post office scheme ai image
Business

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് vs റെക്കറിങ് ഡെപ്പോസിറ്റ്; ഏതാണ് മികച്ചത്?, താരതമ്യപഠനം

സുരക്ഷിത നിക്ഷേപവും മികച്ച റിട്ടേണും ആഗ്രഹിക്കുന്നവര്‍ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ തെരഞ്ഞെടുക്കുന്നത് സ്വാഭാവികമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

സുരക്ഷിത നിക്ഷേപവും മികച്ച റിട്ടേണും ആഗ്രഹിക്കുന്നവര്‍ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ തെരഞ്ഞെടുക്കുന്നത് സ്വാഭാവികമാണ്. പോസ്റ്റ് ഓഫീസിന്റെ ജനപ്രിയ സ്‌കീമുകളില്‍ രണ്ടെണ്ണമാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റും റെക്കറിങ് ഡെപ്പോസിറ്റും. ഇവ ഓരോന്നും നോക്കാം.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്

ബാങ്കുകളെ അപേക്ഷിച്ച് ആകര്‍ഷകമായ പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്‌കീമിന് ഉള്ളത്. ഒറ്റത്തവണ നിക്ഷേപത്തിലൂടെ മികച്ച പലിശ വരുമാനം നേടാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. നിക്ഷേപത്തിന് സുരക്ഷയും മെച്ചപ്പെട്ട റിട്ടേണും ലഭിക്കാന്‍ പോസ്റ്റ് ഓഫീസിന്റെ ടൈം ഡെപ്പോസിറ്റ് സ്‌കീം തെരഞ്ഞെടുക്കുന്നത് അഭികാമ്യമാണ്. ബാങ്ക് എഫ്ഡി പോലെ പോസ്റ്റ് ഓഫീസ് എഫ്ഡി എന്നാണ് ടൈം ഡെപ്പോസിറ്റ് സ്‌കീമിനെ വിശേഷിപ്പിക്കുന്നത്. വിവിധ കാലയളവിലേക്കായി നിക്ഷേപിക്കാന്‍ കഴിയുന്ന തരത്തിലാണ് സ്‌കീം. 6.9 ശതമാനം മുതല്‍ 7.5 ശതമാനം വരെയാണ് പലിശ.

നിക്ഷേപകന്റെ ആവശ്യം അനുസരിച്ച് ദീര്‍ഘകാലത്തേയ്ക്കും ഹ്രസ്വകാലത്തേയ്ക്കും ഇതില്‍ നിക്ഷേപിക്കാനാവും. ഒരു വര്‍ഷം, രണ്ടുവര്‍ഷം, മൂന്ന് വര്‍ഷം, അഞ്ചുവര്‍ഷം എന്നിങ്ങനെ നിക്ഷേപിക്കാനുള്ള ഓപ്ഷന്‍ ആണ് ഉള്ളത്. ജോയിന്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ ആകും എന്നതാണ് മറ്റൊരു പ്രത്യേകത. കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്കും ഈ സ്‌കീം തെരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ കുട്ടികള്‍ക്ക് പത്തുവയസില്‍ കൂടുതല്‍ പ്രായം ഉണ്ടായിരിക്കണം.

കുറഞ്ഞത് ആയിരം രൂപയാണ് നിക്ഷേപിക്കേണ്ടത്. ഒരു വര്‍ഷത്തേയ്ക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ 6.9 ശതമാനം പലിശയാണ് ലഭിക്കുക. രണ്ടുവര്‍ഷം കാലാവധി ഉദ്ദേശിച്ചാണ് നിക്ഷേപിക്കുന്നതെങ്കില്‍ ഏഴുശതമാനം പലിശ ലഭിക്കും. അഞ്ചുവര്‍ഷത്തേയ്ക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ 7.5 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് നല്‍കുന്നത്.

അഞ്ചുവര്‍ഷത്തേയ്ക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ നികുതി ഇളവിന് അര്‍ഹതയുണ്ട്. 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80C പ്രകാരമാണ് നികുതി ഇളവ്. 5 വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി ആനുകൂല്യം ലഭ്യമല്ല. ഡെപ്പോസിറ്റ് കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ പണം പിന്‍വലിക്കാം. എന്നാല്‍ പിഴ ഈടാക്കും.

റെക്കറിങ് ഡെപ്പോസിറ്റ്

ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന സ്‌കീമാണിത്. യാതൊരുവിധ സേവിങ്സും ഇല്ലാത്തവര്‍ക്ക് തുടക്കമിടാവുന്ന പ്ലാനാണിത്. മാസംതോറും കുറച്ച് പണം മാറ്റിവെച്ച് അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ഒരു നല്ല തുക സമ്പാദിക്കാന്‍ ഇതുവഴി സാധിക്കും.

ഇതില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. റെക്കറിങ് ഡെപ്പോസിറ്റ് സ്‌കീം അഥവാ ആര്‍ഡി നിക്ഷേത്തിന്റെ കാലാവധി 5 വര്‍ഷമാണ്. അത് 10 വര്‍ഷമായി നീട്ടാന്‍ സാധിക്കും. നിലവിലെ കണക്ക് പ്രകാരം നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.7 ശതമാനമാണ്. ഇത് എല്ലാ നിക്ഷേപകര്‍ക്കും ഒരുപോലെ ബാധകമാണ്.

വെറും 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാവുന്ന സ്‌കീമാണിത്. സാമ്പത്തിക ശേഷിക്ക് അനുസരിച്ച് എത്ര രൂപ വരെയും നിക്ഷേപിക്കാം. ഒപ്പം ആകര്‍ഷകമായ പലിശയും ചേരുമ്പോള്‍ പണം എളുപ്പത്തില്‍ വളരും. അക്കൗണ്ട് തുറന്നതിനു ശേഷം ചില കാരണത്താല്‍ ആ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കില്‍ അതിനും സാധിക്കും. അതായത് ഈ സ്‌കീമില്‍ പ്രീമെച്വര്‍ ക്ലോഷര്‍ സൗകര്യം നല്‍കിയിട്ടുണ്ട്.

ഇനി അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികള്‍ വരുമ്പോള്‍ നിക്ഷേപത്തില്‍ നിന്നും ലോണ്‍ സൗകര്യവും ലഭിക്കും. എന്നാല്‍ അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വരെ മാത്രമേ വായ്പയായി എടുക്കാന്‍ സാധിക്കൂ. ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തികള്‍ക്ക് ഈ പദ്ധതിയില്‍ ചേരാം. ഒരു വ്യക്തിയുടെ പേരിലോ സംയുക്തമായോ ഒന്നിലധികം ആര്‍ഡി അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയും. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് 18 വയസ്സ് തികയുമ്പോള്‍, മൈനര്‍ അക്കൗണ്ട് മുതിര്‍ന്നവരുടെ അക്കൗണ്ടാക്കി മാറ്റുന്നതിന് പുതിയ കെവൈസിയും പുതിയ അക്കൗണ്ട് തുറക്കല്‍ ഫോമും സമര്‍പ്പിക്കണം.

ഏറ്റവും മികച്ചത് ഏത്?

വലിയ തുക കൈവശമുള്ളവര്‍ അഞ്ചു വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ് തെരഞ്ഞെടുക്കുന്നതാകും നല്ലത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. കാരണം ഇവിടെ 7.5 ശതമാനം പലിശ കിട്ടും. കൂടാതെ സെക്ഷന്‍ 80സി പ്രകാരമുള്ള നികുതി ഇളവും ലഭിക്കും. ഇത് പണം വേഗത്തില്‍ വളര്‍ത്താന്‍ സഹായിക്കും.

അതേസമയം ഒറ്റയടിക്ക് വലിയ തുക നിക്ഷേപിക്കാന്‍ സാധിക്കാത്തവര്‍ക്ക്, കൃത്യമായ സമ്പാദ്യശീലം വളര്‍ത്തിയെടുക്കാന്‍ റെക്കറിങ് ഡെപ്പോസിറ്റ് സ്‌കീം ആണ് നല്ലത്. ലാഭം അല്ലെങ്കില്‍ റിട്ടേണ്‍ മാത്രം നോക്കുന്നവര്‍ക്ക് 5 വര്‍ഷത്തെ ടിഡി പരിഗണിക്കാവുന്നതാണ്. എന്നാല്‍ ഘട്ടം ഘട്ടമായി സമ്പാദ്യം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആര്‍ഡിയാണ് മികച്ച ഓപ്ഷന്‍.

post office time deposit vs recurring deposit, comparison

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മത്സരിക്കാന്‍ പണം കണ്ടെത്തിയത് ആശിച്ച് വാങ്ങിയ ബിഎംഡബ്ല്യൂ ബൈക്ക് വിറ്റ്; കോടിക്കണക്കിന് രൂപ കിട്ടിയെന്ന് പഴി, ഞാന്‍ ട്വിന്റി 20ല്‍ പെട്ടുപോയി'

'പോസ്റ്റിട്ടത് എന്നെക്കുറിച്ച് പത്ത് പേജ് എഴുതിയ ആള്‍ക്കെതിരെ, സിബി മലയില്‍ എങ്ങനെ വന്നു?'; അപമാനിച്ചിട്ടില്ലെന്ന് പേളി

വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ ധൂപനം, കുടുംബത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കാൻ വീട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ

ഹൈക്കോടതി നിർദേശങ്ങൾ പൂർണ്ണമായും നടപ്പിലാക്കും; ഭണ്ഡാരത്തിനും സ്വർണ്ണത്തിനും പൂർണ്ണ സുരക്ഷിതത്വമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ

രണ്ടു ദിവസത്തിനിടെ 90 പൈസയുടെ മുന്നേറ്റം, കുതിച്ച് രൂപ; എണ്ണവില 87 ഡോളറില്‍, ഓഹരി വിപണിയിലും നേട്ടം