 രൂപയുടെ ഗുണിതമായാണ് നിക്ഷേപിക്കേണ്ടത്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് അവരുടെ പേരിലും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വേണ്ടി കുട്ടികളുടെ പേരിലും ഇതില്‍ നിക്ഷേപിക്കാവുന്നതാണ്. സംയുക്തമായി നിക്ഷേപിക്കാനും സാധിക്കും.
എന്‍എസ്സിയുടെ ആകര്‍ഷണം അതിന്റെ കോമ്പൗണ്ടിങ് ഇഫക്റ്റിലാണ്. ഉദാഹരണമായി 25 ലക്ഷം രൂപയുടെ നിക്ഷേപം നടത്തുകയാണെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 36.47 ലക്ഷം രൂപയായി വളരും. ഏകദേശം 11.47 ലക്ഷം രൂപയാണ് പലിശ വരുമാനമായി ലഭിക്കുക. അടിസ്ഥാന കെവൈസി രേഖകളുമായി അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചാല്‍ ഇതില്‍ ചേരാവുന്നതാണ്. വായ്പാ സൗകര്യവും ലഭിക്കും. എന്‍എസ്സി സര്‍ട്ടിഫിക്കറ്റുകള്‍ ഈടായി നല്‍കി ബാങ്കില്‍ നിന്ന് വായ്പ എടുക്കാവുന്നതാണ്.
പത്തുലക്ഷം രൂപ നിക്ഷേപിച്ചാല്‍
പത്തുലക്ഷം രൂപ കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപിച്ചാല്‍ കാലാവധി കഴിയുമ്പോള്‍ 21,02,349 രൂപയാണ് ലഭിക്കുക. അതായത് പലിശവരുമാനമായി മാത്രം 11,02,349 രൂപ ലഭിക്കും.
നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റില്‍ പത്തുവര്‍ഷത്തേയ്ക്ക് നിക്ഷേപിക്കാന്‍ സാധിക്കില്ല. അഞ്ചുവര്‍ഷമാണ് കാലാവധി. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ മുഴുവന്‍ പണം പിന്‍വലിച്ച ശേഷം പുതിയ ഒരു നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റില്‍ ചേരാന്‍ മാത്രമേ സാധിക്കൂ. ഇത്തരത്തില്‍ പത്തുവര്‍ഷം നിക്ഷേപിച്ചാല്‍ നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പലിശ വരുമാനമായി മാത്രം 11, 42,143 രൂപയാണ് കിട്ടുക. നിക്ഷേപിച്ച തുകയും പലിശവരുമാനവും കൂടി ചേരുമ്പോള്‍ തുക 21,42,143 രൂപയാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates