ന്യൂഡല്‍ഹി: ഫാസ് ടാഗുമായി ബന്ധപ്പെട്ട് പുതിയ പരിഷ്‌കാരങ്ങള്‍ ഏപ്രില്‍ 10 മുതല്‍ പ്രാബല്യത്തില്‍. ഏപ്രില്‍ 10 മുതല്‍ ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ നേരിട്ട് പണം സ്വീകരിക്കില്ല. ടോള്‍ പിരിവിനായി ഫാസ് ടാഗ് തന്നെ പ്രധാന മാര്‍ഗമായി തുടരും. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് യുപിഐ വഴി പണമടയ്ക്കാം. ടോള്‍ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും ഗതാഗതം സുഗമമാക്കാനുമാണ് ഈ നീക്കം.
ഫാസ്ടാഗ് ഇല്ലാത്തവര്‍ക്ക് യുപിഐ ഉപയോഗിക്കാമെങ്കിലും, സാധാരണ ടോള്‍ നിരക്കിനേക്കാള്‍ 25 ശതമാനം അധികം തുക നല്‍കേണ്ടി വരും. ഫാസ്ടാഗ്, യുപിഐ എന്നിവ ഉപയോഗിച്ച് ടോള്‍ നല്‍കാന്‍ മടിക്കുന്ന വാഹനങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ അധികൃതര്‍ക്ക് അധികാരമുണ്ട്. കൂടാതെ, ഇ-നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ പിഴ തുക ഇരട്ടിയാകുമെന്നും വ്യവസ്ഥയില്‍ പറയുന്നു.
സര്‍ക്കാര്‍ ഐഡി കാര്‍ഡുകള്‍ കാണിച്ച് സ്വകാര്യ വാഹനങ്ങളില്‍ ടോള്‍ ഇളവ് നേടുന്ന രീതി ഇനി മുതല്‍ ഉണ്ടാകില്ല. ഔദ്യോഗികമായി ഇളവുകള്‍ക്ക് അര്‍ഹതയുള്ള വാഹനങ്ങളില്‍ 'Exempted FASTag' ഉണ്ടെങ്കില്‍ മാത്രമേ ഇനി ടോള്‍ ഇല്ലാതെ കടത്തിവിടുകയുള്ളൂ.
വാര്‍ഷിക ടോള്‍ പാസ് നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ക്ക് 3,075 രൂപയാണ് പുതിയ നിരക്ക്. ഒരു വര്‍ഷത്തെ കാലാവധി അല്ലെങ്കില്‍ 200 യാത്രകള്‍ (ഏതാണോ ആദ്യം വരുന്നത്) വരെ ഈ പാസ് ഉപയോഗിക്കാം. സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇത് കൂടുതല്‍ ലാഭകരമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates