ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം കുറച്ച് 31,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഓഫര്‍ ഫോര്‍ സെയില്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് എല്‍ഐസി ഓഹരി വിലയില്‍ വന്‍ ഇടിവ്. മുന്‍പത്തെ ക്ലോസിങ് വിലയേക്കാള്‍ വലിയ ഡിസ്‌കൗണ്ടിലാണ് ഓഫര്‍ ഫോര്‍ സെയിലിന്റെ തറ വില നിശ്ചയിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ വ്യാപാരത്തിന്റെ തുടക്കത്തില്‍ എല്‍ഐസി ഓഹരികള്‍ ഏഴു ശതമാനമാണ് ഇടിഞ്ഞത്. നിലവില്‍ ഓഹരി ഒന്നിന് 398 രൂപ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. നിലവിലെ വില അനുസരിച്ച് എല്‍ഐസിയുടെ വിപണി മൂല്യം ഏകദേശം 5.05 ലക്ഷം കോടി രൂപയായി. ഒരു ഓഹരിക്ക് 382 രൂപ നിരക്കിലാണ് ഓഫര്‍ ഫോര്‍ സെയില്‍ തറ വില നിശ്ചയിച്ചിരിക്കുന്നത്. ഇത് തിങ്കളാഴ്ചത്തെ ക്ലോസിങ് വിലയേക്കാള്‍ 11 ശതമാനം കുറവാണ്. ചൊവ്വാഴ്ച രാവിലത്തെ വ്യാപാരത്തില്‍ തറ വിലയായ 382 രൂപയേക്കാള്‍ നാലു ശതമാനം മാത്രം ഉയര്‍ന്ന നിരക്കിലാണ് ഓഹരി വില(398.50). നോണ്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ഇന്നും( ചൊവ്വാഴ്ച) റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ബുധനാഴ്ചയും ഓഫര്‍ ഫോര്‍ സെയിലില്‍ പങ്കാളികളാകാം.
എല്‍ഐസിയുടെ മൊത്തം ഇക്വിറ്റിയുടെ 2.5 ശതമാനം ബേസ് ഓഫറും കൂടാതെ നാലു ശതമാനം അധികമായി വില്‍ക്കാനുള്ള ഗ്രീന്‍ഷൂ ഓപ്ഷനും അടങ്ങുന്നതാണ് സര്‍ക്കാരിന്റെ ഓഫര്‍ ഫോര്‍ സെയില്‍ പ്രഖ്യാപനം. ഗ്രീന്‍ഷൂ ഓപ്ഷന്‍ പൂര്‍ണമായി വിജയിച്ചാല്‍ എല്‍ഐസിയില്‍ സര്‍ക്കാരിനുള്ള 6.5 ശതമാനം വരെ ഓഹരികളാണ് വിറ്റഴിക്കുക. ഇതുവഴി 31,000 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
സെബി മാനദണ്ഡം
പൊതു ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും സെബിയുടെ വ്യവസ്ഥകളും പാലിക്കുന്നതിന്റെ ഭാഗമായാണ് ഓഫര്‍ ഫോര്‍ സെയില്‍. നിലവില്‍ എല്‍ഐസിയില്‍ സര്‍ക്കാരിന് 96.5 ശതമാനം പങ്കാളിത്തമാണ് ഉള്ളത്. 6.5 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാരിന്റെ പങ്കാളിത്തം 90 ശതമാനമായി കുറയും. സര്‍ക്കാരിന്റെ പങ്കാളിത്തം 90 ശതമാനമായി കുറയ്ക്കുന്നതിന് 2027 മെയ് മാസം വരെയാണ് എല്‍ഐസിക്ക് സെബി സമയം അനുവദിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates