റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒന്നും ഇല്ലാതെ സുഖമായി ജീവിക്കണമെന്നതാണ് എല്ലാവരുടെയും ആഗ്രഹം. ഇതിനായി മുന്‍കൂട്ടി നിക്ഷേപം നടത്തുന്നവരാണ് നിരവധിപ്പേര്‍. ജോലി ചെയ്യുന്ന സമയത്ത് കുറച്ചുപണം അല്‍പാല്‍പമായി സേവ് ചെയ്ത് പണം സ്വരുക്കൂട്ടുന്നവരാണ് മിക്കവാറും ആളുകളും. ഇതിനായി ആര്‍ഡി സ്‌കീമിനെയോ എസ്‌ഐപി സ്‌കീമിനെയോ മറ്റു നിക്ഷേപ പദ്ധതികളെയോ ആണ് കൂടുതലായി ആശ്രയിക്കുന്നത്. ഇത്തരത്തില്‍ സമ്പാദിച്ച് വലിയ തുകയായി മാറുമ്പോള്‍ റിട്ടയര്‍മെന്റിന് തൊട്ടുമുന്‍പ് പെന്‍ഷന്‍ പദ്ധതികളില്‍ നിക്ഷേപം നടത്തി വരുമാനം ഉറപ്പാക്കാവുന്നതാണ്. അത്തരം പെന്‍ഷന്‍ പദ്ധതികളെ കുറിച്ച് ചിന്തിക്കുമ്പോള്‍ മനസിലേക്ക് ഓടി വരുന്ന സ്‌കീമാണ് പോസ്റ്റ് ഓഫീസിന്റെ നിക്ഷേപ പദ്ധതിയായ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം. ഇതില്‍ നിക്ഷേപിച്ചാല്‍ പെന്‍ഷന് സമാനമായി മൂന്ന് മാസം കൂടുമ്പോള്‍ വരുമാനം ഉറപ്പാക്കാവുന്നത്. മികച്ച റിട്ടേണ്‍ ആണ് ഇത് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഗ്യാരണ്ടീഡ് ആണ് എന്ന പ്രയോജനവും ഉണ്ട്.
60 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഈ സാമ്പത്തിക നിക്ഷേപ പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിമാസം 20,050 രൂപ വരെ വരുമാനം ലഭിക്കാന്‍ സഹായിക്കുന്നു. ഓരോ പാദത്തിലും പലിശ നിരക്ക് പരിഷ്‌കരിക്കുമെങ്കിലും നിലവില്‍ 8.2 ശതമാനം പലിശയാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വര്‍ഷമാണ് നിക്ഷേപ കാലാവധി. എന്നാല്‍ ആവശ്യമെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടാനുള്ള സൗകര്യവുമുണ്ട്.
മുമ്പ് ഒരു നിക്ഷേപകന് 15 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിരുന്ന ഈ പദ്ധതി ഇപ്പോള്‍ പരമാവധി 30 ലക്ഷം രൂപ നിക്ഷേപിക്കാന്‍ അനുവദിക്കുന്നു. ഇത് മുതിര്‍ന്ന പൗരന്മാര്‍ക്ക് ആനുപാതികമായി അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ആധാര്‍, പാന്‍ കാര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഏത് പോസ്റ്റ് ഓഫീസിലോ അംഗീകൃത ബാങ്കിലോ അക്കൗണ്ട് തുറക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതിയില്ല. എന്നാല്‍ ലഭിക്കുന്ന പലിശ നികുതിക്ക് വിധേയമാണ്.
കേന്ദ്രസര്‍ക്കാര്‍ പിന്തുണയുള്ളത് കൊണ്ടുതന്നെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ സുരക്ഷിതമാണ്. അതോടൊപ്പം മികച്ച പലിശയും നേടാം. ഒരുപക്ഷെ രാജ്യത്തെ ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം വാഗ്ദാനം ചെയ്യുന്നുണ്ട്. ലക്ഷക്കണക്കിന് മുതിര്‍ന്ന പൗരന്മാര്‍ ഇതിനകം തന്നെ ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നതിനാല്‍, ഇന്ത്യയിലെ വിരമിക്കല്‍ ആസൂത്രണത്തിലെ പ്രധാനിയാണ് ഈ പദ്ധതി.
30 ലക്ഷം രൂപയാണ് സിംഗിള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതെങ്കില്‍ 8.2 ശതമാനം വാര്‍ഷിക പലിശ നിരക്ക് അനുസരിച്ച് ഓരോ പാദത്തിലും 60,150 രൂപ പലിശയായി മാത്രം ലഭിക്കുന്നു. അങ്ങനെ വരുമ്പോള്‍ പ്രതിമാസ വരുമാനം 20,050 രൂപയായിരിക്കും. നിക്ഷേപം തുടങ്ങി ഒരു വര്‍ഷത്തിനകം പലിശയില്ലാതെയും ഒരു വര്‍ഷത്തിനു ശേഷം 1.5 ശതമാനം കിഴിവോടെയും രണ്ട് വര്‍ഷത്തിനു ശേഷം ഒരു ശതമാനം കിഴിവോടെയും ആവശ്യമെങ്കില്‍ ഈ തുക പിന്‍വലിക്കാവുന്നതുമാണ്. 15 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ ഓരോ പാദത്തിലും 30,075 രൂപയാണ് ലഭിക്കുക. അതായത് ഫലത്തില്‍ മാസംതോറും ഏകദേശം 10,000 രൂപ വീതം ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates