കൊച്ചി: ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ നേതൃമാറ്റം. കമ്പനിയുടെ പുതിയ എക്സിക്യൂട്ടീവ് ചെയര്‍മാനായി നിലവിലെ എംഡി, സി ജെ ജോര്‍ജിനെയും മാനേജിങ് ഡയറക്ടറായി നിലവില്‍ എക്സിക്യൂട്ടീവ് ഡയറക്ടറായ ജോണ്‍സ് ജോര്‍ജിനെയും നിയമിച്ചു.
ജൂലൈ 22ന് ചേര്‍ന്ന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഈ സ്ഥാനമാറ്റങ്ങള്‍ക്ക് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്. 1987ല്‍ സി ജെ ജോര്‍ജും രണജിത് കാഞ്ചിലാലും ചേര്‍ന്നാണ് ജിയോജിത് സ്ഥാപിച്ചത്. ഇന്റര്‍നെറ്റ് വഴിയും മൊബൈല്‍ ഫോണ്‍ വഴിയുമുള്ള ട്രേഡിങ് രാജ്യത്ത് ആദ്യമായി അവതരിപ്പിച്ചത് ജിയോജിത് ആണെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിനുപുറമെ സ്വര്‍ണം, കുരുമുളക്, ഏലം തുടങ്ങിയവയുടെ ഫ്യൂച്ചേഴ്സ് ട്രേഡിങ്ങിനും തുടക്കം കുറിച്ചു. ജിയോജിത് സ്ഥാപിച്ചതിന്റെ നാല്‍പതാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയിലാണ് കൂടുതല്‍ വളര്‍ച്ച ലക്ഷ്യമിട്ട് നേതൃമാറ്റം കൊണ്ടുവന്നത്.
2013ല്‍ ഡിജിറ്റല്‍ മീഡിയാ മാനേജരായാണ് ജോണ്‍സ് ജോര്‍ജ് ജിയോജിത്തില്‍ എത്തിയത്. പിന്നീട്, 2018ല്‍ ചീഫ് ഡിജിറ്റല്‍ ഓഫീസറായും 2021ല്‍ എക്സിക്യൂട്ടീവ് ഡയറക്ടറായും നിയമിക്കപ്പെട്ടു. ജിയോജിത്തിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ സുപ്രധാന പങ്കുവഹിച്ച അദ്ദേഹം, വിദേശത്തെ ബിസിനസുകളുടെയും കമ്പനിയുടെ വളര്‍ച്ചാ തന്ത്രങ്ങളുടെയും ചുമതല വഹിക്കുന്നതായി ജിയോജിത്ത് അറിയിച്ചു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി കമ്പനിക്കൊപ്പമുള്ള ജോണ്‍സിന് കമ്പനിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്രമായ അറിവുണ്ട്. അടിസ്ഥാന മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് കമ്പനിയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് കമ്പനിയുടെ നേതൃനിരയ്ക്ക് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ എന്ന നിലയില്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും സിജെ ജോര്‍ജ് പറഞ്ഞു. പ്രവര്‍ത്തനം തുടങ്ങി നാല്‍പതാം വര്‍ഷത്തിലേക്ക് പ്രവേശിക്കാനിരിക്കുന്ന ഈ നിര്‍ണായക ഘട്ടത്തില്‍ ജിയോജിത്തിലെ പുതിയ ചുമതല ഏറ്റെടുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ജോണ്‍സ് ജോര്‍ജ് പറഞ്ഞു.
നിക്ഷേപകരുടെ വിശ്വാസവും അവരുമായുള്ള ആഴത്തിലുള്ള ബന്ധവുമാണ് ജിയോജിത്തിന്റെ കരുത്ത്. വരുംകാലങ്ങളില്‍ പുതിയ സാങ്കേതികവിദ്യകളിലും ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ജിയോജിത്തിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് കമ്പനിയുടെ വളര്‍ച്ച ശക്തിപ്പെടുത്താന്‍ ശ്രമിക്കുമെന്നും ജോണ്‍സ് ജോര്‍ജ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates