ന്യൂഡല്‍ഹി: പുതിയ വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് വില്‍ക്കുന്ന രീതിയില്‍ വലിയ മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ( ഐആര്‍ഡിഎഐ). ഇത് പ്രാബല്യത്തില്‍ വന്നാല്‍ വാഹന ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വലിയ കുറവ് ലഭിക്കും. ഫലത്തില്‍ ഡീലര്‍മാര്‍ക്കും മറ്റു വിതരണക്കാര്‍ക്കും ലഭിക്കുന്ന കമ്മീഷനില്‍ കുറവ് ഉണ്ടാവും.
ഇന്‍ഷുറന്‍സ് രംഗത്തെ ഏകീകൃത വിപണന പോര്‍ട്ടലായ ബീമ സുഗം വഴി ഇന്‍ഷുറന്‍സ് പോളിസി വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുന്ന തരത്തില്‍ ക്രമീകരണം ഒരുക്കണമെന്നാണ് ഐആര്‍ഡിഎഐ നിര്‍ദേശിച്ചിരിക്കുന്നത്. പോളിസികള്‍ വിതരണം ചെയ്യുന്നതിനായുള്ള കമ്മീഷന്‍ ഈ പോര്‍ട്ടലില്‍ ആവശ്യമില്ലാത്തതിനാല്‍ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ ചെലവില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നതാണ് പ്രധാന നേട്ടം. സാധാരണഗതിയില്‍ ഇന്‍ഷുറന്‍സ് പോളിസികളുടെ വിതരണത്തിന് വന്‍തുക കമ്മീഷനായി ചെലവാകാറുണ്ട്. ബീമ സുഗം വഴി മികച്ച ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ പ്രീമിയത്തില്‍ ലഭ്യമാക്കാന്‍ കമ്പനികള്‍ക്ക് കഴിയും. ഷോറൂമിന് പുറത്തുനിന്നാണ് പോളിസി നേടിയതെങ്കില്‍ പോലും ക്യാഷ്‌ലെസ് റിപ്പയര്‍ ക്ലെയിമുകള്‍ ഓതറൈസ്ഡ് ഡീലര്‍മാര്‍ നിഷേധിക്കാന്‍ പാടില്ലെന്നും ഐആര്‍ഡിഎഐ വ്യക്തമാക്കി. അന്തിമ ചട്ടം പുറത്തുവരുമ്പോള്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നും ഐആര്‍ഡിഎഐ അറിയിച്ചു.
പുതിയ വാഹനം വാങ്ങുമ്പോള്‍ ഉപഭോക്താവിനായി ബീമ സുഗം പ്ലാറ്റ്‌ഫോം വഴി ഇന്‍ഷുറന്‍സ് വാങ്ങാനുള്ള സൗകര്യം ഡീലര്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. ഇതിനായി ഉപഭോക്താക്കള്‍ക്ക് നേരിട്ട് പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കാന്‍ ക്യൂആര്‍ കോഡുകള്‍ ഉള്‍പ്പെടെ നല്‍കാവുന്നതാണ്. ഇതിലൂടെ ഡീലര്‍ഷിപ്പ് നല്‍കുന്ന ഇന്‍ഷുറന്‍സ് ഓപ്ഷനുകളെ മാത്രം ആശ്രയിക്കാതെ മറ്റ് മികച്ച ബദലുകള്‍ കണ്ടെത്താന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഒരു ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം, പുതിയ പോളിസി വാങ്ങുമ്പോഴോ നിലവിലുള്ളത് പുതുക്കുമ്പോഴോ ലഭ്യമായ വിവിധ ഓപ്ഷനുകള്‍ താരതമ്യം ചെയ്യാനും മോട്ടോര്‍ ഇന്‍ഷുറന്‍സ് വാങ്ങാനും ഇത് മറ്റൊരു വഴി തുറന്നുനല്‍കും.
നിലവില്‍ ഒരു പുതിയ വാഹനം വാങ്ങുമ്പോള്‍ ഇന്‍ഷുറന്‍സ് ഓപ്ഷനും ഡീലര്‍ വഴിയാണ് ലഭ്യമാകുന്നത്. എന്നാല്‍ പകരം മറ്റൊരു ഡിജിറ്റല്‍ സംവിധാനമുണ്ടെന്ന് ഡീലര്‍മാര്‍ ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കേണ്ടതാണ്. കുറഞ്ഞ കമ്മീഷനില്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ നേടാന്‍ സാധിക്കുന്നതിനാല്‍ ഉപഭോക്താവിനെ സംബന്ധിച്ച് ഐആര്‍ഡിഎഐ നിര്‍ദ്ദേശങ്ങള്‍ നടപ്പാകുമ്പോള്‍ അത് നേട്ടം നല്‍കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates