upi transaction file
Business

പ്രതിഷേധം ഫലം കണ്ടു; യുപിഐ ഫീസ് നടപ്പാക്കുന്നത് നീട്ടിവെച്ചു, പുതിയ തീയതി പിന്നീട്

വ്യാപാരി സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ നീട്ടിവെച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: വ്യാപാരി സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ നീട്ടിവെച്ചു. ദീപാവലിയ്ക്ക് ശേഷം ഇത് നടപ്പാക്കുന്ന തീയതി തീരുമാനിക്കുമെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു. ഉത്സവകാലം കണക്കിലെടുത്താണ് എംഡിആര്‍ ചുമത്തുന്നത് നീട്ടിവെയ്ക്കാന്‍ തീരുമാനിച്ചതെന്നും എന്‍പിസിഐ വ്യക്തമാക്കി.

നേരത്തെ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം ഒക്ടോബര്‍ 15ന് നടപ്പാക്കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ വ്യാപാരി സംഘടനകളും ഫിന്‍ടെക് കമ്പനികളും പേയ്മെന്റ് സ്ഥാപനങ്ങളും നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെ സമീപിച്ചിരുന്നു. വ്യത്യസ്ത എംഡിആര്‍ നിരക്കുകള്‍, ഇവയുടെ പ്രയോഗക്ഷമത തുടങ്ങിയ വിഷയങ്ങളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ ഇത് നടപ്പാക്കാന്‍ വ്യവസായമേഖല സജ്ജമല്ല എന്ന് കാണിച്ചാണ് വ്യാപാരി സംഘടനകള്‍ അടക്കം നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെ പ്രതിഷേധം അറിയിച്ചത്. ഉത്സവ സീസണ്‍ കഴിയുന്നത് വരെ ഇത് നടപ്പാക്കുന്നത് നീട്ടിവെയ്ക്കണമെന്നായിരുന്നു വ്യാപാരി സംഘടനകളുടെ ആവശ്യം. പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ എംഡിആര്‍ വരുന്നത് ഉത്സവ വില്‍പ്പന സമയത്ത് ബിസിനസ് ചെലവ് വര്‍ധിക്കുമെന്ന ആശങ്ക കൂടി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനമെന്ന് വിലയിരുത്തുന്നു.

ഇന്ത്യയിലെ പ്രധാന ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ യുപിഐ നിയന്ത്രിക്കുന്നത് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്. കഴിഞ്ഞ മാസമാണ് 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ചുമത്താന്‍ തീരുമാനിച്ചത്. 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 0.4 ശതമാനമാണ് എംഡിആര്‍ ആയി നിശ്ചയിച്ചത്. ഇത് ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നായിരുന്നു പ്രഖ്യാപനം. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതിന് വ്യാപാരികള്‍ ബാങ്കുകള്‍ക്ക് നല്‍കുന്ന ഫീസാണ് എംഡിആര്‍. യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് 15 മുതല്‍ സംസ്ഥാനത്തെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകള്‍ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു.

Merchant Discount Rate on UPI transactions deferred, no new date announced

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സർക്കാർ; കേസെടുക്കാൻ മതിയായ തെളിവില്ലെന്ന് വാദം

'ചേട്ടൻ ഒരു സംഭവം തന്നെ'; രാജസ്ഥാനി ​ഗായകരെ കൊണ്ട് മലയാളം പാട്ട് പാടിച്ച് ദിനേശ് പ്രഭാകർ, വിഡിയോ വൈറൽ

വിദേശത്ത് ജോലി വാഗ്ദാനം; ഏജന്‍സികളുടെ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ഇക്കാര്യങ്ങര്‍ ശ്രദ്ധിക്കാം, മുന്നറിയിപ്പ്

പ്രതിശ്രുത വധുവിനെ പുഴയിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി

നടത്തത്തിനൊരു ലളിതമായ പരിഹാരം; മഴയും വെയിലും പേപ്പട്ടി ശല്യവും വാഹനങ്ങളുമൊന്നും പ്രശ്‌നമാകില്ല!